'പാലക്കാട് നിന്നൊരു എംഎൽഎ ഉണ്ടെങ്കിൽ അത് രാഹുലായിരിക്കും, ഭൂരിപക്ഷം 15,000 വരെ'; ഷാഫി പറമ്പിൽ
പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് വടകര എംപിയും കോൺഗ്രസ് നേതാവുമായ ഷാഫി പറമ്പിൽ. പാലക്കാട് നിന്ന് ഒരു എംഎൽഎ നിയമസഭയിലേക്ക് പോവുന്നുണ്ടെങ്കിൽ അത് രാഹുൽ മാങ്കൂട്ടത്തിൽ ആയിരിക്കുമെന്നും അക്കാര്യത്തിൽ യാതൊരു സംശയവും വേണ്ടെന്ന് പറഞ്ഞ ഷാഫി അന്തിമകണക്കുകൾ കിട്ടാൻ കാത്തിരുന്നതിനാലാണ് പ്രതികരണം വൈകിയതെന്നും വ്യക്തമാക്കി.
മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ 12000 മുതൽ 15000 വോട്ടുകളുടെ വരെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ് ഷാഫി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. പോളിംഗ് ശതമാനത്തിൽ വ്യത്യാസം വന്നിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഷാഫി പറയുന്നത്. നഗരപ്രദേശങ്ങളിലാണ് വോട്ടുകൾ കുറഞ്ഞതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസിന്റെ ശക്തി കേന്ദ്രത്തിൽ വോട്ടുകൾ കുറഞ്ഞിട്ടില്ലെന്നും എന്നാൽ ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞുവെന്നും ഷാഫി പറഞ്ഞു. പിരിയാരിയിൽ ഇക്കുറി വോട്ട് കൂടിയെന്നാണ് ഷാഫി പറമ്പിൽ അവകാശപ്പെടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് കണക്കുകൾ ഉൾപ്പെടെ നിരത്തിയായിരുന്നു ഷാഫിയുടെ പ്രസ്‌താവന.
കാൽപാത്തിയിലെ ഒരു ബൂത്തിൽ 72 ബിജെപി പ്രവർത്തകരാണ് വോട്ട് ചെയ്യാതിരുന്നത്. മറ്റ് തിരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ ബിജെപിക്ക് ആശ്വസിക്കാനുള്ള ഒരു കണക്കും ഇതിൽ ഇല്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു. മണ്ഡലത്തിലെ എംഎൽഎ ആയിരുന്ന ഷാഫി വടകരയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
കഴിഞ്ഞ തവണ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച മെട്രോമാൻ ഇ ശ്രീധരനെ അവസാന നിമിഷത്തെ കുതിപ്പിലൂടെയാണ് ഷാഫി പറമ്പിൽ മറികടന്നത്. ഇക്കുറി പക്ഷേ രാഹുൽ മാങ്കൂട്ടത്തിൽ അനായാസ ജയം നേടുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നതെങ്കിലും പോളിംഗ് കുറഞ്ഞതിൽ യുഡിഎഫ് കേന്ദ്രങ്ങൾ കടുത്ത ആശങ്കയിലാണ്.
പാലക്കാട്ടെ വിമതനീക്കം ഉൾപ്പെടെയുള്ള വിഷയങ്ങൾ തിരിച്ചടിക്കുമോ എന്നാണ് കോൺഗ്രസ് ഉറ്റുനോക്കുന്നത്. ഡോ. പി സരിൻ നേതൃത്വവുമായി കലഹിച്ച് ഇടതിനൊപ്പം ചേർന്നതും പാലക്കാട് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതും യുഡിഎഫ് വോട്ടുകളിൽ വിള്ളൽ വീഴ്ത്തുമോ എന്ന ആശങ്കയും അവർക്കുണ്ട്. കൂടാതെ കൊട്ടിഘോഷിച്ച് കൊണ്ട് വന്ന സന്ദീപ് വാര്യറുടെ വരവ് ഏത് രീതിയിൽ ബാധിക്കുമെന്ന ചിന്തയും പാർട്ടിയെ അലട്ടുന്നു.
എന്നാൽ ചിട്ടയായ പ്രവർത്തനവും ഭരണവിരുദ്ധ വികാരവും ജയത്തിലേക്കുള്ള വഴി തുറക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് കേന്ദ്രങ്ങൾ. രാഹുൽ ജയിച്ചാൽ അത് ഇടത് മുന്നണിയുടെ പ്രചാരണങ്ങൾക്ക് ഏൽക്കുന്ന വലിയ തിരിച്ചടിയായി ഉയർത്തി കാട്ടാമെന്നാണ് അവരെ സന്തോഷിപ്പിക്കുന്ന കാര്യം. നവംബർ 23നാണ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.












Click it and Unblock the Notifications