മെഗാ ഫോണിലൂടെ മുഖ്യമന്ത്രിക്കെതിരെ അസഭ്യവർഷം; യുവാവിനെതിരെ പോലീസ് കേസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയെ മെഗാ ഫോൺ ഉപയോഗിച്ച് അസഭ്യം പറഞ്ഞതിന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ശ്രീജിത്തിന് എതിരെ പോലീസ് കേസെടുത്തു. സഹോദരൻ പോലീസ് കസ്റ്റഡിയിൽ മരിച്ചതിൽ പ്രതിഷേധിച്ച് വർഷങ്ങളായി സെക്രട്ടറിയറ്റിന് മുന്നിൽ സമരം ചെയ്യുകയാണ് ശ്രീജിത്ത്.
മുഖ്യമന്ത്രിയുടെ ഓഫീസ് ഇരിക്കുന്ന കെട്ടിടത്തിലേക്ക് നോക്കിയായിരുന്നു ശ്രീജിത്ത് അസഭ്യം പറഞ്ഞത് എന്നാണ് വിവരം, കേട്ടാൽ അറയ്ക്കുന്ന ഭാഷയായിരുന്നു ശ്രീജിത്ത് ഉപയോഗിച്ചത്. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്നവരേയും മാധ്യമപ്രവർത്തകരേയും സാധാരണ ശ്രീജിത്ത് അസഭ്യം പറയാറുണ്ടെന്നാണ് അധികൃതർ പറയുന്നത്. ശ്രീജിത്ത് അസഭ്യം പറയുന്നത് ചിലർ വീഡിയോ എടുത്തിരുന്നു.

പെറ്റി കേസിലാണ് ശ്രീജിത്തിന്റെ അനിയൻ ശ്രീജുവിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തിച്ച യുവാവിനെ പോലീസ് മർദ്ദിച്ചുവെന്നാണ് പറയുന്നത്. ശ്രീജുവിനെ തിരുവന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പിന്നീട് ശ്രീജു മരണപ്പെടുകയും ചെയ്തു. ശ്രീജുവിൻറെ മരണത്തിന്റെ സത്യാവസ്ഥ അറിയാനും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് സമരം.
ശ്രീജുവിനെ പോലീസ് കസ്റ്റഡിയിൽ വെച്ച് അന്നത്തെ പാറശ്ശാല സി ഐ ഗോപകുമാറും എ എസ് ഐ ഫീലിപ്പോസും ചേർന്ന് മർദ്ദിച്ചുവെന്നും ഇതിന് പോലീസ് ഓഫീസർമാരായ പ്രതാപ ചന്ദ്രൻ, വിജയ ദാസ് എന്നിവർ കൂട്ടുനിന്നുവെന്നും കേസ് അന്വേഷിച്ച സംസ്ഥാന പോലീസ് കംപ്ലെയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. മഹസർ തയ്യാറാക്കിയ എസ് ഐ ഡി ബിജു കുമാർ വ്യാജ രേഖ ചമച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും പോലീസ് കംപ്ലെ്ന്റ് അതോറിറ്റി ഉത്തരവിൽ പറയുന്നു.












Click it and Unblock the Notifications