പുല്ലുവിള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ ഉന്നത ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു
തിരുവനന്തപുരം: മെഡിക്കൽ ഓഫീസറെ മാറ്റണമെന്നാവശ്യപ്പെട്ട് പുല്ലുവിള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വീണ്ടും പ്രതിസന്ധി. എല്ലാ മാസവും നടത്താറുള്ള ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ പങ്കെടുക്കാൻ ജില്ലാ മെഡിക്കൽ ഒാഫീസിൽ നിന്നെത്തിയ ഉദ്യോഗസ്ഥരെ ആശുപത്രി ജീവനക്കാർ തടഞ്ഞുവച്ചു.
മൂന്ന് മണിക്കൂറിന് ശേഷം ആരോഗ്യവകുപ്പ് ഡയറക്ടറെത്തി സമരക്കാരുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് ഇവരെ മോചിപ്പിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 10.30ഓടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഒാഫിസറെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു ഉന്നത ഓഫീസിൽ നിന്നെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞത്.

മാസ് മീഡിയ ഒാഫീസർ, മദർ ആൻഡ് ചെൽഡ് ഹെൽത്ത് ഒാഫിസർ എന്നിവരെ മൂന്ന് മണിക്കൂറോളം തടഞ്ഞുവച്ചു. ഉദ്യോഗസ്ഥരും ജീവനക്കാരും സമരത്തിനിറങ്ങിയതോടെ ആശുപത്രിയുടെ പ്രവർത്തനത്തെയും ഭാഗികമായി ബാധിച്ചു. എന്നാൽ ഒ.പിയുടെ പ്രവർത്തനം തടസപ്പെട്ടില്ല. ആശുപത്രി ജീവനക്കാരുടെ പരാതികൾ നേരിട്ട് മനസിലാക്കിയ ആരോഗ്യവകുപ്പ് ഡയറക്ടർ, ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി. മെഡിക്കൽ ഒാഫീസർ, അകാരണമായി തങ്ങളെ പീഡിപ്പിക്കുന്നുവെന്നാണ് ജീവനക്കാരുടെ പരാതി.
മെഡിക്കൽ ഓഫീസറും ഉദ്യോഗസ്ഥരും തമ്മിൽ മാസങ്ങളായുണ്ടായിരുന്ന തർക്കം കവിഞ്ഞ ദിവസം നേരിയ സംഘർഷത്തിനിടയാക്കുകയായിരുന്നു. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന മൂന്ന് സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ഒന്നാണ് പുല്ലുവിളയിലേത്. ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികളും മെഡിക്കൽ ഒാഫിസറും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും ഏറെ പരാതിക്കിട വരുത്തിയിരുന്നു.












Click it and Unblock the Notifications