എസ്പിയില്‍ ചേരാന്‍ രാജ്യസഭാ സീറ്റ് ചോദിച്ച് അന്‍വര്‍... അഖിലേഷ് പറഞ്ഞതിങ്ങനെ, പിന്നാലെ തൃണമൂലില്‍
കോഴിക്കോട്: കഴിഞ്ഞ ദിവസമാണ് നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സി പി എം സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച അന്‍വര്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി പാര്‍ട്ടിയോട് ഇടഞ്ഞാണ് നില്‍ക്കുന്നത്. ഉപതിരഞ്ഞെടുപ്പിന് മുന്‍പാണ് ഡിഎംകെ എന്ന സ്വന്തം പാര്‍ട്ടി അന്‍വര്‍ രൂപീകരിച്ചത്. തമിഴ്‌നാട്ടിലെ ഡിഎംകെ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു അന്‍വറിന്റെ നീക്കം.
ഇതിന് ശേഷം അന്‍വര്‍ കോണ്‍ഗ്രസിലും മുസ്ലീം ലീഗിലുമെല്ലാം ചേര്‍ന്നേക്കും എന്ന തരത്തില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. ഫോറസ്റ്റ് ആക്രമണ കേസില്‍ ജയില്‍ മോചിതനായതിന് ശേഷം യു ഡി എഫുമായി സഹകരിക്കും എന്നും അന്‍വര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എന്നാല്‍ അതിന് മുന്‍പ് സമാജ്‌വാദി പാര്‍ട്ടിയുമായി സഹകരിക്കാനും അന്‍വര്‍ ആലോചിച്ചിരുന്നു എന്നാണ് വിവരം.

എസ്പിയുമായി നടത്തിയ ചര്‍ച്ചയില്‍ പിവി അന്‍വര്‍ രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിരുന്നു എന്നാണ് വിവരം. ഉത്തര്‍ പ്രദേശില്‍നിന്നും തന്നെ രാജ്യസഭയിലേക്ക് എത്തിക്കണം എന്നതായിരുന്നു ആവശ്യം. ജെ ഡി എസില്‍ നിന്നും അടുത്തിടെ എസ് പിയിലേക്ക് എത്തിയ മലയാളി നേതാവുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് അന്‍വര്‍ രാജ്യസഭയിലേക്കുള്ള തന്റെ താല്‍പര്യം അറിയിച്ചത് എന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷമേ ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയൂ എന്നായിരുന്നു എസ് പി നേതൃത്വത്തിന്റെ മറുപടി എന്നാണ് അറിയുന്നത്. അന്‍വറിന്റെ കാര്യം ജനുവരി 20 ന് ചര്‍ച്ച ചെയ്യാം എന്ന് അഖിലേഷ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. രണ്ട് തവണ എസ് പി നേതാക്കളുമായി അന്‍വര്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഡല്‍ഹി കേന്ദ്രീകരിച്ച് നടന്ന ഈ ചര്‍ച്ചകളുടെ തുടര്‍ച്ചയായിരുന്നു 20-ാം തിയതി നടക്കേണ്ടിയിരുന്നത്. എന്നാല്‍ എസ് പിയുടെ ദേശീയ സെക്രട്ടറിയായിരുന്ന ജോ ആന്റണിക്ക് അന്‍വറിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതിനോട് താല്‍പര്യമില്ലായിരുന്നു. അതിനാല്‍ ആദ്യ ചര്‍ച്ചയ്ക്ക് ശേഷം വലിയ പുരോഗതിയൊന്നുമുണ്ടായില്ല. പിന്നീട് മറ്റ് ചില നേതാക്കള്‍ വഴി രണ്ടാമതും ചര്‍ച്ച നടന്നു.
ഇതിന് മുന്നോടിയായി എറണാകുളത്ത് ഒരു റൗണ്ട് ചര്‍ച്ച, അതിന് ശേഷം ജനുവരി 20 ന് അഖിലേഷ് യാദവുമായി കൂടിക്കാഴ്ച എന്നിങ്ങനെ ആയിരുന്നു പദ്ധതി. എന്നാല്‍ ഇതിനിടെ അന്‍വര്‍ എല്ലാവരേയും അമ്പരപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. കേരളത്തില്‍ യു ഡി എഫിന് പുറത്ത് നിന്ന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള കക്ഷിയാണ് സമാജ് വാദി പാര്‍ട്ടി. അതേസമയം പാര്‍ട്ടി പ്രവേശനം അന്‍വറിന്റെ എം എല്‍ എ സ്ഥാനത്തിന് ആശങ്കയുണര്‍ത്തുന്നതാണ്.
അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ നിയമസഭാംഗത്വം നഷ്ടമാകും എന്നാണ് ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ പിഡിറ്റി ആചാരി പറയുന്നത്. സ്വതന്ത്രനായി മത്സരിച്ച് ജയിച്ചയാള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗത്വമെടുക്കാനാവില്ല എന്നും പരാതി ലഭിച്ചാല്‍ നടപടി എടുക്കേണ്ടത് നിയമസഭാ സ്പീക്കര്‍ ആണെന്നും ആചാരി പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചെങ്കിലും തൃണമൂല്‍ അംഗത്വമെടുത്തിട്ടില്ല എന്നാണ് അന്‍വര്‍ പറയുന്നത്.












Click it and Unblock the Notifications