'ദിലീപ് മുഖ്യസൂത്രധാരൻ', ചോദ്യം ചെയ്യണം, റേപ് കൊട്ടേഷൻ ചരിത്രത്തിലാദ്യമെന്ന് പ്രോസിക്യൂഷൻ
കൊച്ചി: നടനും നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയുമായ ദിലീപിന് എതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രോസിക്യൂഷന്‍. കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസിലും ദിലീപ് പ്രതിയാണ്.
ഈ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് കൊണ്ടാണ് പ്രോസിക്യൂഷന്‍ രംഗത്ത് വന്നത്. ലൈംഗിക ആക്രമണത്തിന് കൊട്ടേഷന്‍ നല്‍കുന്ന സംഭവം സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യത്തേതാണെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന്റെ മുഖ്യസൂത്രധാരൻ ദിലീപ് ആണെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ദിലീപ് അടക്കമുളളവര്‍ അപായപ്പെടുത്താന്‍ പദ്ധതി ഇട്ടതായി സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ആണ് വെളിപ്പെടുത്തിയത്. ഈ മൊഴിയുടെ പശ്ചാത്തലത്തില്‍ ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരിയുടെ ഭര്‍ത്താവ് സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, വിഐപി എന്ന് വിളിക്കപ്പെട്ട ശരത് എന്നിവരെ പ്രതി ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.

അറസ്റ്റിലേക്ക് പോലീസ് നീങ്ങിയേക്കും എന്നുളള പശ്ചാത്തലത്തിലാണ് ദിലീപ് അടക്കമുളള പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. വെള്ളിയാഴ്ചയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. നടിയെ ആക്രമിച്ച കേസിന്റെ മുഖ്യ സൂത്രധാരന്‍ ദിലീപ് ആണെന്ന് പ്രോസിക്യൂഷന്‍ പറയുന്നു.

നടിക്കെതിരെ നടന്നത് ക്വട്ടേഷന്‍ ആക്രമണം ആണ്. ലൈംഗിക പീഡനത്തിന് ക്വട്ടേഷന്‍ നല്‍കുന്നത് ആദ്യത്തെ സംഭവം ആണെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ പ്രോസിക്യൂഷന്‍ പറയുന്നു. ക്രിമിനല്‍ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്ന സാഹചര്യവും കേട്ടുകേള്‍വി ഇല്ലാത്തതാണ് എന്നും വിചാരണ തടസ്സപ്പെടുത്താന്‍ ദിലീപ് നിരന്തരം ശ്രമിക്കുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

കേസില്‍ ഇതുവരെ ഇരുപത് പ്രോസിക്യൂഷന്‍ സാക്ഷികള്‍ ആണ് കൂറുമാറിയത്. ഈ സാക്ഷികളെയെല്ലാം ദിലീപ് സ്വാധീനിച്ചതാണ് എന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. സമൂഹത്തില്‍ വന്‍ സ്വാധീനമുളള വ്യക്തിയായ ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ അത് കേസിനെ പ്രതികൂലമായി ബാധിക്കും. സത്യം പുറത്ത് വരാന്‍ ദിലീപിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണം എന്നും പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
Recommended Video

അന്വേഷണ ഉദ്യോഗസ്ഥരെ അപകടപ്പെടുത്താന്‍ പദ്ധതിയിട്ട കേസില്‍ വിശദമായ അന്വേഷണം ആണ് നടക്കുന്നത്. നിരവധി തെളിവുകള്‍ ഇതിനകം അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു. ദിലീപിന്റെയും സഹോദരന്റെയും വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ അടക്കം 19 വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായത് മുതല്‍ നിയമത്തെ മറികടക്കാനുളള സകല ശ്രമങ്ങളും ദിലീപ് നടത്തുന്നുണ്ട് എന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.

കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ദിലീപിന് മാത്രമല്ല മറ്റ് പ്രതികള്‍ക്കും ജാമ്യം നല്‍കരുത് എന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിക്ക് കൈമാറുകയുണ്ടായി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെടാന്‍ പ്രതിക്ക് അവകാശം ഇല്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.












Click it and Unblock the Notifications