ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഷാഹി മസ്ജിദില്‍ പ്രാർത്ഥന നടത്തണം: യോഗിക്ക് രക്തം കൊണ്ട് കത്ത്
ലഖ്‌നൗ: കൃഷ്ണന്റെ ജന്മസ്ഥലമാണെന്ന് അവകാശപ്പെട്ട് ഷാഹി മസ്ജിദ് ഈദ്ഗാഹിനുള്ളിൽ ജന്മാഷ്ടമി പ്രാർത്ഥന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സ്വന്തം രക്തം കൊണ്ട് കത്തെഴുതി അഖില ഭാരത ഹിന്ദു മഹാസഭ അംഗം. ആഗസ്റ്റ് 19 ന് ശ്രീകൃഷ്ണ ജന്മാഷ്ടമി ദിനത്തിൽ പ്രാദേശിക സന്യാസിമാർക്കൊപ്പം ദൈവത്തോട് പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് എ ബി എച്ച് എം ദേശീയ ട്രഷറർ ദിനേശ് ശർമ്മ വ്യക്തമാക്കിയത്.
കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാ തർക്കവുമായി ബന്ധപ്പെട്ട ഒന്നിലധികം കേസുകള്‍ നിലനില്‍ക്കെ കൂടിയാണ് ഇത്തരമൊരു ഹർജി. കത്ര കേശവ ദേവ് ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നതെന്നും അതിനാല്‍ തന്നെ പള്ളി പൊളിച്ച് മാറ്റണമെന്നുമാണ് ഹിന്ദു വിഭാഗക്കാരായ ഹരജിക്കാർ കോടതിയിൽ പരാതിയുമായി എത്തിയത്. മുസ്ലീം വിഭാഗം ഈ ഹർജിയെ എതിർത്തും അപേക്ഷ നല്‍കിയിട്ടുണ്ട്.

"ഇപ്പോള്‍ കൃഷ്ണാരാധന നടക്കുന്നത് അദ്ദേഹത്തിന്റെ ജന്മസ്ഥലമല്ലാത്ത സ്ഥലത്താണ്," ശർമ്മ തന്റെ കത്തിൽ പറയുന്നു. കത്ത് അദ്ദേഹം മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. കൃഷ്ണന്‍ ജനിച്ച സ്ഥലം ഷാഹി മസ്ജിദ് ഈദ്ഗാഹിന് ഉള്ളിലാണുള്ളതെന്നും അദ്ദേഹം അവകാശപ്പെടുന്നു. ആദിത്യനാഥിനെ "ഹിന്ദു ദൈവമായ ഹനുമാന്റെ അവതാരം" എന്ന് വിളിച്ച ശർമ്മ, പള്ളിക്കുള്ളിൽ ആരാധന നടത്താൻ മുഖ്യമന്ത്രി തനിക്ക് അനുമതി നൽകുമെന്ന് അതിയായ വിശ്വാസമുണ്ടെന്നും ദിനേശ് ശർമ്മ പറഞ്ഞു.
അനുമതി നിഷേധിക്കപ്പെട്ടാൽ, കൃഷ്ണന്റെ ജന്മസ്ഥലത്ത് കൃത്യമായി പ്രണാമം അർപ്പിക്കാതെ ഒരു ജീവിതം നയിക്കുന്നതിൽ അർത്ഥമില്ലാത്തതിനാൽ അദ്ദേഹത്തെ മരിക്കാൻ അനുവദിക്കണമെന്നും ശർമ്മ പറഞ്ഞു. നേരത്തെ ഒരു കോടതിയിൽ സമർപ്പിച്ച സമാനമായ അപേക്ഷ 2022 ഓഗസ്റ്റ് 3-ന് തള്ളിയിരുന്നു. കൃഷ്ണ വിഗ്രഹത്തില്‍ ജലാഭിഷേകത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ശർമ്മ മെയ് 18-ന് സിവിൽ ജഡ്ജി (സീനിയർ ഡിവിഷൻ) ജ്യോതി സിംഗ് മുമ്പാകെ കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.












Click it and Unblock the Notifications