ഗവര്‍ണറുടെത് രാഷ്ട്രീയ കളിയെന്ന് മുഖ്യമന്ത്രി; മന്ത്രിസഭായോഗത്തില്‍ ഗവര്‍ണര്‍ക്ക് വിമര്‍ശനം
തിരുവനന്തപുരം: കണ്ണൂര്‍ വിസി ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് വെല്ലുവളി നടത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മന്ത്രിസഭാ യോഗത്തില്‍ വിമര്‍ശനം. ഗവര്‍ണറുടെ നടപടി പരിധി വിട്ടെന്നും സര്‍ക്കാരിനെ ധിക്കരിക്കലാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഗവര്‍ണറുടെ പ്രതികരണം രാഷ്ട്രീയപ്രേരിതമാണെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി.
ഗവര്‍ണറുടെ കത്തും അനുബന്ധ സംഭവങ്ങളും മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗത്തില്‍ വിശദീകരിച്ചത്. സര്‍വകലാശാലകളിലെ വിസി നിയമനങ്ങള്‍ സുതാര്യമാണ്. മാനദണ്ഡങ്ങള്‍ പാലിച്ചാണ് കണ്ണൂര്‍ വിസിയെ നിയമിച്ചത്. നിയമനങ്ങളില്‍ സര്‍ക്കാര്‍ അമിതമായി ഇടപെട്ടിട്ടില്ല. ഗവര്‍ണറുടെ നിലപാടില്‍ രാഷ്ട്രീയം ഉണ്ടെന്നും ഇപ്പോള്‍ നടക്കുന്നത് അനാവശ്യ വിവാദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കൂനൂരില്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ജൂനിയര്‍ വാറണ്ട് ഓഫിസര്‍ എ പ്രദീപിന്റെ കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രദീപിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും. കൂടാതെ ധനസഹായമായി അഞ്ചുലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പ്രദീപിന്റെ പിതാവിന്റെ ചികിത്സയ്ക്കായി മൂന്നുലക്ഷം രൂപയും നല്‍കും. കുടുംബത്തിന്റെ ഏക വരുമാനദായകനായിരുന്നു പ്രദീപ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പിതാവിന്റെ ജീവിതം. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് ഭാര്യ ശ്രീലക്ഷ്മിക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള ജോലി നല്‍കാനും സര്‍ക്കാരിന്റെ സൈനിക ക്ഷേമ നിധിയില്‍ നിന്ന് അഞ്ചുലക്ഷം രൂപ നല്‍കാനും തീരുമാനിച്ചതെന്ന് മന്ത്രി കെ.രാജന്‍ അറിയിച്ചു.
മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ലക്ഷ്യംവച്ചുള്ള പുനര്‍ഗേഹം പദ്ധതിയിലെ ഗുണഭോക്താക്കളുടെ പേരില്‍ വീടും വസ്തുവും ഉള്‍പ്പെടെയോ അല്ലെങ്കില്‍ വസ്തുവിന്റെ മാത്രമോ രജിസ്ട്രേഷന് ആവശ്യമായി വരുന്ന മുദ്രവിലയും രജിസ്ട്രേഷന്‍ ഫീസും ഇളവ് ചെയ്യാന്‍ മന്ത്രി സഭ തീരുമാനിച്ചു. കൊവിഡ് മൂലം മരിച്ച റേഷന്‍ വ്യാപാരികളുടെ അനന്തരാവകാശികളെ റേഷന്‍ കടയുടെ ഉടമസ്ഥാവകാശം നല്‍കുന്നതിന് ഇതുസംബന്ധിച്ച വ്യവസ്ഥയില്‍ ഇളവ് നല്‍കാനും തീരുമാനമായി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സംഭരണങ്ങളില്‍ സംസ്ഥാന, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. ഇതനുസരിച്ച് എംഎസ്എംഇ, പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന 50 ശതമാനം ഓര്‍ഡറില്‍ പകുതിയെങ്കിലും ഇത്തരം സ്ഥാപനങ്ങള്‍ക്കായി മാറ്റിവയ്ക്കും.
അതേസമയം, വിസി നിയമന വിവാദത്തില്‍ വ്യക്തമായ മറുപടി തരാതെ മന്ത്രി ആര്‍ ബിന്ദു ഒഴിഞ്ഞുമാറി. കണ്ണൂര്‍ വിസിയുടെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞ മന്ത്രി ഗവര്‍ണര്‍ക്ക് എഴുതിയ കത്ത് സംബന്ധിച്ച് പൊതു ഇടങ്ങളില്‍ ചര്‍ച്ച ചെയ്യുന്നത് ശരിയല്ലെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. കത്ത് പുറത്തുവിടുന്നത് മാന്യതയല്ല. മാധ്യമങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. മാധ്യമ വിചാരണ വേണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications