കോണ്‍ഗ്രസിന് കലികാലം തന്നെ; സ്വന്തം അംഗങ്ങള്‍ പണി കൊടുത്തു, അസമില്‍ രാജ്യസഭ സീറ്റ് നഷ്ടമായി
ഗുഹാവത്തി: വിവിധ സംസ്ഥാനങ്ങളിലെ രാജ്യസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം പൂർത്തിയായപ്പോള്‍ കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്ന സംസ്ഥാനം ആസാമായിരുന്നു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റിലും കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബി ജെ പി വിജയം പിടിച്ചെടുക്കുകയായിരുന്നു.
രണ്ടില്‍ ഒരു സീറ്റ് നേടാന്‍ കഴിയുമെന്നായിരുന്നു വോട്ടെടുപ്പിന്റെ അവസാനം നിമിഷം വരെ കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതിപക്ഷ എംഎൽഎമാരുടെ ക്രോസ് വോട്ടിംഗിനെ തുടർന്നുണ്ടായ നാടകീയ രംഗങ്ങള്‍ക്ക് ശേഷം രാത്രി വൈകിയോടെ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ രണ്ട് സീറ്റുകളിലും കോണ്‍ഗ്രസ് പരാജയപ്പെടുകയായിരുന്നു.

ഒന്നിലേറെ സീറ്റുകളിലേക്ക് മത്സരം വരുന്ന സാഹചര്യങ്ങളില്‍
എല്ലാ കാലത്തും അസമില്‍ നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് തങ്ങളുടെ പ്രതിനിധികളെ വിജയിപ്പിക്കാന്‍ സാധിച്ചിരുന്നു. ഒരുകാലത്ത് പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് വരെ ആസാമിൽ നിന്നുള്ള രാജ്യസഭാ പ്രതിനിധിയായിരുന്നു എന്നത് കൂടി പരിശോധിക്കുമ്പോഴാണ് ഇപ്പോഴത്തെ തിരിച്ചടിയുടെ ആഴം വർധിപ്പിക്കുന്നത്.

മുന്‍കോണ്‍ഗ്രസ് നേതാവും ഇപ്പോഴത്തെ ബി ജെ പി മുഖ്യമന്ത്രിയുമായ ഹിമ്വന്ത് ശർമ്മായാണ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് ഭരണകക്ഷിയുടെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാൻ പ്രതിപക്ഷ അംഗങ്ങളോട് ശർമ്മ അഭ്യർത്ഥിക്കുക മാത്രമല്ല, സഖ്യകക്ഷിയായ യുപിപിഎല്ലിലെ റൂംഗ്ര നർസരിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പാക്കാൻ അണിയറയില്‍ നിന്ന് പ്രവർത്തിക്കുകയും ചെയ്തു ശർമ്മ.

ബി ജെ പിയുടെ പബിത്ര മാർഗരിറ്റയും സഖ്യകക്ഷിയായ യു പി പി എല്ലിലെ റൂങ്‌ഗ്ര നർസാരിയുമാണ് ഇത്തവണ അസമിൽ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം കോൺഗ്രസ് സ്ഥാനാർത്ഥിയായ റിപുൺ ബോറ ക്രോസ് വോട്ടിംഗ് കാരണം സീറ്റ് നിലനിർത്തുന്നതില്‍ പരാജയപ്പെടുകയായിരുന്നു. മാർഗരിറ്റയ്ക്ക് 46 വോട്ടുകൾ ലഭിച്ചപ്പോൾ, നർസാരിക്ക് 44 വോട്ടുകൾ ലഭിച്ചു. ക്രോസ് വോട്ടിംഗിലൂടെ ബോറയുടെ വോട്ടിന്റെ എണ്ണം 35 ആയി കുറഞ്ഞു.126 അംഗ സഭയില്‍ ഒരു കോൺഗ്രസ് എംഎൽഎയുടെ ഒരു വോട്ട് അസാധുവുമായി.

ബി ജെ പിയുടെ 63, എജിപിയുടെ ഒമ്പത്, യുപിപിഎലിന്റെ ഏഴ് സീറ്റുകൾ എന്നിങ്ങനെ അസം നിയമസഭയിൽ, ഭരണകക്ഷിയായ എൻഡിഎയ്ക്ക് 79 സീറ്റുകളാണുള്ളത്. കോൺഗ്രസിന് 27, എഐയുഡിഎഫിന് 15, ബിപിഎഫിന് മൂന്ന്, സിപിഐ എമ്മിന് ഒന്ന്, ഒരു സ്വതന്ത്രൻ എന്നിങ്ങനെ 47 ആണ് പ്രതിപക്ഷ പാർട്ടികളുടെ ആകെ അംഗബലം. ഇതുവരെ ഔദ്യോഗികമായി രാഷ്ട്രീയ സഖ്യത്തിൽ ഏർപ്പെട്ടിട്ടില്ലെങ്കിലും ബിപിഎഫ് തിരഞ്ഞെടുപ്പില്‍ സംസ്ഥാന സർക്കാരിന് പിന്തുണ നൽകിയിരുന്നു.

എം എല്‍ എമാരുടെ കൂറുമാറ്റമാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. പാർട്ടിയുടെ വിപ്പ് ലംഘിച്ചതിന് ശശി കാന്താ ദാസ്, സിദ്ദിഖ് അഹമ്മദ്, ഷെർമാൻ അലി അഹമ്മദ് എന്നീ മൂന്ന് എംഎൽഎമാരെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. എൻഡിഎ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യുമെന്ന് ദാസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വോട്ട് രേഖപ്പെടുത്തുമ്പോൾ അക്കങ്ങൾക്ക് പകരം മനപ്പൂർവ്വം വാക്കുകളിൽ 'ഒന്ന്' എന്ന് എഴുതിയതിന് കരിംഗഞ്ച് (സൗത്ത്) എം.എൽ.എ അഹമ്മദിനെ കോൺഗ്രസ് ഉടൻ തന്നെ സസ്പെൻഡ് ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ വോട്ടാണ് അസാധുവായി പ്രഖ്യാപിച്ചത്.

ബി ജെ പിയുടെ മൂന്നും കോൺഗ്രസിന്റെയും ബി പി എഫിന്റെയും ഓരോരുത്തർ ഉൾപ്പെടെ അഞ്ച് എം എൽ എമാർക്കെതിരെ പ്രതിപക്ഷമായ കോൺഗ്രസ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് (സിഇസി) പരാതി നൽകിയതിനെ തുടർന്നായിരുന്നു വോട്ടെണ്ണൽ വൈകിയത്. അതേസമയം വിജയിച്ച സ്ഥാനാർത്ഥികൾക്ക് പ്രതിപക്ഷത്തിന്റെ മനഃസാക്ഷി വോട്ട് ലഭിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications