രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; എംപി സ്ഥാനം തിരിച്ചുകിട്ടിയ ശേഷമുള്ള ആദ്യ സന്ദർശനം; വയനാട്ടിൽ വൻ ഒരുക്കങ്ങൾ
കല്പറ്റ: രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ. എം പി സ്ഥാനം പുനസ്ഥാപിച്ച ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി കേരളത്തിൽ എത്തുന്നത്. രണ്ട് ദിവസത്തെ പരിപാടിയാണ് ക്രമീകരിച്ചിരിക്കുന്നത്.
ഉച്ചയ്ക്ക് ശേഷം കൽപറ്റ നഗരത്തിൽ ആണ് ആദ്യ പരിപാടി. എംപിയുടെ കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച 9 വീടുകളുടെ താക്കോൽ പൊതു സമ്മേളനത്തിൽ കൈമാറും. രാഹുൽ ഗാന്ധിക്ക് വലിയ സ്വീകരണം നൽകാനുള്ള ഒരുക്കങ്ങളാണ് കൽപറ്റയിൽ നടക്കുന്നത്.

ഇന്ന് വൈകിട്ട് മൂന്നിന് കൽപ്പറ്റയിലെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന പരിപാടിയിൽ കാൽലക്ഷം പ്രവർത്തകർ എത്തുമെന്നാണ് വിവരം. വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കെപിസിസി വർക്കിംഗ് പ്രസിഡന്റ് അഡ്വ. സിദ്ധിഖ്, എ പി അനിൽ കുമാർ എം എൽ എ, ഐ സി ബാലകൃഷ്ണൻ എം എൽ എ, വയനാട് ജില്ലയുടെ ചുമതലയുള്ള കെ പി സി സി ജനറൽ സെക്രട്ടറി ജമീല അലിപ്പറ്റ എന്നിവരുടെ നേതൃത്വത്തിലാണ് ഒരിക്കങ്ങൾ നടത്തുന്നത്.
ഐ സി സി ജനറൽ സെക്രട്ടറിമാരായ കെ സി വേണഗോപാൽ, താരിഖ് അൻവർ, കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, കെ മുരളീധരൻ എം പി, എം കെ രാഘവൻ എം പി, എൻ കെ പ്രേമചന്ദ്രൻ എം പി, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, ഇ ടി. മുഹമ്മദ് ബഷീർ എം പി, സി പി ജോൺ, ദേവരാജ തുടങ്ങിയവർ പങ്കെടുക്കും.
നാളെ 11 മണിക്ക് മാനന്തവാടി നല്ലൂർനാട് അംബേദ്ക്കർ മെമ്മോറിയൽ കാൻസർ സെന്ററിന്റെ എച്ച് ടി കണക്ഷന്റെ ഉദ്ഘാടനവും രാഹുൽ നിർവഹിക്കും. വൈകീ ട്ട് 6 ആറരയ്ക്ക് കോടഞ്ചേരിയിലെ കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററിന്റെ ശിലാസ്ഥാപനവും നിർവഹിക്കും. പ്രചാരണത്തിനായി രാഹുൽ പുതുപ്പള്ളി സന്ദർശിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications