ബൂത്തിലെത്തിയ വോട്ടർമാർ ഞെട്ടി: ഒന്നല്ല, രണ്ട് വോട്ടെടുപ്പ്: മത്സരാർത്ഥികളും വേറെ, ചൂടേറിയ പോരാട്ടം
കോട്ടയം: പുതുപ്പള്ളിയിലെ ചൂടേറിയ രാഷ്ട്രീയ തിരഞ്ഞെടുപ്പിനൊപ്പം തന്നെ സമാന്തരമായി മറ്റൊരു തിരഞ്ഞെടുപ്പും മണ്ഡലത്തിലെ ബൂത്തുകളില്‍ നടക്കുകയാണ്. ജില്ലാ ഭരണകൂടമാണ് വോട്ടർമാർക്കായി ലക്കി ഡ്രോ സംഘടിപ്പിക്കുന്നത്. വോട്ടർമാരെ ബോധവൽക്കരിക്കാനുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായാണ് പതിവില്‍ നിന്നും വ്യത്യസ്തമായ കാഴ്ചകള്‍.
ബൂത്തുകളെല്ലാം തന്നെ വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും നേതൃത്വത്തില്‍ മനോഹരമായി അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. വോട്ടു ചെയ്യാനെത്തുന്ന മാതാപിതാക്കൾക്കൊപ്പം വരുന്ന കുട്ടികൾക്കു ബൂത്തുകളിൽ പലഹാരങ്ങള്‍ വിതരണം ചെയ്യുന്നുമുണ്ട്. റാഗി കുക്കീസ്, ഡ്രൈ ഫ്രൂട്സ്, നട്സ് ഇവയാണു 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു നൽകുക. രക്ഷിതാക്കള്‍ വോട്ട് ചെയ്യാനായി ക്യൂനില്‍ക്കുമ്പോള്‍ ബോറടിച്ചിരിക്കാതെ കളിക്കാനായി കുട്ടികള്‍ക്ക് ബലൂണും നല്‍കുന്നുണ്ട്.

ബൂത്തുകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ വോട്ടർമാർക്ക് ബൂത്തിന് പുറത്ത് സ്ഥാപിച്ച പെട്ടികളില്‍ എഴുതിയിടാം. ഇവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്കായിരിക്കും അധികൃതർ സമ്മാനം നല്‍കുക. എന്തായിരിക്കും സമ്മാനം എന്നുള്ളത് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ ഏറ്റവും മികച്ച ബൂത്ത് അണിയിച്ചൊരുക്കുന്ന വിദ്യാർത്ഥികള്‍ക്ക് ഹൗസ് ബോട്ട് യാത്രയാണ് സമ്മാനം. ആകെ 62 ബൂത്തുകളാണ് ഇത്തരത്തില്‍ അണിയിച്ചൊരുക്കിയത്. ഇതില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവർക്കാണ് ഹൗസ് ബോട്ട് യാത്രക്ക് അവസരം ലഭിക്കുക.

അതേസമയം, പുതുപ്പള്ളിയില് പതിനൊന്ന് മണിയോടെ 26.60 ശതമാനം വോട്ടെടുപ്പ് രേഖപ്പെടുത്തി. ഇതുവരെ ആകെ 46928 വോട്ടർമാർ തങ്ങലുടെ സമ്മതിദായകാവകാശം വിനിയോഗിച്ചു. ഇതില്‍ 24682 പുരഷന്മാരും 22246 സ്ത്രീകളുമാണ്. യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോർജിയൻ സ്‌കൂളിലെ 126-ാം നമ്പർ ബൂത്തില്‍ കുടുംബ സമേതമെത്തി വോട്ട് രേഖപ്പെടുത്തി. മണർകാട് കണിയാംകുന്ന് ഗവ. എൽ.പി. സ്‌കൂളിലെ 72 -ാം നമ്പർ ബൂത്തിലാണ് എല്‍ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് വോട്ട് രേഖപ്പെടുത്തിയത്. സ്വീപ്പിന്റെ ലക്കി ഡ്രോ മത്സരത്തിന്റെ കൂപ്പൺ പൂരിപ്പിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.
പുതിയ പുതുപ്പള്ളിയെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ മത്സരിക്കുന്നതെന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ ജെയ്ക്ക് സി തോമസ് പറഞ്ഞത്. വികസന രാഷ്ട്രീയവും പുതുപ്പള്ളിയുടെ ജീവിത അനുഭവങ്ങളും മുന്നോട്ട് വെച്ചാണ് ഞങ്ങള്‍ വോട്ട് തേടിയത്. മാറാന്‍ ഉറച്ച് നിന്നിരുന്ന പുതുപ്പള്ളിയുടെ പ്രതികരണം എന്തായിരുന്നുവെന്നത് കഴിഞ്ഞ തവണ തന്നെ നമ്മള്‍ കണ്ടതാണ്. ആ സമയത്തുണ്ടായ മുന്നേറ്റത്തിന്റെ തുടർച്ചയ്ക്കായിരിക്കും ഈ തിരഞ്ഞെടുപ്പും സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും തിരഞ്ഞെടുപ്പ് ദിനത്തില്‍ ജെയ്ക്ക് സി തോമസ് പറഞ്ഞു.












Click it and Unblock the Notifications