റോബിൻ ബസ്സിനെ തിരിച്ചുനൽകണം; ബസ് തിരിച്ചുകിട്ടാൻ പുതിയ നീക്കവുമായി ഉടമ
പത്തനംതിട്ട: പിടിച്ചെടുത്ത ബസ് തിരിച്ചുകിട്ടണം എന്ന് ആവശ്യപ്പെട്ട് റോബിൻ ബസ് ഉടമ ഇന്ന് കത്ത് നൽകും. ഗാന്ധിപുരം ആർ ടി ഓഫീസിൽ എത്തിയാണ് കത്ത് നൽകുക. ഓഫീസ് അവധി ആയതിനാൽ മോട്ടോർ വെഹിക്കിൾ ഡയറക്ടർ എത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് തമിഴ്നാട് ആർ ടി ഒ നേരത്തെ അറയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ബസ്സുടമ കത്ത് നൽകുന്നത്. ബസിലെ യാത്രക്കാരെ ഇന്നലെ രാത്രിയോടെ തന്നെ നാട്ടിലേക്ക് എത്തിച്ചിരുന്നു. വാളയാർ അതിർത്തി വരെ തമിഴ്നാട് ആർ ടി സി ബസ്സിലും ഇതിന് ശേഷം റോബിൻ ബസ് ഉടമയും വാഹനം ഏർപ്പാട് ചെയ്തിരുന്നു. ഈ വാഹനത്തിലാണ് യാത്രക്കാരെ പത്തനംതിട്ടയിലെത്തിച്ചത്.

22 ന് ചൊവ്വാഴ്ച റോബിൻ ബസ് പെർമിറ്റ് സംബന്ധിച്ച് വിധി വരാനിരിക്കെ കേരള സർക്കാർ ഒത്താശയോടെ നടത്തുന്ന നാടകമാണ് ഇതെന്ന് റോബിൻ ബസ് ഉടമ പറഞ്ഞു. നിലവിൽ ആർ ടി ഒ കസ്റ്റഡിയിലെടുത്ത ബസ് മൂന്ന് ദിവസത്തിനകം വിട്ടുതരാം എന്നാൽ കേരളത്തിൽ നിന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബസ് പിടിച്ചെടുത്തതെന്നും ഗിരീഷ് പറഞ്ഞു.
രണ്ടാം ദിവസം സർവീസ് നടത്തിയ റോബിൻ ബസ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് പിടികൂടിയത്. തൊടുപുഴയ്ക്ക് സമീപം വെച്ച് കേരള എം വി ഡി ഉദ്യോഗസ്ഥർ തടഞ്ഞ് പരിശോധിച്ചു. 7500 രൂപ പിഴയിട്ടിരുന്നു. പിന്നീട് ഒരിടത്തും പരിശോധന ഉണ്ടായില്ല. എന്നാൽ വാളയാറും കടന്ന് ഉച്ചയോടെ കോയമ്പത്തൂരിൽ എത്തേണ്ട ബസ് യാത്രക്കാരെ ഉൾപ്പെടെ മോട്ടോർ വാഹന വകുപ്പിന്റെ ഗാന്ധിപുരം സെൻട്രൽ ഓഫീസിലേക്ക് മാറ്റുകയായിരുന്നു.
റോബിൻ ബസിന് ബദലായി കെ എസ് ആർ ടി സി പ്രത്യേക കോയമ്പത്തൂർ സർവീസ് ആരംഭിച്ചിരുന്നു. 5 മണിക്കാണ് റോബിൻ ബസ് പുറപ്പെടുന്നതെങ്കിൽ അരമണിക്കൂർ നേരത്തെ 4. 30 നാണ് കെ എസ് ആർ ടി സി ലോ ഫ്ലോർ പുറപ്പെടുന്നത്.
ആദ്യം യാത്രക്കാരില്ലാതെ കാലിയായിട്ടാണ് ബസ് പത്തനംതിട്ടയിൽ നിന്ന് സർവ്വീസ് ആരംഭിച്ചതെങ്കിലും പിന്നീട് ബസിൽ യാത്രക്കാരെത്തി. രാവിലെ 4:30ന് പുറപ്പെട്ട് റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശൂർ, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്നത്. 11.30 ന് ബസ് കോയമ്പത്തൂരിലെത്തി.












Click it and Unblock the Notifications