'ഇങ്ങനെയാണെങ്കില്‍ ഈ താരങ്ങളെ ഒഴിവാക്കും, വീട്ടിലിരിക്കേണ്ടിവരും'; മുന്നറിയിപ്പുമായി സുരേഷ്‌കുമാര്‍
കൊച്ചി: സിനിമയില്‍ അഭിനയിക്കാന്‍ കൂടുതല്‍ പണം ചോദിക്കുന്ന താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി നിര്‍മ്മാതാവും ഫിലിം ചേംബര്‍ പ്രസിഡന്റുമായ ജി സുരേഷ് കുമാര്‍ രംഗത്ത്. സിനിമയില്‍ അഭിനയിക്കാന്‍ കൂടുതല്‍ പണം ചോദിക്കുന്ന താരങ്ങളെ ഒഴിവാക്കുമെന്നാണ് സുരേഷ് കുമാര്‍ പറഞ്ഞത്. വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന നിലയിലാണ് അഭിനേതാക്കള്‍ പ്രതിഫലം ചോദിക്കുന്നത്. അങ്ങനെ പ്രതിഫലം ചോദിക്കുന്നവരെ ഒഴിവാക്കുന്ന നടപടി ഉടനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
നാദിര്‍ഷയുടെ പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിനിടെയാണ് സുരേഷ് കുമാറിന്റെ പ്രതികരണം. അഭിനേതാക്കളുടെ കോസ്റ്റ് ഇന്ന് വല്ലാതെ കൂടിപ്പോകുകയാണ്. വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന നിലയിലാണ് അവര്‍ ചോദിക്കുന്ന പ്രതിഫലം. മലയാള സിനിമ അതൊന്നും കൊടുക്കാന്‍ പറ്റുന്ന നിലയിലല്ല. അങ്ങനെ വലിയ തുക ചോദിക്കുന്നവരെ ഒഴിവാക്കുന്ന നടപടി നാളെയോ മറ്റന്നാളോ ഉണ്ടാകും.

ഇത്ര ബജറ്റില്‍ കൂടുതലുള്ള താരങ്ങളെ ഒഴിവാക്കും. ഇതെല്ലാവര്‍ക്കും ഒരു മുന്നറിയിപ്പായാണ് ഇപ്പോള്‍ പറയുന്നത്. ചോദിക്കുത് ന്യായമായി ചോദിക്കാം. അന്യായമായി ചോദിക്കരുത്. അത് വല്ലാത്ത പോക്കാണെന്ന് സുരേഷ് കുമാര്‍ പ്രതികരിച്ചു. തീയേറ്ററില്‍ ആളില്ല, കളക്ഷനില്ല. 15 ആളുകള്‍ ഉണ്ടെങ്കില്‍ മാത്രമാണ് ഷോ തുടങ്ങാന്‍ സാധിക്കുകയുള്ളൂ. തീയേറ്റുകാര്‍ അത്രയും ആളുകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്. പല സ്ഥലത്തും ഷോ നടക്കുന്നില്ല.
ഇക്കാര്യം എല്ലാവരും മനസിലാക്കണം. പ്രൊഡ്യൂസര്‍ മരം കുലുക്കിയല്ല പണം കൊണ്ടുവരുന്നത്. നോട്ടടിച്ചല്ല കൊണ്ടുവരുന്നത്. ഒരു നടനെ മാത്രം ഇവിടെ ആര്‍ക്കും ആവശ്യമില്ല. ആരെ വച്ചായാലും സിനിമ ചെയ്യാം. സിനിമയ്ക്ക് കണ്ടന്റ് ആണ് പ്രധാനം. കണ്ടന്റ് നല്ലതാണെങ്കില്‍ സിനിമ ഓടും. അത് ഹിറ്റാകും. ആളുകള്‍ കാണും അഭിനന്ദിക്കും. അതുകൊണ്ട് ഇവിടെയിനി വലിയ രീതിയില്‍ കാശ് വാങ്ങുന്നവര്‍ വീട്ടിലിരിക്കുന്ന നിലയിലാകും ഇനി പോകുന്നത്. ഇത് ഒരു മുന്നറിയിപ്പ് കൂടിയാണെന്ന് സുരേഷ് കുമാര്‍ പറയുന്നു.
നേരത്തെ അച്ചടക്ക ലംഘനം നടത്തുന്ന താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി സുരേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. അച്ചടക്ക ലംഘനം നടത്തുന്നവരെ വിലക്കുമെന്നാണ് അന്ന് സുരേഷ് കുമാര്‍ പറഞ്ഞത്. മലയാള സിനിമ ലോകത്തിന് അതിന്റേതായ അന്തസും അച്ചടക്കവുമുണ്ട്. വൃത്തികേട് കാട്ടുന്നവരെ ഇനിയും വിലക്കും. ആരുടെയും അന്നം മുട്ടിക്കുന്നവനല്ല, എല്ലാവര്‍ക്കും അന്നം ഊട്ടുന്നവനാണ് നിര്‍മ്മാതാവെന്ന് സുരേഷ് കുമാര്‍ പറഞ്ഞത്.
മമ്മൂട്ടിയോ മോഹന്‍ലാലോ അല്ല ആരു പറഞ്ഞാലും അതിനോട് ഞങ്ങള്‍ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആരെയും പേടിയില്ല, പ്രതികരിക്കാന്‍ ഭയമോ മടിയുമില്ല. ആര് വൃത്തികേട് കാട്ടിയാലും ഇനിയും നടപടി സ്വീകരിക്കും. തിലകന്‍ ഉള്‍പ്പടെയുള്ള എത്രയോ താരങ്ങളെ താര സംഘടനയായ അമ്മ വിലക്കിയിട്ടുണ്ട്. അത് ചോദ്യം ചെയ്യാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയോ ഫിലിം ചേംബറോ ശ്രമിച്ചിട്ടില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു.
ഒരുപാട് സഹികെട്ട് വശം കെടുമ്പോഴാണ് സംഘടന വിലക്കുന്നത്. അല്ലാതെ എല്ലാ ദിവസും രാവിലെ എഴുന്നേറ്റ് മുന്നില്‍ കാണുന്ന ആരെയെങ്കിലും വിലക്കുകയല്ല നിര്‍മ്മാതാക്കളുടെ സംഘടന ചെയ്യുന്നത്. ചിലര്‍ എന്തു ചെയ്താലും നിര്‍മ്മാതാക്കള്‍ നിശബ്ദമായി സഹിക്കുകയാണ് ചെയ്യാറുള്ളതെന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications