മഴ:3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, 178 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി മുഖ്യമന്ത്രി
തിരുവനന്തപുരം: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. ഈ ജില്ലകളിലെ പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധിയായിരിക്കും.എംജി സർവകലാശാല വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

എറണാകുളത്ത് കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും.
മഴക്കെടുതിയെത്തുടർന്നു സംസ്ഥാനത്ത് 178 ക്യാംപുകൾ തുറന്നതായി മുഖ്യമന്ത്രി അറിയിച്ചു. 5168 പേരെ ഇവിടങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു. രൂക്ഷമായ മഴക്കെടുതിയിൽ സംസ്ഥാനത്ത് മൂന്നു വീടുകൾ കൂടി പൂർണമായും 72 വീടുകൾ ഭാഗികമായും തകർന്നു. ഇതോടെ കഴിഞ്ഞ ഞായറാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്തു പൂർണമായി തകർന്ന വീടുകളുടെ എണ്ണം 30 ആയി. 198 വീടുകൾക്കു ഭാഗീക നാശനഷ്ടവുമുണ്ടായി.
മഴക്കെടുതിയിൽ ഇന്ന് 3 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തുടനീളം മഴക്കെടുതിയിൽ ആകെ 15 ജീവനുകളാണ് ഇതുവരെ നഷ്ടപ്പെട്ടിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഏറ്റവും പുതിയ മഴസാധ്യത പ്രവചന പ്രകാരം ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളും ആണ് അതിശക്തമായ മഴ, ഓറഞ്ച് അലേർട്ട് പ്രഖ്യപിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കണം.മുന്നറിയിപ്പുകൾ ഗൗരവമായി കാണുകയും അധികൃതരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചു ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും തയ്യാറാകണം.
അണക്കെട്ടുകളിൽ ലോവർ പെരിയാർ (ഇടുക്കി),കല്ലാർകുട്ടി(ഇടുക്കി),പൊന്മുടി(ഇടുക്കി),ഇരട്ടയാർ (ഇടുക്കി), കുണ്ടള (ഇടുക്കി), മൂഴിയാർ(പത്തനംതിട്ട) എന്നിവയിൽ റെഡ് അലേർട്ട് പ്രഖ്യപിച്ചിട്ടുണ്ട്. കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ് പ്രകാരം, നെയ്യാർ(അരുവിപ്പുറം), മണിമല (കല്ലൂപ്പാറ), കരമന(വെള്ളൈകടവ്), ഗായത്രി(കൊണ്ടാഴി), മണിമല(പുലകയർ) അച്ചൻകോവിൽ(തുമ്പമൺ),തൊടുപുഴ(മണക്കാട്), മീനച്ചിൽ(കിടങ്ങൂർ), പമ്പ(മാടമണ്) എന്നീ നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യം ആണ് നിലവിലുള്ളത്.
കേരളത്തിൽ ഓഗസ്റ്റ് 4 വരെ മത്സ്യബന്ധനം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. ആയതിനാൽ മത്സ്യതൊഴിലാളികൾ യാതൊരു കാരണവശാലും മുന്നറിയിപ്പുകൾ അവഗണിക്കരുത്. ബോട്ടുകളും വള്ളങ്ങളും മറ്റു മത്സ്യബന്ധനഉപകരണങ്ങളും സുരക്ഷിതസ്ഥാനങ്ങളിൽ വെക്കേണ്ടതാണ്.
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ ഓരോ ടീമുകളെ ഇടുക്കി,മലപ്പുറം, കോഴിക്കോട്,വയനാട്,കോട്ടയം, കാസറഗോഡ്, എന്നീ ജില്ലകളും തൃശൂർ ജില്ലയിൽ രണ്ടു ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ഡിഫെൻസ് സെക്യൂരിറ്റി കോപ്സ് ന്റെ രണ്ടു യൂണിറ്റ് കണ്ണൂർ, പാലക്കാട് ജില്ലകളിലും കരസേനയുടെ ഒരു കോളം തിരുവനന്തപുരം ജില്ലയിലും സജ്ജരാണ്. പോലീസ്, ഫയർഫോഴ്സ്, സന്നദ്ധസേന, സിവിൽ ഡിഫെൻസ് വളന്റീയർസ് എന്നിവരെയും എല്ലാ ജില്ലകളിലും വിന്യസിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications