പെരിയ കേസില്‍ സിപിഎം ഗൂഢാലോചന നടത്തിയിട്ടില്ല; അപ്പീല്‍ പോകുമെന്ന് എംവി ഗോവിന്ദന്‍
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎമ്മിന് പങ്കില്ല എന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയ സംഭവമല്ല പെരിയ കൊലക്കേസ് എന്ന് ഗോവിന്ദന്‍ പറഞ്ഞു. സിപിഎം ഗൂഢാലോചന നടത്തിയതിന്റെ ഭാഗമായി ഇരട്ടക്കൊലപാതകം നടന്നു എന്ന് വരുത്തി തീര്‍ക്കാനാണ് കേസ് ഏറ്റെടുത്ത സിബിഐ ശ്രമിച്ചത് എന്നും അദ്ദേഹം ആരോപിച്ചു.
'ഗൂഢാലോചനയിലൂടെ കൊലപാതകം നടത്തി എന്നല്ല സിബിഐ കണ്ടെത്തല്‍. അന്വേഷണത്തെ തടസപ്പെടുത്തി എന്നാണ് ശിക്ഷിക്കപ്പെട്ട മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്റെ പേരിലുള്ള കുറ്റം. യഥാര്‍ത്ഥത്തില്‍ അന്വേഷണത്തെ സഹായിക്കുകയാണ് അദ്ദേഹം ചെയ്തത്,' ഗോവിന്ദന്‍ പറഞ്ഞു. രാഷ്ട്രീയമായ ലക്ഷ്യം വെച്ച് പാര്‍ട്ടി പ്രവര്‍ത്തകരേയും നേതാക്കന്മാരേയും ഉള്‍പ്പെടുത്തി എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഈ വിധി അവസാന വാക്കല്ല. ഉയര്‍ന്ന കോടതിയെ സത്യം ബോധ്യപ്പെടുത്താനുള്ള ശ്രമം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎമ്മിനെ രാഷ്ട്രീയ ലക്ഷ്യത്തോടെ കേസിന്റെ ഭാഗമാക്കാനാണ് സിബിഐ ശ്രമിച്ചത് എന്നും ആ നിലപാടിനെ ഫലപ്രദമായി ചെറുക്കും എന്നും ഗോവിന്ദന്‍ വ്യക്തമാക്കി. പൊലീസ് കണ്ടെത്തിയതില്‍ കൂടുതലൊന്നും സിബിഐയും കണ്ടെത്തിയിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാര്‍ട്ടിക്കാരെയും നേതാക്കളെയും വധക്കേസിന്റെ ഭാഗമാക്കാന്‍ മറ്റ് ചില വകുപ്പുകള്‍ സിബിഐ ഉപയോഗിച്ചു എന്നും അദ്ദേഹം ആരോപിച്ചു. പെരിയ കൊലക്കേസില്‍ ഉള്‍പ്പെട്ട സിപിഎമ്മുകാര്‍ക്കെതിരെ അന്ന് തന്നെ പാര്‍ട്ടി നടപടിയെടുത്തിരുന്നു എന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. ഇന്ന് രാവിലെയാണ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കൃപേഷിന്റേയും ശരത്‌ലാലിന്റേയും കൊലപാതക കേസില്‍ വിധി പ്രഖ്യാപിച്ചത്.
പത്ത് പ്രതികള്‍ക്ക് മേല്‍ കൊലപാതകക്കുറ്റമായിരുന്നു അന്വേഷണ സംഘം ചുമത്തിയിരുന്നത്. ഇത് ശരിവെച്ച കോടതി ഇവര്‍ക്ക് ഇരട്ടജീവപര്യന്തമാണ് ശിക്ഷ വിധിച്ചത്. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് കോടതി ഇരട്ടജീവപര്യന്തം ശിക്ഷ ലഭിച്ചത്. കേസില്‍ പ്രതികളായ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ അടക്കം നാല് സിപിഎം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്.
എറണാകുളം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. വിചാരണ നേരിട്ട ആകെ 24 പ്രതികളില്‍ 14 പേര്‍ കുറ്റം കുറ്റം ചെയ്തുവെന്ന് കോടതി കണ്ടെത്തി. ആറ് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ടുനിന്ന വിചാരണയ്ക്കും ശേഷമാണ് പെരിയ കേസിലെ വിധി പ്രഖ്യാപിച്ചത്. 2019 ഫെബ്രുവരി 17 നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്.












Click it and Unblock the Notifications