പാലക്കാട്ടേക്ക് രാഹുലിന് വഴിയടച്ച് ഡിസിസി; ബല്‍റാമോ സരിനോ വന്നേക്കും; ഷാഫിക്കും വിമര്‍ശനം
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ജില്ലക്ക് പുറത്ത് നിന്നുള്ള നേതാക്കള്‍ വേണ്ടെന്ന് ഡിസിസി യോഗത്തില്‍ അഭിപ്രായം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ശോഭ കെടുത്തുന്നതാകരുത് നിയമസഭാ തിരഞ്ഞടുപ്പെന്നും ഡിസിസി ഭാരവാഹികള്‍യോഗത്തില്‍ ആവശ്യപ്പെട്ടു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരമായിരിക്കും നടക്കുക എന്ന് ഉറപ്പാണ്.
മൂന്ന് മുന്നണികള്‍ക്കും ഒന്ന് പരിശ്രമിച്ചാല്‍ വിജയിച്ച് കയറാന്‍ സാധിക്കുന്ന സാഹചര്യമാണ് പാലക്കാടുള്ളത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരാണ് പാലക്കാട് മണ്ഡലത്തില്‍ തുടക്കം മുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. ഷാഫി പറമ്പില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമ്മതം പ്രകടിപ്പിച്ചത് ചില ഉപാധികള്‍ കൂടി മുന്നോട്ട വെച്ചായിരുന്നു. അതില്‍ പ്രധാനം വടകരയില്‍ ജയിച്ചാല്‍ താന്‍ നിര്‍ദേശിക്കുന്ന ആള്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകണം എന്നായിരുന്നു.

ഇതിന് മുതിര്‍ന്ന നേതാക്കള്‍ വാക്കാല്‍ അംഗീകാരവും നല്‍കിയിരുന്നു. പാലക്കാട്ടേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ വരണം എന്നാണ് ഷാഫിയുടെ ആഗ്രഹം. എന്നാല്‍ അതിന് പ്രാദേശികമായി വലിയ രീതിയില്‍ എതിര്‍പ്പുകള്‍ ഉയരുകയാണ്. ഇന്നലെ ചേര്‍ന്ന ഡിസിസി യോഗത്തില്‍ ഷാഫി പറമ്പിലിനും രാഹുല്‍ മാങ്കൂട്ടത്തിലിനുമെതിരെ പരോക്ഷ വിമര്‍ശനമുണ്ടായിരുന്നു. ചിലര്‍ സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുന്നത് ശരിയായ രീതിയല്ല എന്നതാണ് ഉയരുന്ന വിമര്‍ശനം.
നൂലില്‍ കെട്ടിയിറക്കിയുള്ള സ്ഥാനാര്‍ത്ഥികള്‍ വേണ്ട, ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ വരട്ടെ എന്നാണ് യോഗത്തില്‍ ഉയര്‍ന്ന പ്രധാന ആവശ്യം. ജില്ലയില്‍ നിന്നുള്ള ആളുകള്‍ വന്നാല്‍ മാത്രമെ വിജയിക്കാനാകൂ എന്നും യോഗത്തില്‍ നിരീക്ഷണമുയര്‍ന്നു. ചിലര്‍ നടത്തിയ സന്ദര്‍ശനങ്ങളും യോഗങ്ങളും ശരിയായ രീതിയല്ല എന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഇത് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉദ്ദേശിച്ചുള്ളതാണ് എന്ന് വ്യക്തമാണ്.
കെപിസിസി അംഗങ്ങള്‍ കൂടിയാലോചിച്ച് ഒരു പേര് നല്‍കാനും ആലോചിക്കുന്നുണ്ട്. ഡിസിസി പ്രസിഡന്റ് എ തങ്കപ്പന് വേണ്ടി ഒരു വിഭാഗം രംഗത്തുണ്ട്. വിടി ബല്‍റാം, പി സരിന്‍ എന്നിവര്‍ക്ക് വേണ്ടിയും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ജില്ലയില്‍ നിന്നുള്ള, വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികള്‍ക്കാകണം പരിഗണനയെന്നും പാലക്കാട്ടുകാരെ മത്സരിപ്പിക്കില്ലെന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും യോഗത്തിലെ ഭൂരിഭാഗം പേരും നിലപാടെടുത്തു.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടം നടന്ന മണ്ഡലമാണ് പാലക്കാട്. 2011 മുതല്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച വരുന്ന ഷാഫി പറമ്പിലിന് കനത്ത വെല്ലുവിളിയാണ് മെട്രോമാന്‍ ഇ ശ്രീധരനിലൂടെ ബിജെപി മുന്നോട്ട് വെച്ചത്. അവസാന ലാപ്പില്‍ 3859 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷാഫി, ശ്രീധരനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ഷാഫി പറമ്പിലിന് 54,079 വോട്ട് ലഭിച്ചപ്പോള്‍ ഇ ശ്രീധരന് ലഭിച്ചത് 50,220 വോട്ടുകള്‍.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപി പ്രമോദിന് 36443 വോട്ടാണ് ലഭിച്ചത്. 2016ല്‍ 17483 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ജയിച്ചത്. അന്ന് 57,559 വോട്ടുകള്‍ ഷാഫി പറമ്പില്‍ നേടിയിരുന്നു. 40,076 വോട്ട് നേടി ബി ജെ പിയുടെ ശോഭാ സുരേന്ദ്രന്‍ ആണ് 2016 ല്‍ രണ്ടാമത് എത്തിയത്. സിപിഎമ്മിന്റെ എന്‍ എന്‍ കൃഷ്ണദാസ് 38,675 വോട്ട് നേടിയാണ് അന്ന് മൂന്നാമത് എത്തിയത്.
ഷാഫിയുടെ ജനപ്രീതി കൊണ്ടാണ് 2021 ല്‍ മെട്രോമാനെ മറികടക്കാന്‍ കഴിഞ്ഞത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തില്‍ ഒന്നാമതാണ് പാലക്കാട്. മികച്ച സംഘടനാ അടിത്തറയാണ് ഇതിന് കാരണം. അതിനാല്‍ തന്നെ ഷാഫിയില്ലാത്ത പാലക്കാട് മണ്ഡലം പിടിച്ചെടുക്കാം എന്നാണ് ഉപതിരഞ്ഞെടുപ്പിലെ ബിജെപി പ്രതീക്ഷ. അതേസമയം കഴിഞ്ഞ രണ്ട് തവണയായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നു എന്ന നാണക്കേട് മാറ്റാന്‍ എല്‍ഡിഎഫും കരുതലോടെയാണ് ഇറങ്ങുന്നത്.












Click it and Unblock the Notifications