ഏക സിവില്‍ കോഡ് പരാമര്‍ശം വിഭജന തന്ത്രം; തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് തൃശൂര്‍ മെത്രാപ്പൊലീത്ത
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ഏക സിവില്‍ കോഡ് പരാമര്‍ശത്തിനെതിരെ തൃശൂര്‍ മെത്രാപ്പൊലീത്ത യുഹാനോന്‍ മാര്‍ മിലിത്തിയോസ്. ആശങ്കയുണ്ടാക്കുന്ന പരാമര്‍ശമാണ് മോദി നടത്തിയത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വിഭജന തന്ത്രമാണ് മോദി പയറ്റുന്നത്. ഇതുവരെ മണിപ്പൂരിനെ കുറിച്ച് അദ്ദേഹം മിണ്ടിയിട്ടില്ല. അങ്ങനെയുള്ള പ്രധാനമന്ത്രിയാണ് സിവില്‍ കോഡിനെ കുറിച്ച് സംസാരിക്കുന്നത്.
ജനങ്ങളെ ഭിന്നിപ്പിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കരുതായിരുന്നു. രാജ്യത്തിന്റെ അടിത്തറയ്ക്ക് വിരുദ്ധമായ പ്രസ്താവന ഉണ്ടാകാന്‍ പാടില്ല. കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യത്തില്‍ സുതാര്യത കൊണ്ടുവരേണ്ടതെന്നും മാര്‍ മിലിത്തിയോസ് പറഞ്ഞു. കഴിഞ്ഞ ദിവസം മോദി നടത്തിയ പരാമര്‍ശം ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന വ്യക്തമായ സൂചനയാണ് നല്‍കിയത്.അതേസമയം തൃശൂര്‍ മെത്രാപ്പൊലീത്തയുടെ പരാമര്‍ശം ബിജെപിക്ക് തിരിച്ചടി കൂടിയാണ്.

കേരളത്തില്‍ ക്രിസ്ത്യന്‍ വിഭാഗത്തിലൂടെ വേരോട്ടമുണ്ടാക്കുകയാണ് ബിജെപിയുടെ ശ്രമം. അതിനായി മോദിയുടെ നേതൃത്വത്തില്‍ ശ്രമങ്ങളും ആരംഭിച്ചിരുന്നു. എന്നാല്‍ ഏക സിവില്‍ കോഡ് നയത്തില്‍ ക്രിസ്ത്യന്‍ സഭകള്‍ ബിജെപിയുമായി അകലാനുള്ള സാധ്യതയും കൂടുതലാണ്. കഴിഞ്ഞ ദിവസം പ്രതിപക്ഷ പാര്‍ട്ടികളെ അടക്കം മോദി വിമര്‍ശിച്ചു. വോട്ടുബാങ്ക് രാഷ്ട്രീയമാണ് ഏക സിവില്‍ കോഡിനെ പ്രതിപക്ഷം എതിര്‍ക്കാന്‍ കാരണമെന്ന് മോദി കുറ്റപ്പെടുത്തിയിരുന്നു.
നേരത്തെ മുസ്ലീം വ്യക്തി നിയമബോര്‍ഡ് രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. പല്ലും നഖവും ഉപയോഗിച്ച് ഏക സിവില്‍ കോഡിനെ ചെറുക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. ഏക സിവില്‍കോഡ് എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന ഗുരുതര പ്രശ്‌നമാണെന്നും മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് പറഞ്ഞു. അതേസമയം മുസ്ലീം ലീഗും പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധവും ദുരൂഹത നിറഞ്ഞതുമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഈ നീക്കത്തെ രാഷ്ട്രീയമായും, നിയമപരമായും നേരിടുമെന്നും അ്‌ദേഹം അറിയിച്ചു.
ന്യൂനപക്ഷ വിരുദ്ധ വികാരം ഉയര്‍ത്തി വോട്ട് പിടിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. കര്‍ണാടകയില്‍ തോറ്റതാണ് പ്രധാന കാരണം. അവിടെ തോറ്റത് കൊണ്ടാണ്, പഴയ തുറുപ്പുച്ചീട്ട് ഇറക്കുന്നത്. മണിപ്പൂരില്‍ പോകാന്‍ പറ്റാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മുസ്ലീം വിഷയമല്ല ഇത്. ഇന്ത്യയിലെ വൈവിധ്യത്തെ തകര്‍ക്കുന്ന ഒന്നാണ്. പ്രധാനമന്ത്രി പ്രതിപക്ഷത്തെ ഭയപ്പെടുകയാണ് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഡിഎംകെയും രൂക്ഷമായി പ്രധാനമന്ത്രിയെ വിമര്‍ശിച്ചിരുന്നു. ഹിന്ദുമതത്തിലാണ് ഇതാദ്യം നടപ്പാക്കേണ്ടത്. അങ്ങനെയെങ്കില്‍ എല്ലാ ജാതികളിലും ഉള്ളവര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അനുവാദം ലഭിക്കുമെന്നും ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവന്‍ പറഞ്ഞു.












Click it and Unblock the Notifications