വല്‍സന്‍ തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍; ആര്‍എസ്എസ് നേതാവിനെതിരെ ഹര്‍ജി
കൊച്ചി: ശബരിമല കേസുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നേതാവിനെതിര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കണ്ണൂരിലെ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിക്ക് തലശേരി സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ശബരിമലയില്‍ 52കാരിയെ തടഞ്ഞതുമായി ബന്ധപ്പെട്ട കേസിലാണ് സര്‍ക്കാര്‍ നീക്കം.

ശബരിമലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് വല്‍സന്‍ തില്ലങ്കേരിക്കെതിരെ മൂഴിയാര്‍ പോലീസാണ് കേസെടുത്തിരുന്നത്. ഉടനെ വല്‍സന്‍ തില്ലങ്കേരി മുന്‍കൂര്‍ ജാമ്യം തേടി സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യം ലഭിക്കുകയും ചെയ്തു.
എന്നാല്‍ കേസിന്റെ വസ്തുതകള്‍ പരിശോധിക്കുന്നതില്‍ സെഷന്‍സ് കോടതിക്ക് തെറ്റ് പറ്റിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കേസിന്റെ സാഹചര്യങ്ങള്‍ വ്യക്തമായി മനസിലാക്കാതെയാണ് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ ചിലരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സമരത്തിന് നേതൃത്വം നല്‍കിയെന്ന് കരുതുന്ന വല്‍സനെ ചോദ്യം ചെയ്യാന്‍ പോലും സാധിച്ചിട്ടില്ല.
വല്‍സന്‍ തില്ലങ്കേരിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം. മറ്റു പ്രതികളെ കണ്ടെത്താന്‍ ഇത് അനിവാര്യമാണ്. സംഭവത്തില്‍ നടന്ന ഗൂഢാലോചനയും പുറത്തുകൊണ്ടുവരണം. ഇതിന് വല്‍സന്‍ തില്ലങ്കേരിയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചിട്ടുള്ളത്.












Click it and Unblock the Notifications