ശബരിമല യുവതീപ്രവേശന കേസ് വീണ്ടും; തിങ്കളാഴ്ച ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി
ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന കേസ് വീണ്ടും തുറക്കാന്‍ സുപ്രീംകോടതി. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കാനായി കോടതി ലിസ്റ്റ് ചെയ്തു. റിവ്യൂ ഹര്‍ജികള്‍ ഉള്‍പ്പടെ പരിഗണിക്കും എന്നാണ് വിവരം. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീകോടതിയുടെ 2018 ലെ വിധി പുനഃപരിശോധിക്കണം എന്നാണ് ഹര്‍ജികളിലെ ആവശ്യം.
2019-ലായിരുന്നു യുവതിപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം അവസാനമായി സുപ്രീംകോടതി പരിഗണിച്ചത്. പിന്നീട് കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കേസ് മാറ്റി വെക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തിങ്കളാഴ്ച ഹര്‍ജികള്‍ പരിഗണിക്കും. 2019-ല്‍ കേസ് ഒമ്പതംഗ ബെഞ്ച് പരിഗണിച്ചപ്പോള്‍ ഉണ്ടായിരുന്ന ജഡ്ജിമാരില്‍ അവശേഷിക്കുന്ന ഏകയാളാണ് ഇന്നത്തെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.

ഹര്‍ജികള്‍ പരിഗണിക്കാന്‍ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിലും ഒമ്പതംഗ ബെഞ്ചില്‍ കേസിന്റെ വാദം എന്നു മുതല്‍ തുടങ്ങുമെന്നതിലും തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും എന്നാണ് വിവരം. ശബരിമലയിലെ മതാചാരങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ഹര്‍ജികളും തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്. ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണം എന്നായിരുന്നു സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് 2018 ല്‍ വിധിച്ചത്.
ആര്‍ത്തവം കാരണമാക്കിയുള്ള വിലക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയുടെ ലംഘനമാണെന്നും ശബരിമല അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമായി പരിഗണിക്കാനാവില്ലെന്നും സുപ്രീം കോടതി വിധിച്ചു. ഭൂരിപക്ഷ വിധിയായിരുന്നു സുപ്രീംകോടതി അന്ന് പുറപ്പെടുവിച്ചത്. ഭരണഘടനാ ബെഞ്ചിലെ അഞ്ചില്‍ നാല് പേരും ശബരിമലയിലെ യുവതി പ്രവേശനത്തെ അനുകൂലിച്ചു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ ആര്‍ എഫ് നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരാണ് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനമാകാം എന്ന് വിധിച്ചത്. എന്നാല്‍ വിധിയില്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചെയ്തത്. മതവിശ്വാസത്തില്‍ കോടതി ഇടപെട്ട് തീര്‍പ്പ് കല്‍പിക്കരുതെന്നും വിശ്വാസത്തെ ഭരണഘടനാപരമായ യുക്തി കൊണ്ട് അളക്കരുതെന്നുമായിരുന്നു ഇന്ദു മല്‍ഹോത്രയുടെ നിലപാട്.
ശബരിമലയിലെ യുവതിപ്രവേശന വിധിയെ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ആദ്യം സ്വാഗതം ചെയ്തിരുന്നു. ആര്‍എസ്എസ്, ബിജെപി, കോണ്‍ഗ്രസ് എന്നീ കക്ഷികളെല്ലാം തന്നെ വിധി വന്നയുടനെ സ്വാഗതം ചെയ്തു. എന്നാല്‍ പിന്നീട് ഈ കക്ഷികളെല്ലാം നിലപാടില്‍ നിന്ന് പിന്നോട്ട് പോയി. ഭക്തരുടെ വിശ്വാസം സംരക്ഷിക്കണം എന്നും ആചാരങ്ങള്‍ പാലിക്കണം എന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം സംഘര്‍ഷമുണ്ടായി.
എന്നാല്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാടില്‍ ഉറച്ചിനില്‍ക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ചെയ്തത്. സര്‍ക്കാരിനെതിരായ വലിയ ആയുധമായി ഇത് സ്വീകരിക്കാം എന്ന് പ്രതിപക്ഷവും ബിജെപിയും കരുതിയതോടെ പലയിടത്തും വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറി. എന്നാല്‍ നവോത്ഥാന സംഗമവും വനിതാ മതിലും അടക്കമുള്ള പരിപാടികളോടെ സര്‍ക്കാരും സിപിഎമ്മും ഇതിനെ പ്രതിരോധിച്ചു.
പിന്നാലെ നടന്ന 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കനത്ത പരാജയം നേരിട്ടെങ്കിലും 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിലും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് ശക്തമായി തിരിച്ചുവരികയും തുടര്‍ഭരണം നേടുകയുമായിരുന്നു. സംസ്ഥാനം മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിന് അടുത്തിരിക്കെയാണ് ശബരിമല വിഷയം വീണ്ടും കോടതിയിലെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications