'നമ്മുടെ തലമുറ പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും ഇനിയും ഏറെ പഠിക്കേണ്ടതുണ്ട്'; മേയർ
തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് കൊലപാതകത്തിൽ പ്രതികരിച്ച് മേയർ ആര്യ രാജേന്ദ്രൻ. ഏറെ ഞെട്ടിക്കുന്നതും ക്രൂരവുമായ കൊലപാതകം നമ്മുടെ പ്രണയ സങ്കൽപ്പങ്ങളെയും പ്രണയത്തിന്റെ വിശാലമായ കാഴ്ചപ്പാടിനെയും ഇല്ലാതാക്കുന്നതാണെന്ന് മേയർ ഫേസ്ബുക്കിൽ കുറിച്ചു. നമ്മുടെ തലമുറ പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും ഇനിയും ഏറെ പഠിക്കേണ്ടതുണ്ടെന്നും പോസ്റ്റിൽ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

' പ്രണയത്തിന്റെ മാനവികതയാകെ നഷ്ടപ്പെടുന്ന വാർത്തകളാണ് തുടർച്ചയായി വന്നു കൊണ്ടിരിക്കുന്നത് അതിൽ അവസാനത്തേതാണ് പാറശ്ശാലയിലെ ഷാരോണിന്റെ മരണം കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്തു നൽകി നടത്തിയ നിഷ്ഠുരമായ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ഏറെ ഞെട്ടിക്കുന്നതും ക്രൂരവുമായ കൊലപാതകം നമ്മുടെ പ്രണയ സങ്കൽപ്പങ്ങളെയും പ്രണയത്തിന്റെ വിശാലമായ കാഴ്ചപ്പാടിനെയും ഇല്ലാതാക്കുന്നതാണ്.
പാനൂരിലെ വിഷ്ണു പ്രിയയെ പ്രണയപ്പകയിൽ അറുത്തു കൊന്നതും ഷാരോണിനെ വിഷം കൊടുത്തു കൊന്നതും പ്രണയമറയിൽ നടത്തിയ ക്രൂരതയാർന്ന കൊലപാതങ്ങൾ ആണ്. നമ്മുടെ തലമുറ പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും ഇനിയും ഏറെ പഠിക്കേണ്ടതുണ്ട്.
ജീവനെടുക്കുന്ന പ്രണയപ്പകകൾ ഇല്ലാത്ത പ്രണയ ലോകങ്ങൾ പിറക്കാനുള്ള സാമൂഹ്യാവബോധം പുതുതലമുറയിൽ ഉണ്ടാക്കാൻ നമുക്ക് ജാഗ്രത കാട്ടാം...', പോസ്റ്റിൽ പറഞ്ഞു.
ഈ മാസം 25 നായിരുന്നു പാറശാല സ്വദേശിയായ ഷാരോൺ മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്. സംഭവത്തിൽ ഞായറാഴ്ചയായിരുന്നു സുഹൃത്തും കാമുകിയുമായ ഗ്രീഷ്മയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാനായാണ് കൊല നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. തുടർന്ന് തിങ്കളാഴ്ച രാവിലെയോടെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.
തുടക്കത്തിലൊന്നും ഗ്രീഷ്മയെ പോലീസ് പോലും സംശയിച്ചിരുന്നില്ല. എന്നാൽ ഗ്രീഷ്മയാണ് മകനെ കൊലപ്പെടുത്തിയതെന്ന നിലപാടിലായിരുന്നു തുടക്കം മുതൽ കുടുംബം. ഗ്രീഷ്മയുടെ വീട്ടിൽ പോയി മടങ്ങിയതിന് പിന്നാലെയാണ് മകൻ അവശനിലയിൽ ആയതെന്ന് കുടുംബം പറഞ്ഞിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഗ്രീഷ്മയാണ് കൊല നടത്തിയതെന്ന് തെളിഞ്ഞത്.
അതേസമയം കൊലപാതകത്തിൽ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും പങ്കുണ്ടെന്ന് ഷാരോണിന്റെ കുടുംബം ആരോപിക്കുന്നുണ്ട്.അമ്മയാണ് കഷായത്തില്‍ വിഷം കലർത്തിയതെന്നും ഇവരേയും പ്രതി ചേർക്കണമെന്നും ഷാരോണിന്റെ അച്ഛൻ ആരോപിച്ചു. അതിനിടെ ഇന്ന് ഗ്രീഷ്മയുടെ മാതാപിതാക്കളേയും അമ്മാവനേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നുവെങ്കിലും മറ്റാരേയും കേസിൽ ഇതുവരെ പ്രതി ചേർത്തിട്ടില്ല.












Click it and Unblock the Notifications