ഇന്ധനവില വർധനവിൽ സാധാരണക്കാർ നട്ടം തിരിയുമ്പോൾ കഴിഞ്ഞ മൂന്ന് മാസത്തെ സർക്കാർ വരുമാനം 1194.48 കോടി രൂപ
ഇന്ധനവില വർധനവിൽ സാധാരണക്കാർ നട്ടം തിരിയുമ്പോൾ കഴിഞ്ഞ മൂന്ന് മാസത്തെ സർക്കാർ വരുമാനം 1194.48 കോടി
കൊച്ചി: തുടർച്ചയായ ഇന്ധനവില വർധനവിന് ഇപ്പോൾ ഒരു ശമനമുണ്ടെങ്കിലും റെക്കോർഡ് നിരക്കിലാണ് ഇപ്പോഴും രാജ്യത്ത് പെട്രോൾ, ഡീസൽ വിൽപ്പന. പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാന വിലയേക്കാൾ കൂടുതൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നൽകുന്ന നികുതിയാണ് കൂടുതലെന്ന് നമുക്കെല്ലാം അറിയാം. ഒരോ തവണ ഇന്ധനവില വർധിക്കുമ്പോഴും അതിലൊരു പങ്ക് പോകുന്നത് സർക്കാർ ഖജനാവിലേക്കാണ്.

ഇത്തരത്തിൽ ഈ സാമ്പത്തിക വർഷം ആരംഭിച്ച് കഴിഞ്ഞ മൂന്ന് മാസം സംസ്ഥാന സർക്കാരിന്റെ ഇന്ധന നികുതിയിൽ നിന്നുള്ള വരുമാനം ആയിരം കോടി കടന്നിരിക്കുകയാണ്. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ പെട്രോൾ വിൽപ്പനയിലൂടെ 598.70 കോടിയും ഡീസൽ വിൽപ്പനയിലൂടെ 595.78 കോടി രൂപയുമാണ് സംസ്ഥാന സർക്കാരിന് വരുമാനമായി ലഭിച്ചത്. ആകെ 1194.48 കോടി രൂപ.

2016-17 സാമ്പത്തിക വർഷം മുതൽ 2021-22 സാമ്പത്തിക വർഷം വർഷം വരെയുള്ള കണക്ക് പരിശോധിച്ചാൽ ശരാശരി 592.90 കോടി രൂപയാണ് സംസ്ഥാന സർക്കാരിന്റെ പ്രതിമാസ വരുമാനം. ആകെ 63 മാസംകൊണ്ട് ഇന്ധന നികുതിയിലൂടെ 37,353.13 കോടി രൂപ സംസ്ഥാന സർക്കാരിന്റെ ഖജനാവിലേക്ക് എത്തി. ഇതിൽ 19,507.01 കോടി രൂപ ഡീസൽ വിൽപ്പനയിൽ നിന്നും 17,846.12 കോടി പെട്രോൾ വിൽപ്പനയിൽ നിന്നുമാണ്.

അതേസമയം ഒരു ലിറ്റർ പെട്രോളും ഡീസലും വിൽക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ ഖജനാവിലേക്ക് എത്രരൂപ കിട്ടുമെന്ന് വിവരാവകാശ നിയമപ്രകാരം തിരക്കിയ എറണാകുളം സ്വദേശി എം.കെ ഹരിദാസിന് അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർച്ചയായ ഇന്ധനവില വർധനവിലും നികുതി കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറായിരുന്നില്ല. സംസ്ഥാന കുറയ്ക്കണമെന്ന് കേന്ദ്രവും കേന്ദ്രമാണ് കുറയ്ക്കേണ്ടതെന്ന വാദത്തിൽ സംസ്ഥാന സർക്കാരും ഉറച്ചു നിൽക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. തുടർച്ചയായ വർധനവിൽ പുതിയ റെക്കോർഡുകൾ പിന്നിട്ട് പെട്രോൾ രാജ്യത്ത് ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ് വിൽക്കുന്നത്. ഡിസൽ വിലയും പിന്നാലെ തന്നെയുണ്ട്. ചിലയിടങ്ങളിൽ ഡീസലിനും 100 രൂപയ്ക്ക് മുകളിലാണ്. നിലവിലുള്ള വിലയിൽ കഴിഞ്ഞ 14 ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇത്രയും ദിവസം പെട്രോൾ, ഡീസൽ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്.

ജൂലൈ 17ന് ആണ് രാജ്യത്ത് അവസാനമായി പെട്രോൾ വർധിപ്പിച്ചത്. 30 പൈസയായിരുന്നു അന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 103.95 രൂപയാണ് ഇപ്പോഴത്തെ വില. കൊച്ചിയിൽ 102.06 രൂപയും കോഴിക്കോട് 102.26 രൂപയുമാണ് ഇന്നത്തെ പെട്രോള്‍ വില. ജൂലൈ 15നാണ് ഡീസൽ വില അവസാനമായി വർധിപ്പിച്ചത്. തിരുവനന്തപുരത്ത് 96.47 രൂപയും കൊച്ചിയിൽ 94.82 രൂപയുമാണ് ഒരു ലിറ്റർ ഡീസലിന്റെ ഇന്നത്തെ വില. കോഴിക്കോട് ഡീസലിന് 95.10 രൂപയുമാണ്.












Click it and Unblock the Notifications