'ഒരു സമുദായം മാത്രം സ്വർണം കടത്തുന്നുവെന്ന പ്രതീതി ഉണ്ടാക്കുന്നു'; കെടി ജലീലിനെതിരെ പിഎംഎ സലാം
മലപ്പുറം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കെടി ജലീലിന്റെ വിവാദ പ്രസ്‌താവനയിൽ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ്. കരിപ്പൂരിൽ സ്വർണം കടത്തി പിടിക്കപ്പെടുന്നവരിൽ 99 ശതമാനവും മുസ്ലീം പേരുകാരാണ് എന്ന ജലീലിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലെ കമന്റും മതവിധി പുറപ്പെടുവിക്കണമെന്ന ആവശ്യവുമാണ് മുസ്ലീം ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ജലീലിന്റെ പ്രസ്‌താവന അപകടകരമാണെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.
ആർഎസ്എസ് പോലും പറയാത്ത കാര്യമാണ് കെടി ജലീൽ പറഞ്ഞതെന്നാണ് പിഎംഎ സലാമിന്റെ ആരോപണം. ജലീൽ നടത്തിയ പ്രസ്‌താവനയുടെ ഉത്തരവാദിത്തം സിപിഎം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു സമുദായത്തിന്റെ മേൽ കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം മുഴുവൻ ഇടുന്ന നിലപാടാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തിൽ സിപിഎമ്മിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കാൻ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോട് പിഎംഎ സലാം ആവശ്യപ്പെട്ടു. ജലീലിന്റെ പ്രസ്‌താവന സ്വന്തം നിലനിൽപിന് വേണ്ടി മാത്രമുള്ളതാണ്. ഒരു സമുദായത്തെ മാത്രം കുറ്റവാളികളായി ചിത്രീകരിക്കുകയാണ് ജലീൽ ചെയ്‌തതെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ആരോപിക്കുന്നു.
അതേസമയം, വിഷയത്തിൽ പ്രതികരണവുമായി പിവി അൻവറും രംഗത്ത് വന്നിട്ടുണ്ട്. ഒരു സമുദായം മാത്രമാണ് സ്വർണം കടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിൽ അത് ജലീലിന്റെ രാഷ്‌ടീയ ജീവിതത്തിലെ ഏറ്റവും മോശം കാര്യം മാത്രമാണ് എന്നായിരുന്നു അൻവറിന്റെ പ്രതികരണം. ജലീൽ അത്രയ്ക്ക് തരംതാഴുമോ എന്നായിരുന്നു അൻവറിന്റെ ചോദ്യം. പ്രസ്‌താവന താൻ കേട്ടിട്ടില്ലെന്നും അൻവർ പറയുകയുണ്ടായി.
എന്നാൽ ഇക്കാര്യത്തിൽ പിന്നോട്ടില്ലെന്നാണ് കെടി ജലീൽ അറിയിച്ചിരിക്കുന്നത്. ഏറ്റവും പുതിയ ഫേസ്‌ബുക്ക് പോസ്‌റ്റിലും ജലീൽ തന്റെ നിലപാട് ആവർത്തിക്കുകയാണ് ചെയ്യുന്നത്. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്ലിം സമുദായത്തില്‍ പെടുന്നവരാണെന്ന് ജലീൽ തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ഇന്നും ആവർത്തിച്ചു.
സ്വര്‍ണക്കടത്തിലും ഹവാലയിലും പങ്കാളികളാകുന്ന മുസ്‌ലീങ്ങളില്‍ നല്ലൊരു ശതമാനവും വിശ്വസിക്കുന്നത് ഇവയൊന്നും മതവിരുദ്ധമല്ല എന്നാണെന്നും ജലീൽ ആരോപിക്കുന്നു. അത്തരക്കാരെ ബോധവൽക്കരിക്കാൻ മതവിധി പുറപ്പെടുവിക്കണമെന്നും ഖാളിമാർ ഇടപെടണമെന്നും പറഞ്ഞാൽ എങ്ങനെയാണ് മതവിരുദ്ധമാവുക എന്നും ജലീൽ ചോദിച്ചു.
ജലീലിന്റെ പ്രസ്‌താവന വന്നതിന് പിന്നാലെ ഇന്നലെ തന്നെ മുസ്ലീം ലീഗ് കടുത്ത എതിർപ്പാണ് ഉന്നയിക്കുന്നത്. എന്നാൽ തന്റെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നാണ് കെടി ജലീലിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് വ്യക്തമാക്കുന്നത്. ഇതോടെ മുഖ്യമന്ത്രിയും മലപ്പുറം പരാമർശ വിവാദത്തിന് പിന്നാലെ സിപിഎമ്മിന് അടുത്ത തലവേദന വരികയാണ്. സർക്കാരിൽ പദവികളൊന്നും വഹിക്കുന്നിലെങ്കിലും ഇപ്പോഴും ഇടത് സഹയാത്രികൻ തന്നെയാണ് ജലീൽ.












Click it and Unblock the Notifications