കൊട്ടിക്കലാശം വര്‍ണശബളം;ഇനി വോട്ടെടുപ്പ്
കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണങ്ങള്‍ സമാപിച്ചു. ഏപ്രില്‍ എട്ടിന് വൈകീട്ട് ആറ് മണിയോടെയായിരുന്നു ഇത്. ആഴ്ചകള്‍ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് അവസാനമായത്.
പതിവിന് വിപരീതമായി ഇത്തവണ പ്രചാരണങ്ങള്‍ക്കായി ഒരു മണിക്കൂര്‍ അധികം ലഭിച്ചു എന്ന പ്രത്യേകതയുണ്ട്. സാധാരണ അഞ്ച് മണിക്കാണ് പ്രചാരണം അവസാനിക്കാറുള്ളത്.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചൊവ്വാഴ്ച രാവിലെ തന്നെ കരുതിക്കൂട്ടിയായിരുന്നു രംഗത്തെത്തിയത്. ആവശ്യത്തിന് ആളും ബഹളവും എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും കാണാമായിരുന്നു. അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ അങ്ങോളമിങ്ങോളം പാഞ്ഞുകൊണ്ടിരുന്നു.
സ്ഥാനാര്‍ത്ഥികള്‍ റോഡ്‌ഷോകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പരമാവധി ആകര്‍ഷകമാക്കാന്‍ എല്ലാവിധ സജ്ജീകരണങ്ങളും മിക്ക സ്ഥാനാര്‍ത്ഥികളും ഒരുക്കിയിരുന്നു. വാഹനങ്ങള്‍ അലങ്കരിച്ച് മോടികൂട്ടിയാണ് പലരും രാവിലെ തന്നെ ഇറങ്ങിയത്.
സ്ഥാനാര്‍ത്ഥിക്കൊപ്പമല്ലാതെ തന്നെ വലിയ വാഹന പ്രചാരണ ജാഥകള്‍ പലയിടത്തും തടന്നു. വാദ്യഘോഷങ്ങളും കലാപ്രകടനങ്ങളും പലയിടത്തും പ്രചാരണത്തിന് കൊഴുപ്പേകി. ചില സ്ഥലങ്ങള്‍ ആവേശമുതിര്‍ക്കാന്‍ കരിമരുന്ന് പ്രയോഗവും നടന്നു.
ഇനിയുള്ള മണിക്കൂറുകള്‍ ആണ് നിര്‍ണായകം. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിമുതല്‍ വ്യാഴാഴ്ച രാവിലെ ഏഴ് മണിവരെ നിശബ്ദ പ്രചാരണം മാത്രമേ നടത്താനാകൂ. ഈ സമയത്താണ് പണം കൊടുത്തും മദ്യം നല്‍കിയും ഉള്ള പ്രലോഭനങ്ങളുമായി പലരും ഇറങ്ങാറുള്ളത്. അതിനാല്‍ തന്നെ ഇത്തരം പ്രദേശങ്ങളില്‍ സ്‌ക്വാഡ് വര്‍ക്കുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച വൈകുന്നേരം മുതലേ ശക്തമായി രംഗത്തുണ്ട്.












Click it and Unblock the Notifications