അമാനവ, ആക്രി, അനാക്രി അത്ഭുത ജീവികൾ... കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെ ട്രോളി പിഎം മനോജ്
കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തിന് ദിവസവുമെന്നോണം പിന്തുണ ഏറിവരികയാണ്. ബദല്‍ മാര്‍ഗം ഉണ്ടായിട്ടും വയല്‍ നികത്തി ദേശീയ പാത നിര്‍മ്മിക്കണമെന്ന സിപിഎമ്മിന്‍റെ ദുര്‍വാശിയാണ് വയല്‍ക്കിളികള്‍ക്ക് പിന്തുണ ഏറി വരുന്നന്നതിന് പിന്നില്‍. അതേസമയം കീഴാറ്റൂരിലേത് പോലൊരു സമരത്തെ കൂട്ടുപിടിച്ചാല്‍ ഉണ്ടാകുന്ന രാഷ്ട്രീയ ലാഭം മുന്നില്‍ കണ്ട് കോണ്‍ഗ്രസും ബിജെപിയും കാണിക്കുന്ന 'അമിത പരിസ്ഥിതി' സ്നേഹവും കാണാതിരിക്കാനാവില്ല.
തങ്ങള്‍ സമരക്കാര്‍ക്ക് ഒപ്പമാണെന്ന് വരുത്തി തീര്‍ക്കാനുള്ള കൊണ്ടുപിടിച്ചുള്ള ശ്രമങ്ങള്‍ ഇക്കൂട്ടര്‍ നടത്തുന്നുണ്ട്. നന്ദിഗ്രാമിലെ കര്‍ഷകരെ വരെ അണിനിരത്തി സംസ്ഥാന സര്‍ക്കാരിനെതിരെ ലോങ്ങ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നാണ് ബിജെപിക്കാര്‍ പറയുന്നത്. അതേസമയം വയല്‍ക്കിളി സമരത്തില്‍ ഇതുവരെ ഒരു ഐക്യപ്പെട്ട നിലപാട് അറിയിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലതാനും. സമരത്തെ ഹൈജാക്ക് ചെയ്യാനുള്ള രാഷ്ട്രീയക്കാരുടെ നീക്കത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദേശാഭിമാനി റസിഡന്‍റ് എഡിറ്റര്‍ പിഎം മനോജ്. പിഎം മനോജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

അമാനവ, ആക്രി, അനാക്രി അത്ഭുത ജീവികൾ
വിഎം സുധീരൻ, സുരേഷ് ഗോപി, ഗോപാലകൃഷ്ണൻ...... അമാനവ, ആക്രി, അനാക്രി അത്ഭുത ജീവികൾ.... നീലകണ്ഠൻ, ഹരീഷ് വാസുദേവൻ.... സുഡാപ്പി,ലീഗ്.... കീഴാറ്റൂരിൽ ഇന്ന് കണ്ട മഹാസഖ്യം കേരളത്തിന്റെ പരിസ്ഥിതി സംരക്ഷിക്കാൻ ആണെങ്കിൽ മഹാസംഭവം തന്നെ. പരിസ്ഥിതി വാദികളിൽ പ്രധാന രാഷ്ട്രീയ പാർട്ടികളും സത്യത്തിൽ ഉണ്ട് എന്നാണ് കരുതേണ്ടത്. കീഴാറ്റൂർ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ അവർ വിവരിക്കേണ്ടതും വ്യക്തമാക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. ഒന്ന്: കേരളത്തിൽ ഇനിയൊരു വയലും ഒരു നിലവും തൊടാതെ ആണോ റോഡ് നിർമ്മിക്കേണ്ടത്. രണ്ട്: റോഡ് വികസനം സംസ്ഥാനത്തിന് അനാവശ്യമാണോ. മൂന്ന്: കീഴാറ്റൂരിൽ ഉയർത്തുന്ന മുദ്രാവാക്യങ്ങൾ സംസ്ഥാനവ്യാപകമായി ശാശ്വതമായി നടപ്പാക്കപ്പെടുന്നതാണ് എന്ന് കോൺഗ്രസും ബിജെപിയും മുസ്ലീം ലീഗും ആംആദ്മി പാർട്ടിയും ഒരേസ്വരത്തിൽ പ്രഖ്യാപിക്കാൻ തയ്യാറുണ്ടോ? നാല്: സുരേഷ് ഗോപിയുടെ പ്രഖ്യാപനം ആത്മാർഥമാണെങ്കിൽ കീഴാറ്റൂർ വയൽക്കിളികൾ ഉയർത്തുന്ന ആവശ്യങ്ങൾക്കനുസരിച്ച് ദേശീയപാതയുടെ നിർമാണം നടത്താൻ ബിജെപി കേന്ദ്രനേതൃത്വം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമോ, കേന്ദ്രം അത് അംഗീകരിക്കുമോ?

പരിസ്ഥിതിക്കും പുരോഗതിക്കും എതിരല്ല
ചർച്ച ഇങ്ങനെയൊക്കെയാണ് നടക്കേണ്ടത്. മാർക്സിസ്റ്റുകാർ പരിസ്ഥിതിക്കും എതിരല്ല; പുരോഗതിക്കും എതിരല്ല. മനുഷ്യന് ജീവിക്കാൻ പ്രകൃതി വേണം. മനുഷ്യൻ മനുഷ്യനായി; മൃഗമല്ലാതെ ജീവിക്കണം. അതിന് വീടും റോഡും വയലും കൃഷിയും മാർക്കറ്റും എല്ലാം വേണം. അതാണ്; അതു മാത്രമാണ് യഥാർഥ പ്രശ്നം. അതല്ലെന്ന് തോന്നുന്നുണ്ടെങ്കിൽ വി എം സുധീരൻ കൈതവന ജംഗ്ഷനിലോ പെരുന്നയിലോ തടയപ്പെടണം. വയൽ നികത്തിയും കായലിന്റെ സ്വച്ഛത തടഞ്ഞും നിർമ്മിച്ച ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ കയറ്റരുത് ആ മഹാ നേതാവിനെ.

അന്ന് റെയില്‍ കിളികള്‍ ഉണര്‍ന്നെങ്കില്‍
കൊങ്കൺ റെയിൽവേ ആണ് സമീപകാലത്തു ഏറ്റവുമധികം വയലുകൾ ഇല്ലാതാക്കിയ പദ്ധതി. കൊങ്കൺ റെയിൽവേയിലൂടെ ആദ്യത്തെ യാത്രാ ട്രെയിൻ അടൽ ബിഹാരി വാജ്പേയി ഉദ്ഘാടനം ചെയ്തത് 1998 ജനുവരി 26നാണ്. യാത്രാദൈർഘ്യം പകുതിയോളം കുറഞ്ഞതാണ് കൊങ്കൺ റെയിൽവേയിലൂടെയുണ്ടായ നേട്ടം. 760 കിലോമീറ്ററാണ് ഈ പാതയുടെ ദൈർഘ്യം. 60 സ്റ്റേഷനുകളാണ് കൊങ്കൺ റെയിൽപ്പാതയിലുള്ളത്. 91 തുരങ്കങ്ങളും 1858 പാലങ്ങളും കൊങ്കൺ പാതയിലുണ്ട്. അന്ന് റെയിൽ കിളികൾ ഉണർന്നെങ്കിൽ കൊങ്കൺ മേഖല രക്ഷപ്പെടുമായിരുന്നു. മലയാളിക്ക് ആന്ധ്രവഴി ഉത്തരേന്ത്യയിലേക്കു ചൂട് ഭക്ഷിച്ചു പതിവ് യാത്ര നടത്താമായിരുന്നു. മലബാറുകാരന് മുംബൈയിലേക്ക് ലോണാവാല വഴി കൊള്ളക്കാരെ സ്നേഹിച്ചു റോഡ് യാത്ര നടത്താമായിരുന്നു മനോജ് ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications