മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടു, കേസെടുത്ത് പോലീസ്; മൈക്കും ആംബ്ലിഫയറും കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം തടസ്സപ്പെട്ട സംഭവത്തില്‍ കേസെടുത്തു. ചടങ്ങില്‍ അല്‍പ്പ നേരം പ്രസംഗം തടസ്സപ്പെട്ടിരുന്നു. സ്വമേധയാ കേസെടുത്ത പോലീസ് നടപടി ശരിയായില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. അയ്യങ്കാളി അനുസ്മരണത്തിനിടെയായിരുന്നു സംഭവം. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്. ആരെയും പ്രതി ചേര്‍ത്തിട്ടില്ല.
സംഭവത്തില്‍ മൈക്ക്, ആംബ്ലിഫയര്‍, വയര്‍ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ബുധനാഴ്ച്ച പരിശോധന നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.കേരളാ പോലീസ് ആക്ട് 118 ഇ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നതോ, പൊതുസുരക്ഷയെ പരാജയപ്പെടുത്തുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി അറിഞ്ഞുകൊണ്ട് ചെയ്യുന്നു എന്നതാണ് ഈ വകുപ്പില്‍ പറയുന്നത്.

അതേസമയം പരിശോധനയ്ക്ക് ശേഷം മൈക്ക്, ആംബ്ലിഫയര്‍, വയര്‍ എന്നിവ വിട്ട് കൊടുക്കുമെന്നും പോലീസ് വിശദീകരിച്ചു. കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയിലായിരുന്നു പിണറായി വിജയന്‍ പങ്കെടുത്തത്. ഇതില്‍ പിണറായി വിജയന്‍ പ്രസംഗിക്കാനായി എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിക്ക് മുദ്രാവാക്യം വിളിച്ചിരുന്നു.
അതേസമയം മൈക്ക് കേടായ നടപടിയില്‍ പോലീസിനെതിരെ പരിഹാസവും പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. കേസെടുത്തത് എന്തിനാണെന്ന മനസ്സിലാകുന്നില്ലെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി പറഞ്ഞു. മൈക്കിനെ അറസ്റ്റ് ചെയ്യണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു. മുദ്രാവാക്യം വിളിയും, മൈക്ക് കേടായതുമെല്ലാം ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്.
അതേസമയം മുദ്രാവാക്യം വിളിച്ചത് അനാദരവായി കാണേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിരുന്നു മനപ്പൂര്‍വം പ്രസംഗം തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍ ജനങ്ങളില്‍ നിന്നാണ് ഉയര്‍ന്ന് വരേണ്ടതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജനങ്ങളില്‍ നിന്നാണ് അദ്ദേഹം ഉയര്‍ന്ന് വന്നത്. വഴികാട്ടിയായിരുന്നു അദ്ദേഹം. ഉമ്മന്‍ ചാണ്ടിയിലൂടെ കേരളത്തെ ജനങ്ങളെ മനസ്സിലാക്കാന്‍ തനിക്ക് സാധിച്ചുവെന്ന് രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ സമയത്ത് അസുഖ ബാധിതന്‍ ആയിട്ടും അദ്ദേഹം കൂടെ നടക്കണമെന്ന് പറഞ്ഞു. ഒടുവില്‍ പിന്മാറാന്‍ തയ്യാറാവാതിരുന്നതോടെയാണ് സമ്മതിച്ചതെന്നും രാഹുല്‍ പറഞ്ഞു.












Click it and Unblock the Notifications