പിഎസ് സി പരീക്ഷ ക്രമക്കേട്; ഉദ്യോഗസ്ഥരും പെടും, ക്രൈംബ്രാഞ്ച് അന്വേഷണം ഉദ്യോഗസ്ഥരിലേക്കും!
തിരുവനന്തപുരം: പിഎസ്സി പരീക്ഷ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്തിയ പിഎസ്സിയുടെ തന്നെ വിജിലൻസ് പരീക്ഷിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികളും എസ്എഫ്ഐ നേതാക്കളുമായിരുന്ന ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നിവർക്കെതിരെ ആഗസ്റ്റ് അഞ്ചിനാണ് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ പരീക്ഷ ക്രമക്കേട് നടത്തിയെന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്.
സിവിൽ പോലീസ് ഉദ്യോഗസ്ഥ ഒഴിവിലേക്കു നടന്ന പിഎസ്‍സി പരീക്ഷയ്ക്കിടെ ശിവരഞ്ജിത്തിന്റെയും പ്രണവിന്റെയും പ്രണവിന്റെയും ഫോണുകളിലേക്ക് സന്ദേശം എത്തിയിരുന്നതായി വിജിയൻസ് കണ്ടെത്തുകയായിരുന്നു. പരീക്ഷ നടക്കുന്ന രണ്ടു മണിമുതല്‍ 3.15 വരെയാണ് തുടര്‍ച്ചയായി സന്ദേശം അയച്ചത്. തുടർന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. എന്നാൽ കേസിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടാവുന്നില്ലെന്ന ആരോപണം ഉയർന്നിരുന്നു.

അന്വേഷണം വ്യാപിപ്പിക്കും
പ്രണവിനു സന്ദേശം അയച്ചവരില്‍ എസ്എപി ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസറും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് ഇയാൾ ഒളിവിലായിരുന്നു. രണ്ട് ദിവസം മുമ്പ് ഇയാൾ ക്രൈംബ്രാഞ്ചിന് മുമ്പിൽ കീഴടങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പരീക്ഷ ക്രമക്കേടിൽ അന്വേഷണം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച്.

മൂന്ന് വർഷങ്ങളിലെ റാങ്ക് ലിസ്റ്റ്
പരീക്ഷാച്ചുമതല വഹിച്ച ഉദ്യോഗസ്ഥരുടെയും പരിശോധകരുടെയും പട്ടിക ക്രൈംബ്രാഞ്ച് തയ്യാറാക്കി. ചോദ്യം ചോര്‍ന്നതില്‍ ഇവരുടെ പങ്ക് അന്വേഷിക്കും. എല്ലാവർക്കും നോട്ടീസ് അയക്കാൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. കഴിഞ്ഞ മൂന്ന് വർഷത്തെ പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ പരിശോധിക്കാനും ക്രൈംബ്രാഞ്ച് ഒരുങ്ങുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് പിഎസ്സി സെക്രട്ടറിക്ക് കത്തയക്കും. സംശയിക്കുന്നവര്‍ പട്ടികയില്‍ ഇടംപടിച്ചിട്ടുണ്ടോയെന്ന് അറിയാനാണ് നീക്കം.

കോടതി ഉത്തരവ്
പരീക്ഷാ തട്ടിപ്പിൽ സമഗ്ര അന്വേഷണം വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ പുതിയ നടപടികൾ. തിരുവനന്തപുരം സിജെഎം കോടതിയിലാണ് അഞ്ചാംപ്രതി ഗോകുൽ കീഴടങ്ങിയത്. സെപ്റ്റംബർ 16 വരെ ഗോകുലിനെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. ഗോകുലിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ ലഭിക്കാൻ ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയിട്ടുണ്ട്. പിഎസ്‌സി റാങ്ക് പട്ടികയില്‍ ഇടംനേടിയ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ക്ക് ഉത്തരങ്ങള്‍ എസ്എംഎസായി അയച്ച് നല്‍കിയത് ഗോകുലാണെന്നാണ് കണ്ടെത്തല്‍.

ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്
അതേസമയം പിഎസ്‌സി പരീക്ഷാ തട്ടിപ്പിനെപ്പറ്റി ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇതേപ്പറ്റി സിറ്റിംഗ് ജഡ്ജി തന്നെ അന്വേഷിക്കണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. കേരള ഹൈക്കോടതി തന്നെ പിഎസ്‌സിയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം ഇതേക്കുറിച്ച് നടത്തണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത് . പിഎസ്‌സിയുടെ വിശ്വാസ്യത ഉയർത്തി പിടിക്കുന്നതിനായി ഒരു അന്വേഷണം നടത്തേണ്ടത് അനിവാര്യമാണ്.












Click it and Unblock the Notifications