സരിനെ പുറത്താക്കി കോണ്‍ഗ്രസ്; കാണിച്ചത് കടുത്ത അച്ചടക്ക ലംഘനം
തിരുവനന്തപുരം: കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായിരുന്ന പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്. പാര്‍ട്ടി അച്ചടക്കം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് സരിന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇന്ന് വാര്‍ത്താസമ്മേളനം നടത്തി ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും എന്നും സരിന്‍ വ്യക്തമാക്കി.
ഇതോടെയാണ് പാര്‍ട്ടിയില്‍ നിന്ന് സരിനെ പുറത്താക്കിയതായി കോണ്‍ഗ്രസ് അറിയിച്ചത്. കെ പി സി സി പ്രസിഡന്റ് കെ സുധാകരനാണ് സരിനെ പുറത്താക്കിയ വിവരം അറിയിച്ചത്. സരിന്‍ നിലപാട് വ്യക്തമാക്കിയ ശേഷം മാത്രമെ നടപടി ഉണ്ടാകൂ എന്ന് നേരത്തെ തന്നെ കെ പി സി സി നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് സരിന്‍ ഉന്നയിച്ചത്.

സതീശന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു എന്നും വടകരയില്‍ ഷാഫി പറമ്പിലിനെ മത്സരിപ്പിച്ചത് പാലക്കാട് ബി ജെ പിക്ക് സൗകര്യമൊരുക്കി കൊടുക്കാനാണ് എന്നും സരിന്‍ ആരോപിച്ചു. ഇനി ഇടത് രാഷ്ട്രീയത്തോടൊപ്പം സഞ്ചരിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും സരിന്‍ വ്യക്തമാക്കി. സരിന്റെ വാര്‍ത്താസമ്മേളനം പൂര്‍ത്തിയാകുന്നതിന് മുന്‍പ് കോണ്‍ഗ്രസ് നടപടി പ്രഖ്യാപിച്ചത് എന്നതും ശ്രദ്ധേയമായി.
കെ പി സി സി ഡിജിറ്റല്‍ മീഡിയ സെല്‍ അടിയന്തരമായി പുനസംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും ആണ് സരിന്‍ നടത്തിയത് എന്നാണ് കോണ്‍ഗ്രസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സരിനെ പുറത്താക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്ന വിവരം ഏവരേയും അറിയിക്കുന്നുവെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം അറിയിച്ചു
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെയാണ് സരിന്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞത്. മണ്ഡലത്തില്‍ നിന്ന് സീറ്റ് സരിന്‍ പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് നിന്ന് മത്സരിച്ച സരിന്‍ പരാജയപ്പെട്ടിരുന്നു. അനില്‍ ആന്റണിക്കു പകരക്കാരനായാണ് സരിന്‍ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറാകുന്നത്.
2019 ല്‍ കോണ്‍ഗ്രസിന്റെ ഗവേഷണ വിഭാഗത്തിലും ഐടി സെല്ലിലും സരിന്‍ പ്രവര്‍ത്തിച്ചിരുന്നു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ സരിന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കിയത്. 2016 ലാണ് സിവില്‍ സര്‍വീസില്‍നിന്ന് രാജി വെക്കുന്നത്.












Click it and Unblock the Notifications