പനയമ്പാടത്ത് ഇന്ന് സംയുക്ത പരിശോധന; മരിച്ച വിദ്യാർത്ഥിനികളുടെ വീട് മന്ത്രി ഗണേഷ് കുമാർ സന്ദർശിക്കും
പാലക്കാട്: ലോറി മറിഞ്ഞ് നാല് വിദ്യാർത്ഥിനികൾ മരിച്ച സംഭവത്തിൽ കല്ലടിക്കോട് പനയമ്പാടത്ത് ഇന്ന് സംയുക്ത സുരക്ഷാ പരിശോധന. പോലീസ്, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ, നാഷണൽ ഹൈവേ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.
മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷത്യതയിൽ ചേർന്ന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മന്ത്രി കെ ബി ഗണേഷ് കുമാർ ഇന്ന് രാവിലെ 11. 30 ന് അപകടസ്ഥലം സന്ദർശിക്കും. മരിച്ച നാല് വിദ്യാർത്ഥിനികളുടെ വീടുകളിലും മന്ത്രി എത്തും. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങൾക്ക് കാരണം എന്ന് ആരോപിച്ച് നാട്ടുകാർ രംഗത്ത് എത്തിയിരുന്നു.

വ്യാഴാഴ്ച വൈകീട്ടാണ് നാല് വിദ്യാർത്ഥിനികളുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. പള്ളിപ്പുറം വീട്ടിൽ അബ്ദുൾ സലാം - ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പേട്ടത്തടി വീട്ടിൽ അബ്ദുൾ റഫീഖ് - ജസീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ, കവുളേങ്ങൽ വീട്ടിൽ അബ്ദുൾ സലിം - നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ, അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീൻ - സജ്ന ദമ്പതികളുടെ മകൾ ആയിൽ എന്നിവരാണ് മരിച്ചത്.
വൈകീട്ട് പരീക്ഷ കഴിഞ്ഞ് എട്ടാം ക്ലാസ് വിദ്യാർത്ഥിനികൾ വീട്ടിലേക്ക് മടങ്ങാൻ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോളായിരുന്നു അപകടംയ നിയന്ത്രണം വിട്ട ലോറി വിദ്യാർത്ഥിനി ഇടിക്കുകയായിരുന്നു. അപകടത്തിൽ പെട്ട സിമന്റ് കയറ്റി വരികയായിരുന്ന ലോറിയിൽ മറ്റൊരു ലോറി ഇടിക്കുകായിരുന്നു. ഇതേ തുടർന്ന് സിമന്റ് കയറ്റി വന്ന ലോറിയുടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു എന്നാണ് ആർ ടി ഒ പറഞ്ഞത്. മറ്റൊരു ലോഖി ഇടിച്ച ശേഷം ബ്രേക്ക് ചവിട്ടി ലോറി നിർത്താൻ ഡ്രൈവർ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പാലക്കാട്ടേക്ക് പോവുകയായിരുന്ന ലോറിയാണ് സിമന്റ് കയറ്റി വരികയായിരുന്ന ലോറിയിൽ ഇടിച്ചത്. സിമന്റ് കയറ്റിയ ലോറിയിൽ ഇടിച്ച് അപകടം ഉണ്ടാക്കിയ ലോറി പോലീസ് കസ്റ്റഡിയിൽ എടുത്തു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന സമാനമായ മൊഴിയാണ് ദൃക്സാക്ഷികളും നൽകിയിരുന്നത്. സൈഡ് കൊടുത്തപ്പോൾ ഇടിച്ചതാണോ എന്ന കാര്യത്തിൽ ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരാനുണ്ട്.












Click it and Unblock the Notifications