Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജനാധിപത്യത്തിനെതിരെ സംഘപരിവാറിന്റെ ഹിംസാത്മകമായ കടന്നാക്രമണം', രാഹുലിനെ പിന്തുണച്ച് പിണറായി

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കപ്പെട്ടതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി ഭരണഘടനാ മൂല്യങ്ങള്‍ക്ക് എന്ത് വിലയാണ് നല്‍കുന്നത് എന്ന് പിണറായി വിജയന്‍ ചോദിച്ചു. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയത് ജനാധിപത്യത്തിന് മേലുളള സംഘപരിവാറിന്റെ കടന്നാക്രമണത്തിന്റെ ഭാഗമാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്: 'ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അദ്ധ്യായമാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവം. രാഹുൽ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ കേസ് നൽകിയതും കോടതി വിധി മുൻനിർത്തി ലോക്സഭാംഗത്വത്തിനു അയോഗ്യത കല്പിച്ചതും. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമർച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണ്.

rahul and pinarayi

പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തിൽ ആക്രമിക്കുന്നത്. സ്വാഭിപ്രായം തുറന്നു പറയുന്ന സാധാരണ ജനങ്ങൾക്ക് ഇവിടെ എന്ത് രക്ഷ? ഭരണഘടനാ മൂല്യങ്ങൾക്ക് ഇവർ എന്ത് വിലയാണ് നൽകുന്നത്? ബിജെപി ഇതര സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് നടത്തുന്ന രാഷ്‌ട്രീയ ഇടപെടലുകളിലും മനീഷ് സിസോദിയ, രാഹുൽ ​ഗാന്ധി എന്നിവർക്കെതിരായ കേസുകളിലും പ്രതികരിച്ച പ്രതിപക്ഷ എം പിമാരെ ഡൽഹിയിൽ അറസ്റ്റ് ചെയ്തതും ഇതിന്റെ മറ്റൊരു ഭാഗമാണ്.

കേന്ദ്ര സർക്കാരിനെതിരെ പോസ്‌റ്റർ പതിച്ചതിന്റെ പേരിൽ ഡൽഹിയിൽ കൂട്ടത്തോടെ കേസെടുക്കുകയും അറസ്റ്റ് നടത്തുകയും ചെയ്തു. ഇതൊന്നും ജനാധിപത്യ സമൂഹത്തിനും നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങൾക്കും നിരക്കുന്ന നടപടികളല്ല. വിമർശനങ്ങളോടുള്ള അതിരുവിട്ട അസഹിഷ്ണുത നമ്മുടെ ജനാധിപത്യത്തെ അപകടപ്പെടുത്തുകയാണ്. രാഹുൽ ഗാന്ധിക്കെതിരെ ഉണ്ടായ നടപടിയെ ഈ തിരിച്ചറിവിന്റെ വെളിച്ചത്തിൽ നോക്കിക്കാണാനും ശക്തമായി പ്രതികരിക്കാനും ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം മുന്നോട്ടു വരണം'.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്: 'രാഹുല്‍ ഗാന്ധിയോട് ചെയ്തത് പോലെ പ്രതിപക്ഷത്തെ നേതാക്കളെ മാനനഷ്ടക്കേസ് ഉപയോഗിച്ച് ലക്ഷ്യം വെയ്ക്കുകയും അയോഗ്യരാക്കുകയും ചെയ്യുന്ന നടപടി അപലപനീയമാണ്. പ്രതിപക്ഷത്തിന് എതിരെ ഇഡിയേയും സിബിഐയേയും ഉപയോഗിക്കുന്നതിനേക്കാള്‍ മാരകമാണിത്. ഇത്തരം ഏകാധിപത്യ ആക്രമണങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കണം' എന്ന് യെച്ചൂരി പ്രതികരിച്ചു.

മന്ത്രി പി രാജീവിന്റെ പ്രതികരണം: ' പ്രധാനമന്ത്രിയെ വിമർശിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിന്റെ പേരിൽ പാർലമെന്റ് അംഗം ശ്രീ. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുന്നതിനായുള്ള തിടുക്കപ്പെട്ടുള്ള ശ്രമമാണ് ബിജെപിയും കേന്ദ്രസർക്കാരും നടത്തുന്നത്. അപ്പീൽ പോകാൻ പോലുമുള്ള സമയം നൽകാതെയാണ് കീഴ്ക്കോടതി വിധി വന്ന് 24 മണിക്കൂറിനകം ഇത്തരമൊരു ഉത്തരവ് ലോക്സഭാ സെക്രട്ടേറിയറ്റിന്റേതായി വന്നിരിക്കുന്നത്.

എത്ര മുതിർന്ന നേതാവായാലും തങ്ങൾക്കെതിരെ പ്രതികരിച്ചാൽ എന്തുമാകാം എന്ന ഹുങ്ക് ബിജെപിക്കുണ്ടായത് ഇത്രയും കാലത്തെ ജനദ്രോഹ നയങ്ങൾക്കെതിരെ തലോടിപ്രതിഷേധിച്ച കോൺഗ്രസിന്റെ മൃദുസമീപനം കൊണ്ടുകൂടിയാണ്. ഈ നിലപാടുകളോടുള്ള രാഷ്ട്രീയ വിയോജിപ്പ് നിലനിർത്തിക്കൊണ്ടുതന്നെ രാഹുൽഗാന്ധിക്കെതിരായ ലോക്സഭാ സെക്രട്ടേറിയറ്റിന്റെ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തുന്നു. ജനാധിപത്യത്തിനോട് കൂറോ പ്രതിപക്ഷത്തിനോട് ബഹുമാനമോ ഇല്ലാതെയുള്ള കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾക്കെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണം'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+