കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടൂരിനെ ജാതിവാദി എന്ന് വിളിക്കുന്നത് ഭോഷ്‌ക്കെന്ന് എംഎ ബേബി, 'രാഷ്ട്രീയ ബാലപാഠങ്ങൾ ഒന്നുകൂടെ പഠിക്കണം'

Google Oneindia Malayalam News

തിരുവനന്തപുരം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനവുമായി ബന്ധപ്പെട്ട വിവാദത്തിൽ അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ച് സിപിഎം പിബി അംഗം എംഎ ബേബി. രാജ്യത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ ചലച്ചിത്രകാരനായ അടൂരിനെ ജാതിവാദിയായി ചിത്രീകരിക്കുന്നത് നിരുത്തരവാദപരമായ വ്യക്തിഹത്യ മാത്രമാണെന്ന് എംഎ ബേബി പ്രതികരിച്ചു. അടൂർ എന്നത് അൻപത് വർഷത്തെ അദ്ദേഹത്തിന്റെ സിനിമകളും മതേതര രാഷ്ട്രീയവുമാണെന്നും എംഎ ബേബി ഫേസ്ബുക്കിൽ കുറിച്ചു. സംവിധായകൻ ജിയോ ബേബി അടക്കമുളളവർ എംഎ ബേബിയോട് വിയോജിച്ച് രംഗത്ത് വന്നിട്ടുണ്ട്. ''ശക്തമായി വിയോജിക്കുന്നു.... അടൂർ ഗോപാലകൃഷ്ണനെ ആ സ്ഥാപനത്തിൽ നിന്നും പുറത്താക്കണം എന്ന് വീണ്ടും വീണ്ടും ആവശ്യപ്പെടുന്നു'' എന്ന് ജിയോ ബേബി കമന്റിൽ പ്രതികരിച്ചിട്ടുണ്ട്.

എംഎ ബേബിയുടെ പ്രതികരണം: ''കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ കുറച്ചു വിദ്യാർത്ഥികളും ചില തൊഴിലാളികളും ഉന്നയിച്ച കാര്യങ്ങൾ സർക്കാർ ഗൗരവമായി പരിഗണിച്ചു വരികയാണ്. ദൃശ്യമാധ്യമങ്ങളിൽ വിദ്യാഭ്യാസത്തിനും പഠനത്തിനും ഇന്ത്യക്കാകെയും സംഭാവന നല്കേണ്ടുന്ന ഒരു സ്ഥാപനമാണ് കെആർഎൻഐവിഎസ്എ. പൂണെയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങൾ യൂണിയൻ സർക്കാരിന്റെ വർഗീയ രാഷ്ട്രീയത്താൽ തകർക്കപ്പെടുന്ന കാലത്ത് ഈ സ്ഥാപനത്തിന്റെ നിലനില്പും വളർച്ചയും രാഷ്ട്രീയപ്രാധാന്യവും നേടുന്നു.

MA BABY

ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ ചലച്ചിത്രകാരൻ ശ്രീ അടൂർ ഗോപാലകൃഷ്ണൻ ആണ് ഇൻസ്റ്റിറ്റ്യൂട്ടിൻറെ അധ്യക്ഷൻ. മഹാനായ ചലച്ചിത്രകാരൻ എന്നത് കൂടാതെ പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻറെ അധ്യക്ഷതയടക്കമുള്ള ചുമതലകൾ വഹിച്ചിട്ടുള്ള സ്ഥാപനനായകനുമാണ് അദ്ദേഹം. അടൂർ പറയുന്ന വാക്കുകൾ ഓരോന്നും എടുത്ത് അദ്ദേഹത്തെ സാമൂഹ്യമാധ്യമങ്ങളിൽ ചിത്രവധം ചെയ്യുന്നത് വിപ്ലവകരമായ ഒരു പ്രവർത്തനം ആണെന്ന് ആരെങ്കിലും കരുതുന്നു എങ്കിൽ അവർ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ ഒന്നുകൂടെ പഠിക്കണം എന്നുമാത്രമേ എനിക്ക് പറയാനുള്ളു.

തൻറെ ജീവിതചുറ്റുപാടുകൾക്ക് നേരെ ക്യാമറ തിരിച്ചു വച്ച മഹാനായ കലാകാരനാണ് അദ്ദേഹം. അടൂരിനെ ഒരു ജാതിവാദി എന്നൊക്കെ വിളിക്കുന്നത് കുറഞ്ഞ പക്ഷം ഭോഷ്കാണ്. മലയാള സിനിമയിൽ എന്നും നിലനിന്നിരുന്ന ജാതിവിഭാഗീയതയിൽ നിന്ന് അടൂർ തൻറെ അമ്പത് വർഷത്തെ ചലച്ചിത്രജീവിതത്തിൽ മാറിനിന്നു. തൻറെ പ്രതിഭയുടെ മികവ് കൊണ്ടുമാത്രമാണ് ജാതി ക്ലിക്കുകളുടെ തരംതാണ സഹായത്തിനായി പോവേണ്ട സാഹചര്യം അടൂരിന് ഉണ്ടാവാതിരുന്നത്. അടൂരിനെ ഒരു ജാതിവാദിയായി ചിത്രീകരിക്കുന്നത് നിരുത്തരവാദപരമായ വ്യക്തിഹത്യ മാത്രമാണ്.

ഇന്നത്തെ ഇന്ത്യയിലെ മനുവാദ - അർധ ഫാഷിസ്റ്റ് സർക്കാരിനെതിരെ നിരന്തരം ഉയർന്ന ശബ്ദങ്ങളിൽ ഒന്ന് അടൂരിന്റേതാണെന്നത് ചെറിയ കാര്യമല്ല. വെറും മൗനം കൊണ്ടുമാത്രം അദ്ദേഹത്തിന് നേടാമായിരുന്ന പദവികൾ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളുടെ അധ്യക്ഷസ്ഥാനം ഒന്നും അല്ല. ജീവിതകാലം മുഴുവൻ അടൂർ ഒരു മതേതരവാദിയായിരുന്നു. വർഗീയതയ്ക്കും ജാതിമേധാവിത്വത്തിനും എതിര് നിന്നു.

സ്വയംവരം നിർമിച്ചതിൻറെ അമ്പതാം വാർഷികം ആഘോഷിക്കുന്ന ഈ വേള അടൂരിന്റെ ചലച്ചിത്ര സംഭാവനകളെക്കുറിച്ച് ആദരവർപ്പിക്കേണ്ടതാണ്. ഓരോ മാധ്യമപ്രവർത്തകർ അദ്ദേഹത്തെ പ്രകോപിക്കാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അദ്ദേഹം തിരിച്ചടിക്കുന്ന ഉത്തരങ്ങളല്ല അടൂർ. അമ്പത് വർഷങ്ങൾ കൊണ്ട് അദ്ദേഹം എടുത്ത സിനിമകളും ഒരിക്കലും കുലുങ്ങാത്ത അദ്ദേഹത്തിന്റെ മതേതര രാഷ്ട്രീയവുമാണ് അടൂർ''.

English summary
Portraying Adoor Gopalakrishnan as a casteist is just character assassination, Says CPM leader MA Baby
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X