Get Updates
Get notified of breaking news, exclusive insights, and must-see stories!

'പുരോഹിതന്‍മാര്‍ക്കിടയിലും വിവരദോഷികളുണ്ടാകും'; ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പുരോഹിതരുടെ ഇടയിലും വിവരദോഷികള്‍ ഉണ്ടാകും എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംസ്ഥാന സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നാണ് ചിലര്‍ ആഗ്രഹിക്കുന്നത്. പ്രളയമാണ് സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ കയറ്റിയത് എന്നാണ് ഒരു പുരോഹിതന്‍ പറയുന്നത്. പുരോഹിതരുടെ ഇടയിലും വിവരദോഷികള്‍ ഉണ്ടാകും എന്നാണ് ആ വാചകത്തിലൂടെ വ്യക്തമാകുന്നത്,' എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തില്‍ ഇടതുപക്ഷത്തിനുണ്ടായ തകര്‍ച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് ഭരണവിരുദ്ധവികാരമാണെന്നായിരുന്നു ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞത്.

2024 LOKSABHA ELECTION

ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങള്‍ നല്‍കുന്ന തുടര്‍ച്ചയായ ആഘാത ചികിത്സയില്‍ നിന്ന് പാഠം പഠിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരും. രണ്ടാം പിണറായി സര്‍ക്കാരിന് നിലവാര തകര്‍ച്ചയാണ് എന്നും എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

'എസ്എഫ്‌ഐയുടെ അക്രമാസക്ത രാഷ്ട്രീയം, വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത, മത-സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങള്‍, തെറ്റായ സാമ്പത്തിക നയം, മാധ്യമ വേട്ട, ധൂര്‍ത്ത്, സഹകരണ ബാങ്ക് അഴിമതി, തെറ്റായ പൊലീസ് നയം തുടങ്ങിയ നിരവധി കാരണങ്ങളാണ് ഈ തോല്‍വിക്ക് കാരണം. ഭൂരിപക്ഷ മന്ത്രിമാരുടെയും പ്രകടനം ദയനീയമായിരുന്നു. ധാര്‍ഷ്ട്യവും ധൂര്‍ത്തും തുടര്‍ന്നാല്‍ ഇതിലും വലിയ തിരിച്ചടി ഉണ്ടാകും,' അദ്ദേഹം പറഞ്ഞു.

ഇതിനെതിരെയാണ് മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനം നടത്തിയത്. അതേസമയം 600 വാഗ്ദാനങ്ങളില്‍ ചിലത് ഒഴിച്ച് മറ്റെല്ലാം കഴിഞ്ഞ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ചരിത്രം തിരുത്തി ജനം പിന്നെയും എല്‍ഡിഎഫിനെ തിരഞ്ഞെടുത്തു. ദുരന്ത ഘട്ടങ്ങളില്‍ ലഭിക്കേണ്ട കേന്ദ്ര സഹായം കേരളത്തിന് ലഭിച്ചില്ല എന്നും സഹായിക്കാന്‍ ബാധ്യസ്ഥരായവര്‍ നിഷേധാത്മകമായി പെരുമാറി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'നമ്മളെ സഹായിക്കാത്തവരുടെ മുന്നില്‍ നമ്മള്‍ എല്ലാവരും ചേര്‍ന്നാണ് അതിജീവിച്ച് കാണിച്ച് കൊടുത്തത്. അര്‍ഹതപ്പെട്ടത് പോലും കേന്ദ്രം തരുന്നില്ല. സുപ്രീംകോടതി ഇടപെട്ടതോടെയാണ് കേന്ദ്രം വാശി തിരുത്തിയത്. സാധാരണ ഒരു സര്‍ക്കാരും അനുഭവിക്കേണ്ടി വരാത്ത കാര്യങ്ങളാണ് ഇതൊക്കെ. കേരളത്തെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണ്,' പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക പ്രതിസന്ധി കാരണം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ നല്‍കാനായിട്ടില്ല എന്നും എല്ലാകാലത്തും ആ പ്രതിസന്ധി അവര്‍ അനുഭവിക്കേണ്ടി വരില്ല എന്നും അദ്ദേഹം പറഞ്ഞു. ഒരു കാര്യവും കേരളത്തില്‍ നടത്തില്ലെന്ന് വാശിയുള്ളവരാണ് സാമൂഹ്യ സുരക്ഷാ ക്ഷേമ പെന്‍ഷനെ ലക്ഷ്യമിട്ടത് എന്നനും സാമൂഹ്യ സുരക്ഷാ പെന്‍ഷന് വേണ്ടി എടുത്ത വായ്പ പൊതുകടത്തില്‍പ്പെടുത്തിയതിനാലാണ് കുറച്ച് മാസം പെന്‍ഷന്‍ വിതരണം മുടങ്ങിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതി ഇടപെട്ടതോടെ അത് പരിഹരിച്ചു എന്നും ഇപ്പോള്‍ കൃത്യമായി പെന്‍ഷന്‍ നല്‍കുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കുടിശ്ശികയും അതിവേഗം കൊടുത്ത് തീര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കാരണം മഴക്കാല പൂര്‍വ ശുചീകരണ യോഗം പോലും നടത്താനായില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അവിടുത്തെ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാകണം എന്നും അത്തരം പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനം സര്‍ക്കാരിനൊപ്പവും സര്‍ക്കാര്‍ ജനത്തിനൊപ്പവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+