പെട്രോള്‍-ഡീസല്‍ എക്‌സൈസ് തീരുവ കുറച്ചത് കേന്ദ്രത്തിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമം: ബാലഗോപാല്‍
തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചത് മുഖം രക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ താൽക്കാലിക നടപടിമാത്രമാണെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 'ഇപ്പോൾ ഈ കുറവ് വരുത്തിയത് രാജ്യത്താകെ ഉയർന്നുവന്ന ജനരോഷത്തിൽ നിന്നും താൽക്കാലികമായി മുഖം രക്ഷിച്ചെടുക്കാനാണ്'- മന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് പെട്രോളിനും ഡീസലിനും മേൽ ചെലുത്തിയിരുന്ന പ്രത്യേക എക്സൈസ് നികുതിയിൽ ചെറിയ കുറവ് വരുത്താൻ കേന്ദ്ര ഗവൺമെന്റ് ഇന്ന് തയ്യാറായിട്ടുണ്ട്. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും ആണ് ഇതുവഴി കുറയുക. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരു ലിറ്റർ ഡീസലിനും പെട്രോളിനും മേൽ 30 രൂപയിലധികം പ്രത്യേക നികുതിയും സെസും കേന്ദ്ര ഗവൺമെന്റ് ചുമത്തിയിരുന്നു. സംസ്ഥാനങ്ങൾക്ക് വീതം വെക്കേണ്ടതില്ലാത്ത ഈ നികുതിവരുമാനം പെട്രോളിയത്തിന്റെ അന്തർദേശീയ വിലവ്യതിയാനങ്ങളുമായി ബന്ധമില്ലാതെ കേന്ദ്രം ചുമത്തുന്ന അധിക നികുതിയാണ്.

ഇപ്പോൾ ഈ കുറവ് വരുത്തിയത് രാജ്യത്താകെ ഉയർന്നുവന്ന ജനരോഷത്തിൽ നിന്നും താൽക്കാലികമായി മുഖം രക്ഷിച്ചെടുക്കാനാണ്. പെട്രോളിനും ഡീസലിനും മേലുള്ള സംസ്ഥാന നികുതി കഴിഞ്ഞ ആറു വർഷമായി ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെൻറുകൾ വർധിപ്പിച്ചിട്ടില്ല. മാത്രമല്ല ഇക്കാലയളവിൽ ഒരു തവണ നികുതി കുറയ്ക്കുകയും ചെയ്തു. നിലവിലുള്ള കേന്ദ്ര നികുതിക്കു പുറമെ പ്രത്യേക നികുതിയായും സെസ് ആയും കേന്ദ്രം വസൂലാക്കിക്കൊണ്ടിരുന്ന മുപ്പതിലധികം രൂപ ഓരോ ലിറ്റർ ഡീസൽ നിന്നും പെട്രോളിൽ നിന്നും അടിയന്തരമായി കുറവ് ചെയ്ത് ജനങ്ങളെ സഹായിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കുറയുന്ന രീതിയിൽ എക്സൈസ് തീരുവ കുറയ്ക്കാനുള്ള തീരുമാനം ജനങ്ങൾക്ക് താൽക്കാലിക ആശ്വാസം നൽകുന്നതാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. അപ്പോഴും 2014ൽ യു. പി. എ. സർക്കാർ ഈടാക്കിയിരുന്ന നികുതിയുടെ ഇരുന്നൂറ് ശതമാനമെങ്കിലും ഇപ്പോഴും സർക്കാർ ജനങ്ങളിൽ നിന്ന് ഈടാക്കുന്നുണ്ട് എന്നതാണ് വാസ്തവം. സർക്കാരിന്റെ ദീപാവലി സമ്മാനം എന്നൊക്കെ വ്യാഖ്യാനം നൽകുന്നവർ അത് മറന്നു പോവരുത്. ഉപതിരഞ്ഞെടുപ്പുകളിൽ ഉണ്ടായ തിരിച്ചടിയും ഉയർന്ന് വരുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ സമ്മർദ്ദവും ആണ് സർക്കാരിനെ ഇപ്പോൾ ഈ നടപടിക്ക് പ്രേരിപ്പിച്ചിരിക്കുന്നത്.
കോൺഗ്രസ് വിലനിയന്ത്രണാധികാരം കമ്പനികൾക്ക് നൽകിയതാണ് ഇന്ധന വില കൂടാൻ കാരണം എന്ന വാദം ഉയർത്തി ജനങ്ങളെ പിഴിഞ്ഞ് കൊണ്ടിരിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വാദം പൊള്ളയാണെന്ന് തെളിയിക്കുന്നത് കൂടിയാണ് ഈ നടപടി. വിപണി വില നിശ്ചയിക്കുക എന്ന മൻമോഹൻ സിംഗ് സർക്കാരിന്റെ നയമല്ല, അടിസ്ഥാന വിലയിൽ മുന്നൂറ് ഇരട്ടിയോളം കേന്ദ്ര സർക്കാർ കൂട്ടിയ എക്സൈസ് തീരുവയും അതിനനുസരിച്ചു വർധിക്കുന്ന സംസ്ഥാന സർക്കാരിന് ലഭിക്കുന്ന ടാകസും സെസ്സും ആണ് വില വർധിപ്പിക്കുന്നതെന്നു ഇതോടെ വ്യക്തമാവുകയാണ്. കേന്ദ്ര സർക്കാർ ചെയ്യേണ്ടത് ന്യായമായ എക്സൈസ് തീരുവ മാത്രം ഈടാക്കി ഇന്ധനം ജനങ്ങൾക്ക് നൽകുക എന്നതാണ്. അവശ്യ സാധനങ്ങളുടെ വില ഉൾപ്പടെ ജനങ്ങളുടെ ജീവിതത്തിൽ കാര്യമായ മാറ്റം ഉണ്ടാക്കാൻ അത് ഉപകരിക്കും. അതിനുള്ള നടപടിയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി ഇനത്തില്‍ 5 രൂപയാണ് കേന്ദ്ര കുറച്ചത്. ഡീസലിന്റെ എക്സൈസ് ഡ്യൂട്ടി ഇനത്തില്‍ 10 രൂപയും കുറവ് വരുത്തി. പുതിയ നിരക്കുകള്‍ ഇന്ന് അര്‍ധ രാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ധന വില തുടര്‍ച്ചയായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായ പ്രതിഷേധം തുടര്‍ന്ന് വരുന്ന സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കം. ഡീസലിന്റെ എക്സൈസ് ഡ്യൂട്ടി ഇനത്തില്‍ കുറവ് വരുത്താന്‍ കേന്ദ്രം തയ്യാറാവണമെന്നായിരുന്നു പ്രതിപക്ഷത്തിന്റേയും ആവശ്യം.












Click it and Unblock the Notifications