കവി സച്ചിദാനന്ദന് ഫേസ്ബുക്കിന്റെ വിലക്ക്; കാരണം മോദിയേയും അമിത് ഷായേയും വിമർശിച്ചത്?
തിരുവനന്തപുരം: വിഖ്യാത കവി കെ സച്ചിദാനന്ദന് ഫേസ്ബുക്കിൽ വിലക്ക്. നരേന്ദ്ര മോദിയേയും അമിത് ഷായേയും വിമർശിച്ചതിന്റെ പേരിലാണ് ഫേസ്ബുക്ക് വിലക്ക് എന്ന് കവി പറയുന്നു. ഏപ്രിൽ 21 ന് ഇത്തരത്തിൽ ഫേസ്ബുക്കിൽ നിന്ന് ഒരു താക്കീത് ലഭിച്ചിരുന്നു എന്നാണ് കവി പറയുന്നത്.
ഇതിന് മുന്പും, പലതവണ ഫേസ്ബുക്കിലെ പല കമന്റുകളും അപ്രത്യക്ഷമാകാറുണ്ട്. ഒരു നിരീക്ഷക സംഘം തന്നെ പോലുള്ള വിമർശകർക്ക് പിറകേ ഉണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഇത് എന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്, സച്ചിദാനന്ദന്റെ കുറിപ്പ് വായിക്കാം...

'ഇന്നലെ രാത്രിയാണ് എനിക്ക് ഫേസ്ബുക്ക് വിലക്ക് വന്നത്. അമിത് ഷായെയും കേരളത്തിലെ ബിജെപിയുടെ പരാജയത്തെയും കറിച്ചുള്ള നർമ്മം കലർന്ന ഒരു വീഡിയോയും മോഡിയെ ക്കുറിച്ച് ' കണ്ടവരുണ്ടോ' എന്ന ഒരു നർമ്മരസത്തിലുള്ള പരസ്യവും -രണ്ടും എനിക്ക് വാട്സപ്പിൽ അയച്ചു കിട്ടിയതാണ്- പോസ്റ്റു ചെയ്തപ്പോഴാണു് ഇതുണ്ടായത്. ഏപ്രിൽ 21-ന് ഒരു താക്കീത് കിട്ടിയിരുന്നു- അത് ഒരു ഫലിതം നിറഞ്ഞ കമൻ്റിനായിരുന്നു. അതിനും മുമ്പും പല കമൻറുകളും അപ്രത്യക്ഷമാകാറുണ്ട്.
താക്കീത് നേരിട്ട് ഫേസ് ബുക്കിൽ നിന്നാണ് വന്നത്. അടുത്ത കുറി റെസ്ട്രെയ്ൻ ചെയ്യുമെന്ന് അതിൽ തന്നെ പറഞ്ഞിരുന്നു. മെയ് 7ൻ്റെ അറിയിപ്പിൽ പറഞ്ഞത് 24 മണിക്കൂർ ഞാൻ പോസ്റ്റ്ചെയ്യുന്നതും കമൻ്റ് ചെയ്യുന്നതും ലൈക് ചെയ്യുന്നതുമെല്ലാം 24 മണിക്കൂർ നേരത്തെയ്ക്ക് വിലക്കിയിരിക്കുന്നു എന്നും 30 ദിവസം ഫേസ് ബുക്കിൽ ലൈവ് ആയി പ്രത്യക്ഷപ്പെടരുതെന്നുമാണ്. അവരുടെ കമ്യൂണിറ്റി സ്റ്റാർഡേർഡ്സ് ലംഘിച്ചു എന്നാണ് പരാതി. ഇന്ന് പാതിരാത്രിക്ക് വിലക്കു തീരും. ഇനി ഇടയ്ക്കിടയ്ക്ക് ഇതു പ്രതീക്ഷിക്കാമെന്നു തോന്നുന്നു.
ഇങ്ങിനെ വിമർശനങ്ങളെ അടിച്ചമർത്തുന്നതിനെതിരെ Lancet-ൽ വന്ന ഒരു ലേഖനം പോസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ 'You are trying to post something other people on Facebook have found abusive' എന്ന മെസ്സേജ് ഇപ്പോൾ ഫേസ് ബുക്കിൽ നിന്നു കിട്ടി. ഇതിന്നർത്ഥം ഒരു നിരീക്ഷക സംഘം എന്നെപ്പോലുള്ള വിമർശകർക്കു പിറകേ ഉണ്ടെന്നാണ്.'












Click it and Unblock the Notifications