പ്രാർത്ഥനകളും ശ്രമങ്ങളും വിഫലം; ഒടുവിൽ ശ്രുതിയെ വിട്ട് ജെൻസൻ യാത്രയായി, മരണം ചികിത്സയിൽ കഴിയവേ
വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ കുടുംബത്തെ മുഴുവൻ നഷ്‌ടമായ ശ്രുതി പുതുജീവൻ നൽകി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ പ്രതിശ്രുത വരൻ ജെൻസൻ മരണത്തിന് കീഴടങ്ങി. അമ്പലവയൽ സ്വദേശിയായ ജെൻസൺ ഇന്നലെ വൈകിട്ട് കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ ഉണ്ടായ അപകടത്തിലാൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.
സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അനിയന്ത്രിതമായ രക്തസ്രാവത്തെ തുടർന്ന് ജെൻസന്റെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ജെൻസന്റെ മൂക്കിൽ നിന്നും തലയോട്ടിയുടെ പുറത്തും അകത്തുമായി രക്തസ്രാവം ഉണ്ടായിരുന്നുവെന്നാണ് ഡോക്‌ടർമാർ പറയുന്നത്. സാധ്യമായ എല്ലാ ചികിത്സകളും നൽകിയെങ്കിലും ഇന്ന് വൈകീട്ടോടെ മരണപ്പെടുകയായിരുന്നു. ജെൻസന് പുറമേ ശ്രുതിക്കും ഈ വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു.
അപകടത്തിൽ വാനിലുണ്ടായിരുന്ന ഒൻപത് പേർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിന് സമീപമാണ് ഈ അപകടമുണ്ടായത്. ജെൻസനായിരുന്നു അപകടത്തിൽപെട്ട വാൻ ഓടിച്ചിരുന്നത്. ശ്രുതിക്ക് കാലിന് ചെറിയ പരിക്കാണ് പറ്റിയത്. മറ്റുള്ളവരുടെ പരിക്കുകൾ സാരമുള്ളതല്ല.
ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന ജെൻസനും കൂട്ടരും സഞ്ചരിച്ച വാഹനം കോഴിക്കോട് ഭാഗത്ത് നിന്ന് സുൽത്താൻബത്തേരിയിലേക്ക് വരികയായിരുന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് കല്ലടയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന ഉൾപ്പെടെ ചേർന്നാണ് ഇവരെ വാഹനത്തിൽ നിന്ന് പുറത്തെടുത്തത്, പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നു.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും സഹോദരിയെയും നഷ്‌ടമായ പെൺകുട്ടിയാണ് ശ്രുതി. അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുൾപ്പെടെ ശ്രുതിയുടെ കുടുംബത്തിലെ 9 പേരെയാണ് ഉരുളെടുത്തത്. അതിന്റെ ആഘാതം ഇല്ലാതാവും മുൻപെയാണ് അടുത്ത ദുരന്ത വാർത്ത കൂടി എത്തുന്നത്.
ഉരുൾപൊട്ടൽ ഉണ്ടായതിന്റെ ഒരു മാസം മുൻപായിരുന്നു ശ്രുതിയുടെയും ജെൻസന്റെയും വിവാഹ നിശ്ചയം നടന്നത്. ശ്രുതിയുടെ പുതിയ വീടിന്റെ പാലുകാച്ചലും അതിന്റെ കൂടെ നടന്നിരുന്നു. വിവാഹത്തിനായി ശ്രുതിയുടെ അച്ഛൻ കരുതിവച്ച സ്വർണവും പണവും വീടുമൊക്കെ ഉരുൾപൊട്ടലിൽ ഇല്ലാതായിട്ടും ജെൻസൻ ശ്രുതിയെ സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ ഈ ചേർത്ത് പിടിക്കലിനും അധികം ആയുസുണ്ടായില്ല. ഉരുൾപൊട്ടലിൽ എല്ലാവരെയും നഷ്‌ടപ്പെട്ട ശേഷം പിന്നീട് പ്രതിശ്രുതവരൻ ജെൻസനായിരുന്നു ശ്രുതിക്ക് എല്ലാമെല്ലാമായ ഒപ്പമുണ്ടായിരുന്നത്. ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. പക്ഷേ അതിന് കാത്ത് നിൽക്കാതെയാണ് ജെൻസന്റെ മടക്കം.












Click it and Unblock the Notifications