ആരോഗ്യമന്ത്രി രാജി വെച്ച് ഇറങ്ങിപ്പോകണമെന്ന് പ്രതിപക്ഷം, വീണാ ജോർജിന് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞ് വീണ് സ്ത്രീ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. കെട്ടിടം തകര്‍ന്ന് വീണ സ്ഥലത്ത് എത്തിയ വീണാ ജോര്‍ജ് ആളപായം ഇല്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീടാണ് ബിന്ദു എന്ന സ്ത്രീ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി എന്ന വിവരം പുറത്ത് വന്നത്. ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതെ വന്നതോടെ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ആണ് ഉയരുന്നത്.
അതിനിടെ ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തേക്കുളള യാത്രയ്ക്കിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങുന്നതിന് മുന്‍പാണ് ആരോഗ്യവകുപ്പും മന്ത്രിയും വീണ്ടും വിവാദത്തിലായിരിക്കുന്നത്.
ആരോഗ്യവകുപ്പ് പൂര്‍ണപരാജയം ആണെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നത്. കെട്ടിടം തകർന്ന് വീണ സമയത്ത് ആരോഗ്യമന്ത്രിയുടെ ഒറ്റ വാക്കിലാണ് രക്ഷാപ്രവർത്തനം തടസപ്പെട്ടത്. മരണത്തിന്റെ ഉത്തരവാദിത്തം മന്ത്രിമാർക്കാണ്. ആരോഗ്യ മന്ത്രി രാജിവച്ച് ഇറങ്ങിപ്പോകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.

'' സത്യത്തില്‍ ഇതൊരു അപകടമരണമല്ല. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കൊലപാതകമാണ്. കേരളത്തിന്റെ ആരോഗ്യവകുപ്പ് സമ്പൂര്‍ണമായി തകര്‍ന്നിരിക്കുന്നു. ആശുപത്രികളില്‍ അവശ്യമരുന്നുകളില്ലാതെ ആളുകള്‍ മരിക്കുന്നു. ശസ്ത്രക്രിയകള്‍ സമയത്ത് നടത്താന്‍ കഴിയാതെ ആളുകള്‍ മരിക്കുന്നു. ഇപ്പോഴിതാ ആശുപത്രി കെട്ടിടങ്ങള്‍ തകര്‍ന്നു വീണും ആള്‍ക്കാര്‍ മരിക്കുന്നു.
ലോകത്തിന് മാതൃകയായിരുന്ന കേരളത്തിന്റെ പുകള്‍പെറ്റ ആരോഗ്യമേഖലയുടെ ഇന്നത്തെ ചിത്രമാണ് ഇത്. സിസ്റ്റത്തെ പഴിച്ചിരിക്കുന്ന ഒരു മന്ത്രിയാണ് ഇന്ന് ഈ വകുപ്പ് ഭരിക്കുന്നത്. എന്തിനാണ് കേരളത്തിന് ഇങ്ങനൊരു മന്ത്രി. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍, സിസ്റ്റം നന്നാക്കാന്‍ കഴിവില്ലെങ്കില്‍ മന്ത്രി രാജി വെച്ചു പോകണം.
തകര്‍ന്ന കെട്ടിടങ്ങള്‍ മഴക്കാലമെത്തുന്നതിനു മുമ്പ് പൊളിച്ചു മാറ്റുക എന്നത് മിനിമം മര്യാദയാണ്. എന്തിനാണ് ആ കെട്ടിടം നിലനിര്‍ത്തിയിരുന്നത് എന്നതു മനസിലാകുന്നില്ല.
തകര്‍ന്നു വീണ കെട്ടിടത്തില്‍ ആളില്ലെന്നു രണ്ടു മന്ത്രിമാര്‍ - വാസവനും വീണാ ജോര്‍ജും - ഉറപ്പിച്ചു പറഞ്ഞതു കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം ഇത്ര വൈകിയത്. ഒരു പക്ഷേ സമയത്ത് നടന്നിരുന്നെങ്കില്‍ ആ ജീവന്‍ നഷ്ടപ്പെടാതെ രക്ഷിക്കാമായിരുന്നു. നിരുത്തരവാദപരമായി പെരുമാറിയ ഈ രണ്ടു മന്ത്രിമാരും കേരളജനതയോട് മാപ്പ് പറയണം'' രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
ഇത് ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ ആണെന്ന് കോൺഗ്രസ് നേതാവ് വിടി ബൽറാം കുറ്റപ്പെടുത്തി. '' ഈ മരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം സർക്കാരിനും അതിന്റെ സിസ്റ്റത്തിനുമാണ്. ആരോഗ്യമന്ത്രിയടക്കം രണ്ട് മന്ത്രിമാർ സംഭവസ്ഥലത്ത് ഓടിയെത്തിയതാണ്. എന്നിട്ടും അപകടം നടന്ന് ഒന്നര മണിക്കൂർ കഴിഞ്ഞാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് നോക്കാനല്ല, ഒരു കുഴപ്പവുമില്ല എന്ന് വരുത്തിത്തീർത്ത് തങ്ങളുടെ മുഖം രക്ഷിക്കാനായിരുന്നു മന്ത്രിമാർക്ക് വ്യഗ്രത. യഥാർത്ഥത്തിൽ രക്ഷാപ്രവർത്തനത്തെ താളം തെറ്റിച്ചത് മന്ത്രിമാരുടെ ഈ അലസ സമീപനമാണ്. അപകടത്തിൽ കൊല്ലപ്പെട്ട തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ കുടുംബത്തിന്റെ തീരാദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ'', ബൽറാം പ്രതികരിച്ചു.
ഷാഫി പറമ്പിലിന്റെ പ്രതികരണം ഇങ്ങനെ: കടുകമണിയോളമുളള നേട്ടമാണെങ്കിൽ പോലും മേനി നടിക്കാൻ മടിക്കാത്ത മന്ത്രിയും മുഖ്യനും സർക്കാരും, മുടിനാരിഴയുടെ വീഴ്ച്ചയാണെങ്കിൽ പോലും അ മുതൽ ക്ഷ വരെ ഉത്തരവാദിത്തം ഏറ്റെടുക്കില്ല, കെട്ടിടം പൊളിഞ്ഞാലെന്ത് ? ആള് മരിച്ചാലെന്ത്? ജനങ്ങളെ വീഴ്ത്താൻ ഡിസൈൻ ചെയ്ത സ്വന്തം പി ആർ വർക്കിൽ സ്വയം വീണു പോകുന്ന മന്ത്രിയും ഭരണാധികാരികളും കേരളത്തിന് ബാധ്യതയാണ്'' .












Click it and Unblock the Notifications