ഇരട്ടക്കൊല നടത്തിയത് കഞ്ചാവ് ലഹരിയിൽ, കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് പീതാംബരനെന്ന് മൊഴി
കാസര്‍ഗോഡ്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസുകാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ സിപിഎം നേതാവ് പീതാംബരന്‍ കുറ്റസമ്മതം നടത്തിയതായി റിപ്പോര്‍ട്ട്. കഞ്ചാവ് ലഹരിയിലാണ് കൊല നടത്തിയത് എന്നാണ് പീതാംബരന്‍ അടക്കമുളളവരുടെ മൊഴി എന്നാണ് സൂചന.
പ്രതികളെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പാര്‍ട്ടി പറയാതെ പീതാംബരന്‍ കൊല നടത്തില്ല എന്നാണ് കുടുംബം പറയുന്നത്. എന്നാല്‍ പീതാംബരന്റെ മൊഴി കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമാണ് എന്നാണ്.

നേതാവിന് നേരിട്ട് പങ്ക്
സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ പീതാംബരന് കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ട് എന്ന് വ്യക്തമാകുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. പോലീസ് കസ്റ്റഡിയിലുളള രണ്ട് പേര്‍ക്കൊപ്പം പീതാംബരന്‍ നേരിട്ടാണ് കൊലപാതകങ്ങള്‍ നടത്തിയത് എന്നാണ് മൊഴി.

കൊട്ടേഷൻ സംഘമല്ല
ഇതോടെ കൊലയ്ക്ക് പിന്നില്‍ കൊട്ടേഷന്‍ സംഘമല്ല എന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ ഈ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് പീതാംബരന്‍ ആണ് എന്നതടക്കമുളള മൊഴികള്‍ പ്രതികള്‍ നല്‍കിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

വ്യക്തി വൈരാഗ്യം കാരണം
പോലീസ് പിടികൂടിയിരിക്കുന്ന ആറ് പേരും പീതാംബരന്റെ സുഹൃത്തുക്കളാണ്. വടിവാള്‍, ഇരുമ്പ് ദണ്ഡ് എന്നീ ആയുധങ്ങള്‍ ഉപയോഗിച്ചാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. കൊല നടത്താനുളള കാരണം വ്യക്തി വൈരാഗ്യമാണെന്നും പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

പീതാംബരനെ ആക്രമിച്ചു
പെരിയയില്‍ വെച്ച് നേരത്തെ ശരത് ലാലും കൃപേഷും പീതാംബരനെ ആക്രമിച്ചിരുന്നു. അന്നത്തെ ആക്രമണത്തില്‍ പീതാംബരന്റെ കൈ ഒടിഞ്ഞു. ഈ സംഭവത്തില്‍ ശരത് ലാലിന് എതിരെ മാത്രമാണ് പോലീസ് കേസെടുത്തത്. കൃപേഷിനേയും പ്രതി ചേര്‍ക്കണം എന്ന പീതാംബരന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.

പാർട്ടി അവഗണിച്ചു
കൃപേഷ് ആക്രമി സംഘത്തില്‍ ഇല്ലായിരുന്നുവെന്നും ആ സമയം വീട്ടിലായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്. കൃപേഷിനെതിരെ പാര്‍ട്ടിയോടും പീതാംബരന്‍ പരാതി പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും പീതാംബരന് അനുകൂല പ്രതികരണമല്ല ലഭിച്ചത്. ഇതോടെയാണ് കൊല നടത്താന്‍ ആലോചിച്ചത്.

അപമാനവും നിരാശയും
സുഹൃത്തുക്കള്‍ പിന്തുണയ്ക്കാമെന്ന് കൂടി വ്യക്തമാക്കിയതോടെ കൊല നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മൊഴിയില്‍ പറയുന്നു.അപമാനം കൊണ്ട് ഉണ്ടായ നിരാശയാണ് കൊലപാതകത്തിലേക്ക് എത്തിച്ചത് എന്നും കഞ്ചാവ് ലഹരിയില്‍ ആയിരുന്നുവെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications