പൊതുമുതൽ നശിപ്പിച്ച കേസിൽ മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെ 12 പേർ പിഴയടച്ചത് 3.81 ലക്ഷം രൂപ
വടകര : ഒമ്പത് വർഷം മുമ്പ് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉൾപ്പെടെ 12 പേർ നഷ്ടപരിഹാരത്തുകയായ 3,81,000 രൂപ സബ് കോടതിയിൽ അടച്ചു.
1,29,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പോസ്റ്റൽ വകുപ്പിന് വേണ്ടി പോസ്റ്റ് മാസ്റ്റർ കെ രാജൻ നൽകിയ ഹർജിയിലെ വിധിയിൽ ആണ് സബ് ജഡ്ജി ജോജി തോമസ് മുമ്പാകെ തുക അടച്ചത്. തുക അടയ്ക്കാൻ വൈകിയതിനാൽ പലിശയും കോടതി ചെലവും ചേർത്താണ് തുക ഈടാക്കിയത്.

പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്ഐ പോസ്റ്റ് ഓഫിസ് മാർച്ച് നടത്തിയത്.മാർച്ചിനിടയിൽ പോസ്റ്റ് ഓഫീസിലെ കംപ്യൂട്ടറും കിയോസ്കും ജനലുകളും നശിപ്പിച്ചെന്നാണ് കേസ്.
ഈ കേസിൽ 2014 മാർച്ച് 31നാണ് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. കോഴിക്കോട് കോട്ടൂളി പുതുക്കുടി പറമ്പ് ഗ്രേയ്സിൽ പി എ മുഹമ്മദ് റിയാസ് (42) ഒന്നാം പ്രതിയായ കേസിൽ 12 പേർ പ്രതികളായിരുന്നു.
വിധിക്കെതിരെ ജില്ലാ കോടതിയിൽ അപ്പീൽ നൽകിയിരുന്നെങ്കിലും ശിക്ഷ ശരി വെയ്ക്കുകയായിരുന്നു. വൈകിയതിനാൽ ഹൈക്കോടതി അപ്പീൽ സ്വീകരിച്ചില്ല. പിഴ അടയ്ക്കാത്തതിനെ തുടർന്ന് പോസ്റ്റൽ വകുപ്പിന്റെ അഭിഭാഷകൻ എം.രാജേഷ്കുമാർ വിധി നടപ്പാക്കാൻ അപേക്ഷ നൽകിയതിന് പിന്നാലെയായിരുന്നു പിഴത്തുക കെട്ടിവച്ചത്.
2011 ജനുവരി 19നാണ് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച്. റിയാസിന് പുറമെ എം.കെ.ശശി, പി.കെ.അശോകൻ, എ.പി.പ്രജിത്ത്, ഷാജി കൊളരാട്, എ.എം.റഷീദ്, ടി.അനിൽകുമാർ, കെ.എം.മനോജൻ, കെ.കെ.പ്രദീപൻ, പി.ടി.കെ. രാജീവൻ, അജിലേഷ് കൂട്ടങ്ങാരം, ടി.സജിത്ത് കുമാർ എന്നിവരും ചേർന്നാണ് പിഴ തുക അടച്ചത്.
അതേസമയം, വടകര തപാൽ ഓഫീസ് അക്രമിച്ചതുമായ ബന്ധപ്പെട്ട കേസിൽ മൂന്ന് ലക്ഷത്തി എൺപതിനായിരം രൂപ നഷ്ടപരിഹാരം കെട്ടിവെച്ച മന്ത്രി മുഹമ്മദ് റിയാസ് രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. പൊതുമുതൽ നശിപ്പിച്ച കേസിൽ പൊതുമരാമത്ത് മന്ത്രി നഷ്ടപരിഹാരം കെട്ടിവെച്ചത് കേരളത്തിന് അപമാനമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
പൊതുമുതൽ സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയാണ് കേന്ദ്രസർക്കാരിന്റെ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയുടെ കിയോസ്ക്ക് നശിപ്പിച്ചത്. പൊതുജനങ്ങൾക്ക് ഉപകാരപ്രദമാവുന്ന സംവിധാനമാണ് അന്നത്തെ ഡിവൈഎഫ്ഐ നേതാവായിരുന്ന റിയാസ് നശിപ്പിച്ചത്. പിഡിപിപി ചുമത്തപ്പെട്ട മുഹമ്മദ് റിയാസ് പൊലീസ് ഉൾപ്പെടെയുള്ളവരെ ഭരണസംവിധാനം ഉപയോഗിച്ച് കൂറുമാറ്റിയാണ് ക്രിമിനൽ കേസിൽ നിന്നും രക്ഷപ്പെട്ടത്. ഇത് അധികാര ദുർവിനിയോഗമാണ്, അദ്ദേഹം പറഞ്ഞു.
ക്രിമിനൽ കേസ് നിലനിന്നിരുന്നെങ്കിൽ മുഹമ്മദ് റിയാസ് അയോഗ്യനാവുമായിരുന്നു. റിയാസ് കുറ്റം സമ്മതിച്ച സ്ഥിതിക്ക് ക്രിമിനൽ കേസ് റീട്രയൽ നടത്തണം. പ്രോസിക്യൂഷൻ മനപൂർവ്വം പരാജയപ്പെട്ടത് സർക്കാരിന്റെ അധികാര ദുർവിനിയോഗം നടത്തിയതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. മുഹമ്മദ് റിയാസിന് മന്ത്രിയായി തുടരാനുള്ള ധാർമ്മിക അവകാശമില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications