'കണ്ണടച്ച് വിശ്വസിച്ചവർ നേരം വെളുത്തപ്പോൾ തള്ളിപ്പറഞ്ഞു', ചില എംഎൽഎമാരെപ്പറ്റി ചെന്നിത്തല
തിരുവനന്തപുരം: 5 വര്‍ഷക്കാലം പ്രതിപക്ഷത്തെ മുന്നില്‍ നിന്ന് നയിച്ചു. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ പല ആരോപണങ്ങളും ഉയര്‍ത്തിക്കൊണ്ട് വന്നു. പലതില്‍ നിന്നും സര്‍ക്കാരിന് പിന്‍വാങ്ങേണ്ടി വന്നു. എന്നാല്‍ ഇതൊന്നും തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് എത്തിക്കാനായില്ല.
ഫലമോ, പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തലയ്ക്ക് പടിയിറങ്ങേണ്ടി വന്നു. കോണ്‍ഗ്രസിന് പുതിയ നേതൃത്വം വന്നു. രമേശ് ചെന്നിത്തലയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും പാര്‍ട്ടിക്കുള്ളില്‍ സംതൃപ്തരല്ല. അതിനിടെ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയതിലടക്കം രമേശ് ചെന്നിത്തലയുടെ തുറന്ന് പറച്ചിലുകള്‍ ചര്‍ച്ചയാവുകയാണ്.
ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷമുള്ള ദില്ലി നഗരത്തിന്റെ ആകാശ കാഴ്ച- ചിത്രങ്ങള്‍ കാണാം

വന്‍ പൊളിച്ചെഴുത്തുകള്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ തോല്‍വിയാണ് യുഡിഎഫിന് ഏറ്റുവാങ്ങേണ്ടി വന്നത്.ഇതോടെ കോണ്‍ഗ്രസില്‍ വന്‍ പൊളിച്ചെഴുത്തുകള്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് ചെന്നിത്തലയെ മാറ്റില്ലെന്നായിരുന്നു അവസാന നിമിഷം വരെയുളള കണക്ക് കൂട്ടല്‍. എന്നാല്‍ ഹൈക്കമാന്‍ഡ് ചെന്നിത്തലയെ തഴഞ്ഞ് വിഡി സതീശനെ തിരഞ്ഞെടുത്തു. അതിലുളള അതൃപ്തി ചെന്നിത്തല നേരത്തെ തന്നെ പരസ്യമാക്കിയിട്ടുളളതാണ്.

നേരം വെളുത്തപ്പോള്‍ തന്നെ തള്ളിപ്പറഞ്ഞു
തന്നോട് ഒപ്പമുണ്ടെന്ന് തലേ ദിവസം വരെ പറഞ്ഞ ചില എംഎല്‍എമാര്‍ പിറ്റേ ദിവസം നേരം വെളുത്തപ്പോള്‍ തന്നെ തള്ളിപ്പറഞ്ഞുവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അത് തന്നെ ഞെട്ടിച്ചു. താന്‍ കൈ പിടിച്ച് വളര്‍ത്തിയവരും കണ്ണടച്ച് വിശ്വസിച്ചവരും വരെ അക്കൂട്ടത്തിലുണ്ട്. ഘടകക്ഷികളെ പിണക്കി സീറ്റ് നല്‍കിയവരുണ്ട്. ഒരു സുപ്രഭാതത്തില്‍ അവര്‍ തള്ളിപ്പറഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ലെന്ന് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ചെന്നിത്തല പറഞ്ഞു.

അത് വിശ്വാസ വഞ്ചന
സ്വതന്ത്രമായ നിലപാട് അവര്‍ക്ക് എടുക്കാം. എന്നാല്‍ അത് തുറന്ന് പറയണമായിരുന്നുവെന്നും ചെന്നിത്തല പറയുന്നു. തനിക്കൊപ്പമാണെന്ന് വിശ്വസിപ്പിക്കുകയും ശേഷം ഹൈക്കമാന്‍ഡിനോട് മറ്റൊരു പേര് പറയുകയും ചെയ്തു. അത് വിശ്വാസ വഞ്ചന ആണെന്ന് ചെന്നിത്തല തുറന്നടിച്ചു. ഉയരങ്ങളിലേക്ക് എത്തണം എന്നുളള ആഗ്രഹം നല്ലതാണ്. എന്നാല്‍ ബന്ധങ്ങള്‍ തിരിച്ചറിയാന്‍ കഴിയണമെന്നും ചെന്നിത്തല പറഞ്ഞു.

മാറി നില്‍ക്കാനാണ് താന്‍ ആഗ്രഹിച്ചത്
തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാനാണ് താന്‍ ആഗ്രഹിച്ചതെന്ന് ചെന്നിത്തല പറയുന്നു. ഇപ്പോള്‍ മാറേണ്ടെന്ന് ആദ്യം പറഞ്ഞത് ഉമ്മന്‍ചാണ്ടിയാണ്. തന്നോട് സംസാരിച്ച മുതിര്‍ന്ന നേതാക്കളും അത് തന്നെയാണ് പറഞ്ഞത്. പ്രതിപക്ഷ നേതാവിനെ മാറ്റാന്‍ ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നുണ്ടോ എന്ന് അറിയാനും ശ്രമം നടത്തിയിരുന്നുവെന്ന് രമേശ് ചെന്നിത്തല പറയുന്നു.

മുന്‍വിധിയൊന്നും ഇല്ല
കെസി വേണുഗോപാലിനെ വീട്ടില്‍ പോയി കണ്ട് ഉമ്മന്‍ചാണ്ടി അക്കാര്യം തിരക്കിയിരുന്നു. മല്ലികാര്‍ജുന ഖാര്‍ഗെയോടും ഇക്കാര്യം ഉമ്മന്‍ചാണ്ടി തിരക്കിയിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ മുന്‍വിധിയൊന്നും ഇല്ല എന്നായിരുന്നു മറുപടി. നിയമസഭാ കക്ഷിയില്‍ തനിക്ക് ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡ് തീരുമാനത്തെ അനുസരിക്കും. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റിയതിലല്ല, മാറ്റിയ രീതിയിലാണ് എതിര്‍പ്പെന്നും ചെന്നിത്തല പറഞ്ഞു.
Recommended Video

അരിക്ക് മുന്നില്‍ അഴിമതി നിന്നില്ല
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്ര വലിയ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ല. തങ്ങള്‍ പല അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും അരിക്ക് മുന്നില്‍ അഴിമതി നിന്നില്ല. കൊവിഡ് ദുരിതത്തില്‍ ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ കാരുണ്യമായി മാറി. രണ്ട് മാസത്തെ പെന്‍ഷനടക്കം കിട്ടിയപ്പോള്‍ ജനം മറ്റ് കാര്യങ്ങള്‍ ഓര്‍ത്തില്ലെന്നും രമേശ് ചെന്നിത്തല അഭിമുഖത്തില്‍ പറഞ്ഞു.
ഗ്ലാമറസ് ലുക്കുകളില്‍ പോസ് ചെയ്ത് മൗനി റോയ്, പുത്തന്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications