രഞ്ജിത്തിന്റേയും സിദ്ധീഖിന്റേയും രാജിയില്‍ ഒതുങ്ങില്ല; സജി ചെറിയാനും രാജിവെക്കണം: വിഡി സതീശന്‍
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തും അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ധിഖും രാജിവച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അക്കാദമി ചെയര്‍മാനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഗുരുതര ആരോപണത്തിന്റെ സാഹചര്യത്തില്‍ രാജി അനിവാര്യമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കുകയും പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടുകയും വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇരകളെ തള്ളിപ്പറയുകയും ചെയ്ത സജി ചെറിയാനും മന്ത്രി സ്ഥാനം രാജിവയ്ക്കണം. സാംസ്‌കരിക മന്ത്രി പരസ്യമായി രംഗത്തിറങ്ങി വേട്ടക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ചത് കേരളത്തിന് തന്നെ അപമാനമാണ്. നിയമപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്തം നിറവേറ്റാതെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സജി ചെറിയാന് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. സ്വമേധയാ രാജി വച്ചില്ലെങ്കില്‍ രാജി ചോദിച്ചുവാങ്ങാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

രണ്ടു പേരുടെ രാജിയില്‍ പ്രശ്‌നങ്ങളൊക്കെ അവസാനിക്കുമെന്ന് സര്‍ക്കാര്‍ കരുതരുത്. പോക്‌സോ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നെന്ന് വ്യക്തമായിട്ടും നാലര വര്‍ഷം അത് മറച്ചുവച്ചതിലൂടെ മുഖ്യമന്ത്രിയും ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളിലെ സാംസ്‌കാരിക മന്ത്രിമാരും ഉദ്യോഗസ്ഥരും ഗുരുതര കുറ്റമാണ് ചെയ്തിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍ മേല്‍ അന്വേഷണം നടത്താന്‍ വനിത ഐ പി എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘത്തെ അടിയന്തിരമായി ചുമതലപ്പെടുത്തണം. യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പ്രതികളെ സംരക്ഷിക്കാനും വേട്ടക്കാരെയും ഇരകളെയും ഒപ്പമിരുത്തിയുള്ള കോണ്‍ക്ലേവ് നടത്താനുമാണ് സര്‍ക്കാര്‍ ഇനിയും ശ്രമിക്കുന്നതെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും വിഡി സതീശന്‍ കൂട്ടിച്ചേർത്തു.
യുവ നടിയുടെ ആരോപണത്തിന് പിന്നാലെ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവെച്ച സിദ്ധീഖിനെതിരേയുള്ള തുടർ നടപടികള്‍ സ്വീകരിക്കേണ്ടത് സർക്കാരാണെന്ന് നടി മാലാ പാർവതി. അദ്ദേഹത്തിനെതിരെ കേസെടുക്കുക എന്നുള്ളത് സർക്കാറിന്റെ ഉത്തരവാദിത്തമാണെന്നും മാലാ പാർവതി വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.
നിയമപരമായി മുന്നോട്ട് പോകില്ലെന്ന് പരാതിക്കാരിയായ നടി ഇന്നലെ ടിവി മാധ്യമങ്ങളിലൂടെ പറയുന്നത് കേട്ടിരുന്നു. സർക്കാർ സ്വമേധയാ കേസ് എടുക്കുകയാണെങ്കില്‍ അവരുടെ നിലപാട് എന്തായിരിക്കും എന്ന് അറിയില്ല. ഇത്തരക്കാർ ആരായിരുന്നാലും നിയമപരമായ നടപടികള്‍ നേരിടേണ്ടവരാണ് എന്നതില്‍ സംശയമില്ല.സിദ്ധീഖ് റേപ്പ് ചെയ്തു എന്ന് തന്നെയാണ് അവർ ഇന്നലെ പറഞ്ഞത്. ഗുരുതരമായ കാര്യമാണ്. സംവിധായകന്‍ രഞ്ജിത്തിന്റെ കാര്യത്തിലും സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും മാലാ പാർവതി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications