സന്നിധാനത്ത് സുരക്ഷ ശക്തമാക്കി പോലീസ്; ഇരുമുടിക്കെട്ടില്ലാത്തവരെ തിരിച്ചയക്കുന്നു
Recommended Video

പമ്പ: ശബരിമലയിൽ പോലീസ് സുരക്ഷയും നിയന്ത്രണങ്ങളും തീർത്ഥാടകരെ വലച്ചിരിക്കുകയാണ്. പോലീസ് നിയന്ത്രണത്തെ തുടർന്ന് രാത്രി അയ്യായിരത്തോളം പേർക്ക് മലയിറങ്ങേണ്ടി വന്നു. സന്നിധാനത്ത് വിരിവയ്ക്കാൻ ശ്രമിച്ച തീർത്ഥാടകരെ പോലീസ് തിരിച്ചിറക്കി.
ഇതിനിടെ മരക്കൂട്ടത്ത് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ അറസ്റ്റ് ചെയ്തതോടെ അർധരാത്രിയിൽ പ്രഖ്യാപിച്ച ഹർത്താൽ തീർത്ഥാടകരെയും പൊതുജനങ്ങളെയും സാരമായി ബാധിച്ചു. തീർത്ഥാടകരിൽ പലരും വഴിയിൽ കുടുങ്ങിയ സ്ഥിതിയിലാണ്.

നിരീക്ഷണം ശക്തം
പമ്പയിൽ പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. നിരീക്ഷത്തിനായി 3 ഡ്രോണുകളും പോലീസ് സജ്ജീകരിച്ചിട്ടുണ്ട്. പമ്പയിലെത്തുന്നവരിൽ സംശയം തോന്നുന്നവരെ പോലീസ് തിരിച്ചയ്ക്കുന്നുണ്ട്. ഇരുമുടിക്കെട്ടില്ലാത്തവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഇതുവരെ 7 പേരെ മടക്കി അയച്ചു.

തീർത്ഥാടകർ വലഞ്ഞു
നെയ്യഭിഷേകത്തിന് കാത്ത് നിന്നവരെപ്പോലും പോലീസ് തിരിച്ചയച്ചുവെന്ന് പരാതികൾ ഉയരുന്നുണ്ട്. സന്നിധാനത്തെ നിയന്ത്രണങ്ങളെക്കുറിച്ചറിയാതെയെത്തിയ അന്യ സംസ്ഥാനത്ത് നിന്നുള്ളവരെയാണ് നിയന്ത്രണങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചത്. സംഘർഷ സാധ്യതകൾ മുന്നിൽകണ്ടാണ് രാത്രി സന്നിധാനത്തേയ്ക്ക് ആരെയും കയറ്റി വിടാതിരുന്നത്.

യാത്രാ സൗകര്യമില്ല
പമ്പയിലും അയ്യപ്പ ഭക്തർക്ക് തങ്ങാനുള്ള സൗകര്യങ്ങളില്ല. തിരിച്ചിറങ്ങിയ പലരും രാത്രിയിൽ യാത്രാ സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടി. തീർത്ഥാടകർക്ക് പമ്പയിൽ പ്രാഥമിക സൗകര്യങ്ങൾ പോലും ഒരുക്കിയിട്ടില്ലെന്ന ആരോപണവും ശക്തമാണ്. ശുചിമുറികളിൽ വെളളം ലഭ്യമല്ല, വിസർജ്ജം കെട്ടിക്കിടക്കുന്നു. ഇതോടെ തുറസ്സായ സ്ഥലങ്ങളിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കേണ്ട സ്ഥിതിയിലാണ് തീർത്ഥാടകർ.

സംഘർഷം വേണ്ട
ശബരിമലയിൽ സംഘർഷം ഉണ്ടാക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. അതേ സമയം കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ട സാഹചര്യമുണ്ട്. സുരക്ഷ ശക്തമാക്കിയത് കേന്ദ്രം പറഞ്ഞിട്ടാണെന്നും കാനം വ്യക്തമാക്കി.

ശശികല അറസ്റ്റിൽ
ശനിയാഴ്ച പുലർച്ചെയാണ് ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികലയെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി പോലീസ് ശശികലയെ മരക്കൂട്ടത്തിനടുത്തുവെച്ച് തടഞ്ഞിരുന്നു. രാത്രിയിൽ ആരെയും സന്നിധാനത്തേയേക്ക് കടത്തി വിടില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു. എന്നാൽ ശശികല തിരികെ പോകാൻ തയാറായില്ല. അഞ്ചു മണിക്കൂറോളം തടഞ്ഞുവച്ച ശേഷമാണ് പോലീസ് ശശികലയെ അറസ്റ്റ് ചെയ്തത്.

ജനത്തെ വലച്ച് ഹർത്താൽ
ഹർത്താലിനെ തുടർന്ന് സംസ്ഥാനത്ത് വ്യാപകമായ അക്രമ സംഭവങ്ങളുണ്ടായി. കെഎസ്ആർടിസി ബസുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും നേരെ കല്ലേറുണ്ടായി. ഹർത്താൽ പ്രഖ്യാപനം അറിയാതെ ദീർഘദൂര യാത്രയ്ക്ക് പുറപ്പെട്ടവർ വഴിയിൽ കുടുങ്ങി.കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപകമായി കല്ലേറുണ്ടായതിനെ തുടർന്ന് സർവ്വീസുകൾ നിർത്തി വച്ചു.












Click it and Unblock the Notifications