മറ്റൊരു വിവാഹത്തിനായി കഷായത്തില്‍ വിഷം കലര്‍ത്തി കാമുകനെ കൊന്നു; ഷാരോണ്‍ വധക്കേസില്‍ ഇന്ന് വിധി
തിരുവനന്തപുരം: പ്രമാദമായ പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ വിധി ഇന്ന്. കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി കാമുകനായ ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയാണ് ഒന്നാം പ്രതി. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക.
2022 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വര്‍ഷങ്ങളായി ഷാരോണും ഗ്രീഷ്മയും അടുപ്പത്തിലായിരുന്നു. എന്നാല്‍ സൈനികനുമായുള്ള വിവാഹാലോചന വന്നപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ ശ്രമിച്ചു. ഇതിനായി കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കി ഷാരോണിനെ കൊലപ്പെടുത്തി എന്നാണ് കേസ്. നേരത്തെ ജ്യൂസില്‍ പാരസെറ്റാമോള്‍ കലര്‍ത്തി നല്‍കിയും ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ ശ്രമിച്ചിരുന്നു.

എന്നാല്‍ ഇത് വിജയിച്ചില്ല. ഇതിന് ശേഷമാണ് പളുകിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കിയത്. 2022 ഒക്ടോബര്‍ 14 നായിരുന്നു ഇത്. കഷായം കുടിച്ച ശേഷം ദേഹസ്വാസ്ഥ്യമുണ്ടായ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് 11 ദിവസത്തിന് ശേഷം ഷാരോണ്‍ മരണത്തിന് കീഴടങ്ങി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊടുംക്രൂരതയുടെ ചുരുളഴിയുന്നത്.
മജിസ്‌ട്രേറ്റിന് നല്‍കിയ മരണമൊഴിയില്‍ ഗ്രീഷ്മക്കെതിരെ ഷാരോണ്‍ ഒന്നും പറഞ്ഞിരുന്നില്ല. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറന്‍സിക് ഡോക്ടര്‍ കൈമാറിയ ശാസത്രീയ തെളിവുകളാണ് കേസ് അന്വേഷണത്തില്‍ നിര്‍ണായകമായത്. എല്ലാവരേയും തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടാന്‍ ഗ്രീഷ്മ ശ്രമിച്ചിരുന്നെങ്കിലും പൊലീസ് ചോദ്യം ചെയ്യലില്‍ പിടിവീണു.
ഒടുവില്‍ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയും ചെയ്തു. കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റ് ഡൈക്ലോറൈഡ് ആണ് ഗ്രീഷ്മ ഷാരോണിന് കഷായത്തില്‍ കലര്‍ത്തി കൊടുത്തത്. ഇത് ഷാരോണിന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാക്കിയെന്നും ഇതേത്തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്നും ഡോക്ടര്‍ കോടതിക്ക് മുമ്പാകെ മൊഴി നല്‍കിയിരുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കെ ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
ഒരു വര്‍ഷം ജയിലില്‍ കിടന്നതിന് ശേഷമാണ് ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചത്. 2024 ഒക്ടോബര്‍ 15 ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. ഷാരോണിനെ ഒഴിവാക്കാനുള്ള ഗ്രീഷ്മയുടെ ശ്രമങ്ങള്‍ക്ക് അമ്മ സിന്ധു ഒത്താശ ചെയ്തു കൊടുത്തെന്നും കീടനാശിനി ഗ്രീഷ്മയ്ക്ക് വാങ്ങി നല്‍കിയത് നിര്‍മല കുമാരന്‍ നായരാണ് എന്നും പൊലീസ് കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications