മദ്യനയം തിരുത്തണമെന്ന് രാഹുലും പറയുമോ...
തിരുവനന്തപുരം: കേരളത്തിലെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ മദ്യനയത്തെ ചൊല്ലിയുള്ളതാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഏതാണ്ട് പിടികിട്ടിയിട്ടുണ്ട്. ഘടകക്ഷി നേതാക്കള്‍ക്കെല്ലാം പറയാനുണ്ടായത് കോണ്‍ഗ്രസിലെ തമ്മിലടിയെ പറ്റി തന്നെ.
നിലവിലെ സാഹചര്യത്തില്‍ ഒരു സമവായമുണ്ടാക്കാനായിരിക്കും രാഹുല്‍ ശ്രമിക്കുക എന്നാണ് വിവരം. കേരളത്തിലെ നേതാക്കളുടെ താത്പര്യം മറികടന്നായിരുന്നു ഹൈക്കമാന്റ് വിഎം സുധീരനെ കെപിസിസി പ്രസിഡന്റ് ആയി നിയമിച്ചത്. എന്നാല്‍ ഹൈക്കമാന്റ് തന്നെ സുധീരനെ തള്ളുമോ എന്നാണ് സംശയം.

സുധീരന്റെ ജനപക്ഷയാത്രയുടെ സമാപനത്തിനാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത്. ഘടകക്ഷി നേതാക്കളെ കണ്ട രാഹുല്‍ ആദ്യമേ ചോദിച്ചത് ഉമ്മന്‍ ചാണ്ടിയേയും, രമേശ് ചെന്നിത്തലയേയും, വിഎം സുധീരനേയും കുറിച്ചാണെന്നാണ് വിവരം. ഇവിടത്തെ തമ്മില്‍ തല്ല് ഘടകകക്ഷി നേതാക്കള്‍ രാഹുലിനെ ബോധ്യപ്പെടുത്തിയിട്ടും ഉണ്ട്.

മദ്യ നയത്തില്‍ പ്രായോഗിക മാറ്റം ആവശ്യമാണെന്ന് പല ഘടകകക്ഷി നേതാക്കളും രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിലെ തന്നെ എ, ഐ ഗ്രൂപ്പുകള്‍ക്കും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായമാണ്. സുധീരനെ പിന്തുണക്കുന്ന ഒരു ചെറിയ വിഭാഗം മാത്രമേ നയത്തില്‍ മാറ്റം പാടില്ലെന്ന് വാശിപിടിക്കുന്നുളളൂ. ഇതിന് പിന്തുണയുമായി മുസ്ലീം ലീഗും ഉണ്ട്.
മദ്യത്തിനെതിരെ സുധീരന്‍ നടത്തിയ ജനപക്ഷയാത്ര സമാപിക്കുമ്പോള്‍, അതിനായി എത്തിയ രാഹുല്‍ ഗാന്ധി തന്നെ സുധീരനെ തള്ളിപ്പറയുമോ എന്നാണ് ഇപ്പോള്‍ പലരും സംശയിക്കുന്നത്. കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ രാഹുല്‍ ഇക്കാര്യത്തില്‍ നിലപാട് പറഞ്ഞേക്കും.












Click it and Unblock the Notifications