ഒരവസരം തന്നാല്‍ എന്തും പറയുമോ? ഷിബു ചക്രവര്‍ത്തിയുടെ ചോദ്യത്തിനോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി
തൃശൂര്‍: സാംസ്‌കാരിക മുഖാമുഖത്തില്‍ രോഷപ്രകടനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കെആര്‍ നാരായണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ കുറിച്ച് ഷിബു ചക്രവര്‍ത്തി ഉന്നയിച്ച ചോദ്യമാണ് മുഖ്യമന്ത്രിയെ രോഷാകുലനാക്കിയത്. അഭിപ്രായം പറയാന്‍ അവസരം തന്നാല്‍ എന്തും പറയാമോ എന്നായിരുന്നു മുഖ്യമന്ത്രി ദേഷ്യത്തോടെ ചോദിച്ചത്.
നമുക്കൊരു കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുണ്ട്, ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പോലും, തുടങ്ങിയിട്ട് പത്ത് വര്‍ഷമായി, കുട്ടികളാണെങ്കില്‍ ഓടിക്കളിക്കേണ്ട പ്രായമായി. പക്ഷേ കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓടുന്നില്ല. ഇതിങ്ങനെ മതിയോ ന്നൊയിരുന്നു ഷിബു ചക്രവര്‍ത്തിയുടെ ചോദ്യം. ഇതിനുള്ള മറുപടിയാണ് മുഖ്യമന്ത്രി രോഷത്തോടെ നല്‍കിയത്.

അഭിപ്രായം പറയാന്‍ അവസരം കിട്ടിയെന്ന് കരുതി ഒരു സ്ഥാപനത്തെ ആക്ഷേപിക്കുന്ന തരത്തില്‍ പറയരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇന്‍സ്റ്റിറ്റ്യൂട്ടിന് ചില പോരായ്മകളുണ്ട്. എന്നാല്‍ അതിനെ ഇകഴ്ത്തിക്കാട്ടരുതെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ഒരു സ്ഥാപനത്തെ ഇങ്ങനെയാണോ സമീപിക്കേണ്ടത്. അവിടെ കുട്ടികളെ അയക്കാന്‍ പാടില്ലെന്ന സന്ദേശമാണ് നിങ്ങള്‍ നല്‍കാന്‍ ശ്രമിച്ചത്.
ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണത്. എന്ത് വീഴ്ച്ചയാണ് അതിനെ കുറിച്ച് പറയാനുള്ളത്. ഒരു സ്ഥാപനത്തെ ആകെ ആക്ഷേപിക്കുന്ന തരത്തില്‍ അഭിപ്രായങ്ങള്‍ പറയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഏറ്റവും നല്ല കരങ്ങളില്‍ തന്നെയാണ് ഉള്ളതെന്നും, മികച്ച നിലയില്‍ തന്നെ അത് മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നേരത്തെ മുഖാമുഖം പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതും വലിയ വാര്‍ത്തയായിരുന്നു. ലുലു കണ്‍വെന്‍ഷന്‍ സെന്ററിലാണ് മുഖ്യമന്ത്രിയും കലാ സാംസ്‌കാരിക പ്രവര്‍ത്തകരും തമ്മിലുള്ള മുഖാമുഖം നടക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പുറത്തുപോകണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.
അറിയിപ്പ് കേള്‍ക്കാത്തവര്‍ക്കായി വാടസ്ആപ്പിലൂടെയും ഔദ്യോഗികമായി പുറത്തുപോവണമെന്ന് അഭ്യര്‍ത്ഥിച്ചു. കണ്ണൂരില്‍ ദളിത്, ആദിവാസി, പ്രതിനിധികളുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ നിന്നും സമാനമായ രീതിയില്‍ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയിരുന്നു.












Click it and Unblock the Notifications