സന്ദീപ് വാര്യരെ സിപിഎമ്മിന് കിട്ടുമെന്നതൊക്കെ പൂതിയാണ്, നടക്കില്ല, സിപിഎം ആരെ കിട്ടിയാലും മതിയെന്ന ഗതികേടിൽ'
പാലക്കാട്: ബിജെപിയെ പ്രതിസന്ധിയിലാക്കി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് സന്ദീപ് വാര്യർ. പാർട്ടിയിൽ താൻ കൊടിയ അപമാനവും അവഗണനയും നേരിട്ടെന്നും നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നുമാണ് സന്ദീപ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് നേതൃത്വത്തെ വെട്ടിലാക്കി സന്ദീപിന്റെ തുറന്നുപറച്ചിൽ. സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെതിരേയും അതിരൂക്ഷമായി സന്ദീപ് പ്രതികരിച്ചു.
പാലക്കാട് ബിജെപി കൺവെൻഷനിൽ വേദിയിൽ ഇരിപ്പിടം ലഭിക്കാത്തതിനെ തുടർന്ന് അദ്ദേഹം നേതൃത്വത്തോട് പിണങ്ങിപ്പോയെന്നായിരുന്നു തുടക്കം വന്ന വാർത്തകൾ. പിന്നാലെ സന്ദീപ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവമല്ലാതായി. ഇതോടെ അദ്ദേഹം നേതൃത്വവുമായി ഇടഞ്ഞെന്നും പാർട്ടി വിട്ടേക്കുമെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തമാകുകയായിരുന്നു. അഭ്യൂഹങ്ങൾ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് സന്ദീപ് ആദ്യം പ്രതികരിച്ചിരുന്നില്ല. താൻ പ്രവർത്തകർക്കൊപ്പം തന്നെ ഉണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതേസമയം സിപിഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളുകയും ചെയ്തു.

തുടർന്നും ബിജെപി പരിപാടികളിലെ അദ്ദേഹത്തിന്റെ അസാന്നിധ്യം ചർച്ചയാകുന്നതിനിടെയാണ് ഇന്ന് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്. 'ഒരു സീറ്റ് കിട്ടാത്തതിന്റെ പേരിൽ പാർട്ടിയിൽ നിന്നും പിണങ്ങിപ്പോകുന്ന ആളല്ല താൻ. ഒരു മനുഷ്യന്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണ്', എന്നണ് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചത്. താൻ നിരന്തരം പാർട്ടിയിൽ അനുഭവിച്ചിട്ടുണ്ട്. തന്റെ അമ്മ മരിച്ചപ്പോൾ പോലും തന്നെയോ കുടുംബത്തെയോ കാണാൻ കൃഷ്ണകുമാർ വന്നിട്ടില്ലെന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇനി പാലക്കാട്ട് തിരഞ്ഞെടുപ്പ് പ്രചരണത്തിന് താൻ ഇല്ലെന്നും സന്ദീപ് വ്യക്തമാക്കി.
അതേസമയം നേതൃത്വത്തിനെതിരെ സന്ദീപ് യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി അദ്ദേഹം രാജിവെയ്ക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. സന്ദീപ് പാർട്ടി വിട്ടാൽ സ്വീകരിക്കാൻ തയ്യാറാണെന്ന് സിപിഎം ഇതിനോടകം തന്നെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. സന്ദീപ് മികച്ച നേതാവാണെന്നും കാര്യങ്ങൾ വ്യക്തമായി സംസാരിക്കുന്നയാളാണെന്നുമാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ പറഞ്ഞത്. ഇതുവരെ അദ്ദേഹം നടത്തിയ വിമർശനങ്ങളൊന്നും കാര്യമാക്കുന്നില്ലെന്നും എകെ ബാലൻ പറയുന്നു.
അതേസമയം ഈ സാഹചര്യത്തിലും സന്ദീപ് വാര്യര്‍ പാർട്ടി വിടുമോ എന്ന ആശങ്കയില്ലെന്ന് പറയുകയാണ് ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷനും മിസോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരന്‍. ആരെക്കിട്ടിയാലും മതിയെന്ന അവസ്ഥയിലേക്ക് പാലക്കാട്ടെ സിപിഎം എത്തിയെന്നും അദ്ദേഹം വിമർശിച്ചു.സന്ദീപ് വാര്യരെ കിട്ടുമെന്ന പൂതിയെല്ലാം സിപിഎം മനസ്സില്‍ വെച്ചാല്‍ മതിയെന്നും കുമ്മനം രാജശേഖരന്‍ വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.
യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുള്ള നേതാവാണ് സന്ദീപ് വാര്യർ. അതുകൊണ്ട് തന്നെ അദ്ദേഹം ഇടയുന്നത് തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് തിരിച്ചടിയായേക്കും. ഈ സാഹചര്യത്തിൽ സന്ദീപിനെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമങ്ങൾ നടത്തുകയാണ് ബി ജെ പി നേതൃത്വം. ആർ എസ് എസ് ഉൾപ്പെടെ സന്ദീപിന് വേണ്ടി രംഗത്തിറങ്ങിക്കഴിഞ്ഞു.












Click it and Unblock the Notifications