വിവാദ പത്രപരസ്യം തള്ളി സമസ്ത; തിരഞ്ഞെടുപ്പിന് ശേഷം പരിശോധനയെന്ന് ജില്ലാ ഭരണകൂടം
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന് സുപഭാതം ദിനപത്രത്തില്‍ വന്ന എല്‍ഡിഎഫിന്റെ പരസ്യം തള്ളി സമസ്ത നേതൃത്വം. ഏതെങ്കിലും മുന്നണിയെയോ പാര്‍ട്ടിയെയോ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന പാരമ്പര്യം തങ്ങള്‍ക്കില്ല എന്ന് സമസ്ത വ്യക്തമാക്കി. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെയാണ് വിവാദത്തില്‍ പ്രതികരിച്ചത്.
ഇന്നത്തെ സുപ്രഭാതം പത്രത്തില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. സമസ്തയുടെ മുഖപത്രമാണ് സുപ്രഭാതം. സിറാജ് പത്രത്തിലും ഇതേ പരസ്യം ഇന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇരുപത്രങ്ങളുടേയും പാലക്കാട് എഡിഷനിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരുടെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ മുന്‍നിലപാടുകളെ കുറിച്ചാണ് പരസ്യത്തില്‍ ഉണ്ടായിരുന്നത്.

'ഈ വിഷനാവിനെ സ്വീകരിക്കുകയോ കഷ്ടം' എന്ന തലക്കെട്ടില്‍ സന്ദീപ് വാര്യരുടെ ഫോട്ടോയോട് കൂടിയായിരുന്നു പരസ്യം. പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണദിവസമാണ് ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് ഇരുസുന്നി വിഭാഗങ്ങളുടെയും മുഖപത്രങ്ങളായ പത്രങ്ങളില്‍ പരസ്യം പ്രസിദ്ധീകരിച്ചത് എന്നത് ശ്രദ്ധേയമാണ്. പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ പോലും ഈ പരസ്യം നല്‍കിയിട്ടില്ല.
പാലക്കാട് നിയമസഭ മണ്ഡലത്തില്‍ 20 ശതമാനത്തോളം മുസ്‌ലിം വോട്ടുകളാണ് ഉള്ളത്. ഒറ്റനോട്ടത്തില്‍ പത്രത്തിന്റെ ഉള്ളടക്കമെന്ന് തോന്നിക്കുന്ന വിധമാണ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 'സരിന്‍ തരംഗം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പരസ്യം കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിക്കുന്നതാണ്. അതേസമയം വിവാദ പരസ്യത്തില്‍ ചട്ടലംഘനമുണ്ടായോ എന്ന് തിരഞ്ഞെടുപ്പിന് ശേഷം പരിശോധിക്കും എന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
മീഡിയ മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേര്‍ന്ന് പരസ്യം പരിശോധിക്കും. ആവശ്യമെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കും എന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. അതേസമയം സിറാജ്, സുപ്രഭാതം പത്രങ്ങളുടെ ജില്ലാ മേധാവിമാര്‍ എഡിഎമ്മിന് വിവാദത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. അതിനിടെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്റെ മോഡിഫൈഡ് വേര്‍ഷനാണണ് പത്രപരസ്യം എന്ന് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ എങ്ങനെയാണ് ഇതിന് അനുമതി കൊടുത്തത് എന്നും ബിജെപിയാണ് ഈ പരസ്യം കൊടുത്തതെങ്കില്‍ മനസിലാക്കാമായിരുന്നു എന്നും ഷാഫി പറഞ്ഞു. എന്നാല്‍ നാല് പത്രങ്ങളില്‍ പരസ്യം കൊടുത്തിരുന്നു എന്നും രണ്ട് പത്രങ്ങളിലേത് മാത്രം വിവാദമാകുന്നത് എന്താണെന്ന് അറിയില്ല എന്നും മന്ത്രി എംബി രാജേഷ് പ്രതികരിച്ചു. കോണ്‍ഗ്രസ് പരാജയ ഭീതിയില്‍ വിവാദം ഉണ്ടാക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications