ഓപ്പറേഷന്‍ ഗംഗ: യുക്രെയിനില്‍ നിന്ന് 486 പേരെ കൂടി കേരളത്തില്‍ എത്തിച്ചു, ആകെ എത്തിയത് 2082 പേര്‍
തിരുവനന്തപുരം: യുക്രെയിനില്‍നിന്ന് ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളിലെത്തി 486 മലയാളികളെക്കൂടി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇന്നു കേരളത്തില്‍ എത്തിച്ചു. ഇതോടെ യുക്രെയിനിന്നെത്തിയവരില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്ക് എത്തിച്ചവരുടെ ആകെ എണ്ണം 2082 ആയി.
ഇന്ന് ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് 354 പേരെയും മുംബൈയില്‍നിന്ന് 132 പേരെയുമാണു കേരളത്തിലേക്ക് എത്തിച്ചത്. ഡല്‍ഹിയില്‍നിന്നു മലയാളി വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ കേരളത്തിലേക്കെത്തിക്കാന്‍ കൊച്ചിയിലേക്കു പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നു(06 മാര്‍ച്ച്) പുലര്‍ച്ചെ നാലിനു കൊച്ചിയിലെത്തിയ വിമാനത്തില്‍ 174 പേരും വൈകിട്ട് 6.30ന് എത്തിയ വിമാനത്തില്‍ 180 പേരും ഉണ്ടായിരുന്നു.

മുംബൈയിലെത്തിയ 132 പേരില്‍ 22 പേരെ കോഴിക്കോട് വിമാനത്താവളത്തിലും 21 പേരെ കണ്ണൂരിലും 89 പേരെ കൊച്ചിയിലും എത്തിച്ചു. ഇന്നു രാത്രിയും ഡല്‍ഹിയില്‍നിന്നു ചാര്‍ട്ടേഡ് വിമാനങ്ങള്‍ കൊച്ചിയില്‍ എത്തുന്നുണ്ട്. കൊച്ചിയില്‍ എത്തുന്നവരെ സ്വദേശങ്ങളില്‍ എത്തിക്കാന്‍ വിമാനത്താവളത്തില്‍നിന്നു നോര്‍ക്ക റൂട്‌സിന്റെ നേതൃത്വത്തില്‍ പ്രത്യേക ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരെ സഹായിക്കുന്നതിനു വനിതകള്‍ അടക്കമുള്ള ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. യാത്രക്കാരുടെ സഹായത്തിന് ആറോഗ്യ വകുപ്പിന്റെ പ്രത്യേക ഹെല്‍പ്പ് ഡെസ്‌കും വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്നു .
അതേസമയം , യുക്രൈയിനില്‍ കുടുങ്ങിക്കിടന്ന പകുതിയിലേറെ മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്കു തിരികെ എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു . ഇതുവരെയുള്ള കണക്കുപ്രകാരം രണ്ടായിരത്തിലേറെ മലയാളി വിദ്യാര്‍ഥികള്‍ കേരളത്തില്‍ എത്തിക്കഴിഞ്ഞു. യുക്രെയിനില്‍നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലേക്കു കൊണ്ടുവരുന്ന ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്കു പ്രവേശിക്കുകയാണെന്നാണു ഹംഗറിയിലേയും യുക്രെയിനിലേയും ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ് . ഇതു മുന്‍നിര്‍ത്തി ഇനിയും ആരെങ്കിലും രക്ഷാദൗത്യത്തിന്റെ ഭാഗമാകാന്‍ രജിസ്റ്റര്‍ ചെയ്യാനുണ്ടെങ്കില്‍ ഉടന്‍ അതു പൂര്‍ത്തിയാക്കണമെന്നും എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു .
യുക്രെയിനില്‍ ഇനിയും കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്ക റൂട്‌സ് ഇതിനോടം ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കൈമാറിക്കഴിഞ്ഞു . ഇനിയും ആരെങ്കിലും നോര്‍ക്ക രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനുണ്ടെങ്കില്‍ അടിയന്തരമായി അതു ചെയ്യണം. മലയാളികളുടെ വിവരങ്ങള്‍ കേന്ദ്രത്തിനു കൈമാറുന്നതിലേയ്ക്കാണിത്. ഇതിനു പുറമേ എംബസികള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ സദാ ശ്രദ്ധിക്കുകയും കൃത്യമായി അവ പാലിക്കുകയും ചെയ്യണം . രക്ഷാദൗത്യം അവസാന ഘട്ടത്തിലാണെങ്കിലും മലയാളികളടക്കം നിരവധി പേര്‍ ഇപ്പോഴും യുക്രൈയിനില്‍ കുടുങ്ങിക്കിടക്കുന്നതായാണു റിപ്പോര്‍ട്ടുകള്‍ .
മലയാളികള്‍ ഏറെയുള്ള സുമിയില്‍നിന്നുള്ളവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് അടിയന്തര ശ്രദ്ധ നല്‍കണമെന്നു വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ പേരെയും ഉടന്‍ നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. ഇന്നു വൈകിട്ടു വരെയുള്ള കണക്കു പ്രകാരം, യുക്രെയിനില്‍നിന്നു ഡല്‍ഹിയിലും മുംബൈയിലുമെത്തിയ 2082 മലയാളികളെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട് .
ഇന്നു രാത്രിയും ഡെല്‍ഹിയില്‍നിന്നു കൊച്ചിയിലേക്കു ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി 10 മണിക്ക് പുറപ്പെട്ട വിമാനത്തില്‍ 178 പേരുണ്ടായിരുന്നു . രാത്രി 11 മണിക്കുള്ള വിമാനത്തില്‍ 180 പേര്‍ പുറപ്പെടും. 82 പേര്‍ ഇന്ന് കേരള ഹൗസില്‍ താമസിക്കും .
മുംബൈയില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ നാട്ടിലേക്കുള്ള ടിക്കറ്റ് ലഭ്യതയനുസരിച്ച് അടിയന്തരമായി യാത്രയാക്കാനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഇരു വിമാനത്താവളങ്ങളിലും സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ 24 മണിക്കൂറും ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ട് . ഇത് വരെ 12 എയര്‍ ഏഷ്യ ചാര്‍ട്ടേഡ് വിമാനങ്ങള്‍ കേരളത്തില്‍ എത്തിയിട്ടുണ്ട് .












Click it and Unblock the Notifications