രാഷ്ട്രീയ മാന്ത്രിക വടി കിട്ടിയ ആദ്യത്തെയും അവസാനത്തേയും നേതാവ്; സിഎച്ചിനെ സ്മരിച്ച് പികെ ഫിറോസ്
കോഴിക്കോട്: മുന്‍ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയുടെ വിയോഗദിന വാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. കേരളത്തിലെ ഒരു നേതാവിനും കിട്ടാത്ത മാന്ത്രിക വടി ആദ്യമായും അവസാനമായും കിട്ടിയത് സിഎച്ചിന് മാത്രമാണ് എന്ന് അദ്ദേഹം പറയുന്നു. പാവപ്പെട്ടവരെയും വരുംതലമുറയെയും കണ്ടാണ് സിഎച്ച് ഓരോ പദ്ധതിക്കും ജീവന്‍ നല്‍കിയത് എന്നും ഫിറോസ് ചൂണ്ടിക്കാട്ടി.
മതേതര വാദി എന്ന വിശേഷണം അക്ഷരാര്‍ഥത്തില്‍ ചേരുക സിഎച്ച് മുഹമ്മദ് കോയക്കാണ് എന്ന് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ പറഞ്ഞ കാര്യവും ഫിറോസ് അനുസ്മരിച്ചു. 1927 ജൂലൈ 15ന് അത്തോളിയിലാണ് സിഎച്ചിന്റെ ജനനം. 56ാം വയസില്‍ 1983 സെപ്തംബര്‍ 28ന് അന്തരിച്ചു. ഇതിനകം അദ്ദേഹം വഹിച്ച പദവികള്‍ ഒരു നേതാവിനും എത്തിപ്പിടിക്കാന്‍ പറ്റാത്തതായിരുന്നു...

പികെ ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: 56 ആം വയസ്സിലാണ് സി.എച്ചിന്റെ വിയോഗമുണ്ടാവുന്നത്. മറ്റൊരു രാഷ്ട്രീയ നേതാവിനും എത്തിപ്പിടിക്കാന്‍ കഴിയാത്ത വിധം മുനിസിപ്പല്‍ കൗണ്‍സിലര്‍ സ്ഥാനം തൊട്ട് പാര്‍ലിമെന്റ് അംഗം മുതല്‍ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം വരെ അദ്ദേഹം ഈ ചുരുങ്ങിയ പ്രായത്തിനിടയില്‍ അലങ്കരിച്ചു. ഇതിനിടെ സ്പീക്കര്‍, ഉപമുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ധനകാര്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, എല്ലാറ്റിലുമുപരി അദ്ദേഹം ഏറെയിഷ്ടപ്പെട്ട ചന്ദ്രികയുടെ പത്രാധിപസ്ഥാനം എല്ലാം കൈകാര്യം ചെയ്തു.
കേരളത്തിലെ ഏതു നേതാവിനും ഇന്നേവരെ കിട്ടിയിട്ടില്ലാത്ത രാഷ്ട്രീയ മാന്ത്രികവടി ആദ്യമായും അവസാനമായും കിട്ടിയത് പലയര്‍ഥത്തിലും സി.എച്ചിന് മാത്രമാണ്. എല്ലാ രാഷ്ട്രീയ നേതാക്കളില്‍ നിന്നും സി.എച്ചിനെ വ്യതിരിക്തനാക്കുന്നത് അദ്ദേഹം ഓരോ പദ്ധതിക്ക് ജീവന്‍ നല്‍കാന്‍ ശ്രമിക്കുമ്പോഴും മനസ്സില്‍ കരുതിയിരുന്നത് അക്കാലത്തെ പാവങ്ങളെയും ഈ പദ്ധതിയുടെ ഗുണഭോക്താക്കളായ പില്‍കാലത്ത് വരാനിരിക്കുന്ന തലമുറയെയുമാണ്. മുസ്ലിം സമുദായത്തിന്റെ സാമൂഹിക വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ചരിത്രം വായിക്കുമ്പോഴേക്കും സി.എച്ചിന്റെ പേര് താനേ വരുന്നത് ഈ ദീര്‍ഘവീക്ഷണം കൊണ്ടാണ്.
പലരും വിമര്‍ശനങ്ങളുടെയും ഉപദേശങ്ങളുടേയും വരികള്‍ക്കിടയില്‍ അമര്‍ന്നു കിടന്നപ്പോള്‍ സിഎച്ച് ഒരേസമയം എഴുത്തും വായനയുമായും അതുപോലെ സാധാരണക്കാരുടെ ഇടയിലും ബഹുജോറായി തന്നെ പാറി നടന്നു. മുള്ളാണി മൂര്‍ച്ചപോലുമില്ലാത്ത എതിരാളികളുടെ വിമര്‍ശനങ്ങള്‍ക്ക് ചാട്ടുളിയേക്കാള്‍ പ്രഹരമുള്ള സിഎച്ചിന്റെ മറുപടികളേറ്റ് പുളഞ്ഞവരില്‍ സാക്ഷാല്‍ ഇ.എം.എസ് പോലുമുണ്ട്.
ഒളിയും മറയുമില്ലാതെ സമുദായ ബോധത്തെയും ദേശ നിര്‍മ്മിതിയെയും കുറിച്ച് വിവാദങ്ങള്‍ക്ക് അവസരം നല്‍കാതെ സംസാരിച്ചിരുന്ന സി.എച്ചിനെ കുറിച്ച് മുന്‍ മുഖ്യമന്ത്രി കരുണാകരന്‍ പറഞ്ഞത് 'ഒരുപാട് ആളുകളെ കുറിച്ച് അവര്‍ തികഞ്ഞ മതേതര വാദിയാണെന്ന് ആലങ്കാരികമായി നമ്മള്‍ ഉപചാരപൂര്‍വ്വം ഒരു തീര്‍പ്പിന് വേണ്ടി പറയാറുണ്ട്. പക്ഷേ, അക്ഷരാര്‍ഥത്തില്‍ അതര്‍ഹിക്കുന്ന ഒരാളെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ, അത് സി.എച്ചാണ്.
അദ്ദേഹത്തെ ജീവിതത്തില്‍ ഒരുതവണ കണ്ടിട്ടില്ലെന്നത് പോയിട്ട് ആ കാലത്ത് ജനിച്ചിട്ട് പോലുമില്ലാത്ത ഒരുജനത ഇന്നലെ അസ്തമിച്ച സൂര്യനെ കണ്ടപോലെ ആ വിസ്മയത്തെ ഓര്‍ക്കുമ്പോള്‍ തന്നെ സി.എച്ചിന്റെ മാഹാത്മ്യം മനസ്സിലാവും.!












Click it and Unblock the Notifications