പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം: ഹൈക്കോടതിയില്‍ ഹർജിയുമായി നവ്യ ഹരിദാസ്
വയനാട്: ഉപതിരഞ്ഞെടുപ്പില്‍ വയനാട് ലോക്സഭ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ഗാന്ധിയുടെ വിജയം ചോദ്യം ചെയ്ത് ബി ജെ പി. പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി സ്ഥാനാർത്ഥിയായിരുന്ന നവ്യ ഹരിദാസ് ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചു. സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചാണ് പ്രിയങ്ക വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നാണ് നവ്യ ഹരിദാസ് ഹർജിയില്‍ ആരോപിക്കുന്നത്.
പ്രിയങ്ക ഗാന്ധി തന്റേയും കുടുംബത്തിന്റേയും സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബി ജെ പി ആരോപിച്ചിരുന്നു. എന്നാല്‍ ബി ജെ പിയുടെ പരാതി തള്ളിക്കൊണ്ട് പ്രിയങ്കയുടെ നാമനിർദേശ പത്രിക വരണാധികാരി സ്വീകരിച്ചു. എന്നാല്‍ പ്രിയങ്കയുടെ നാമനിർദേശ പത്രി സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്ന് ബി ജെ പി അഭിപ്രായപ്പെടുന്നു. സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചതോടെ വോട്ടർമാരില്‍ തെറ്റായ സ്വാധീനം ചെലുത്തുന്ന നടപടിയാണ് പ്രിയങ്ക ഗാന്ധിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും അവർ ആരോപിക്കുന്നുണ്ട്.

പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശ പത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ ഭർത്താവ് റോബർട്ട് വാദ്രയുടെ സ്വത്ത് വിവരങ്ങള്‍ രേഖപ്പെടുത്തിയതില്‍ വലിയ ക്രമക്കേടുകള്‍ ഉണ്ടെന്ന വാദമാണ് ബി ജെ പി പ്രധാനമായും ഉയർത്തുന്നത്. വ്യക്തമല്ലാത്ത സത്യവാങ്മൂലം സമർപ്പിച്ച സാഹചര്യത്തില്‍ പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശ പത്രിക തള്ളണമെന്ന ഹർജി അന്ന് അംഗീകരിക്കപ്പെട്ടിലും തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും നിയമപരമായി മുന്നോട്ട് പോകാന്‍ ബി ജെ പി തീരുമാനിക്കുകയായിരുന്നു.
ആദായ നികുതി കണ്ടെത്തിയ റോബർട്ട് വദ്രയുടെ സ്വത്തും പ്രിയങ്ക സത്യവാങ്മൂലത്തില്‍ നല്‍കിയ കണക്കുകളും തമ്മില്‍ വലിയ പൊരുത്തക്കേട് ഉണ്ടെന്ന് ബി ജെ പി അവകാശപ്പെടുന്നു. 010-21 കാലയളവില്‍ റോബർട്ട് വാദ്രയ്ക്ക് 80 കോടി രൂപയോളമാണ് ആദായനികുതി വകുപ്പ് നികുതി ചുമത്തിയത്. ഇതില്‍ തന്നെ 2019-20 ലെ കണക്ക് എടുക്കുമ്പോള്‍ 24 കോടിയിലേറെ വരും. എന്നാല്‍ 65.55 കോടി രൂപയാണ് റോബർട്ട് വാദ്രയുടെ ആസ്തിയായി പ്രിയങ്ക ഗാന്ധി സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയത്. ഇത് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ബി ജെ പി പ്രിയങ്കക്കെതിരെ രംഗത്ത് വന്നത്.
അതേസമയം, തന്റ സ്വത്തുമായി ബന്ധപ്പെട്ട് ബി ജെ പി കള്ളപ്പചരണം നടത്തുകയാണെന്നെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. എല്ലാ സ്വത്തുക്കളേയും കുറിച്ച് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഒന്നും മറച്ച് വെച്ചിട്ടില്ല. നാമനിര്‍ദേശ പത്രിക വരണാധികാരി സ്വീകരിച്ചതോടെ ഇത് വ്യക്തമായതായും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.












Click it and Unblock the Notifications