സ്വത്ത് തര്‍ക്കം; ബസ് സ്റ്റാന്റില്‍വെച്ച് മകന്‍ അമ്മയെ കുത്തിക്കൊന്നു
കാസര്‍കോട്: ആവശ്യപ്പെട്ട സ്വത്ത് നല്‍കാത്തതില്‍ പ്രകോപിതനായ മകന്‍ അമ്മയെ പരസ്യമായി കുത്തിക്കൊന്നു. കാസര്‍കോട് കുമ്പളയിലെ ബസ്റ്റാന്റില്‍ വെച്ചാണ് മകന്‍ പരസ്യമായി അമ്മയെ കുത്തിക്കൊലപ്പെടുത്തിയത്. കുമ്പള ചൗക്കി ആസാദ് നഗറിലെ പത്മാവതി(56)യാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അനില്‍ കുമാര്‍(37) പോലീസ് കസ്റ്റഡിയെടുത്തു.
സ്വത്തിനുവേണ്ടി അനില്‍ കുമാര്‍ വീട്ടുകാരുമായി നിരന്തരം വഴക്കിട്ടിരുന്നു. തിങ്കളാഴ്ച രാവിലെ ബസ് സ്റ്റാന്റില്‍വെച്ച് അമ്മയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട അനില്‍കുമാര്‍ കൈയ്യിലുണ്ടായിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു. മാരകമായി പരിക്കേറ്റ പത്മാവതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ടോടെ മരണമടഞ്ഞു.

അമ്മ തനിക്ക് സ്വത്ത് നല്‍കുന്നില്ലെന്ന് കാട്ടി ഇയാള്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച പോലീസ് നടത്തിയ മധ്യസ്ഥ ശ്രമത്തിനൊടുവില്‍ 50 സെന്റ് സ്ഥലം മകന് നല്‍കാമെന്ന് വാഗ്ദാനവും നല്‍കിയിരുന്നു. എന്നാല്‍ സ്റ്റേഷനില്‍ നിന്നും മടങ്ങവെ കുമ്പളയില്‍ ബസ്സിറങ്ങി പുത്തിഗെയിലുള്ള മകളുടെ വീട്ടിലേക്കുള്ള ബസ്സില്‍ കയറാന്‍ ഒരുങ്ങവെയാണ് മകന്‍ കൊലപാതകിയായി മാറിയത്.
മകന്റെ ഭീഷണിയും വഴക്കും ഭയന്ന് പത്മാവതി മകള്‍ അനിതയുടെ വീട്ടിലാണ് താമസിച്ചുവന്നത്. മകള്‍ക്ക് സ്വത്തിന്റെ വലിയഭാഗം നല്‍കാന്‍ അമ്മ തയ്യാറാകുകയാണെന്ന് ആരോപിച്ച് ഇയാള്‍ വഴക്കിട്ടതായി പോലീസ് പറഞ്ഞു. കാസര്‍കോട് നുള്ളിപ്പാടിയില്‍ വാഹനങ്ങള്‍ക്ക് കുഷ്യനുണ്ടാക്കി നല്കുന്ന കട നടത്തിവരികയാണ് അനില്‍ കുമാര്‍.












Click it and Unblock the Notifications