സജി ചെറിയാന്റെ വകുപ്പുകള്‍ വിഭജിച്ചു; റിയാസിന് യുവജനകാര്യം; വാസവന് സിനിമ , സാംസ്‍കാരികം
തിരുവനന്തപുരം : ഇന്ത്യൻ ഭരണഘടനക്കെതിരെ വിവാദ പരാമർശം നടത്തി മന്ത്രി സ്ഥാനം രാജിവച്ച സജി ചെറിയാന്റെ വകുപ്പുകൾ വിഭജിച്ചു. വകുപ്പ് കൈമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിക്കുകയായിരുന്നു.
പി എ മുഹമ്മദ് റിയാസ്, വി എന്‍ വാസവന്‍, വി അബ്ദുറഹ്മാന്‍ എന്നീ മന്ത്രിമാർക്ക് ആണ് സജി ചെറിയാന്റെ വകുപ്പുകൾ വിഭജിച്ച് നൽകിയത്. ഇതിൽ പി എ മുഹമ്മദ് റിയാസ് യുവജനകാര്യം, വി എന്‍ വാസവന് സിനിമ, സാംസ്‍കാരിക വകുപ്പുകള്‍, വി അബ്ദുറഹ്മാന് ഫിഷറീസ് വകുപ്പ് എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്.

3 ദിവസങ്ങൾക്ക് മുമ്പാണ് സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവച്ച് പുറത്ത് പോയത്. നിലവിൽ എം എൽ എ സ്ഥാനം ഇദ്ദേഹം രാജി വെച്ചിട്ടില്ല. സജി ചെറിയാൻ നടത്തിയ പ്രസ്താവന ഭരണഘടനാ നിന്ദ ആണെന്നും സി പി എം നയത്തിന് വിരുദ്ധം ആണെന്നും നിരീക്ഷിച്ചതിന് പിന്നാലെയാണ് പാർട്ടി രാജി ആവശ്യപ്പെട്ടത്.
സജി ചെറിയാൻ നടത്തിയ വിവാദ പരമാർശം ഇങ്ങനെ :-
' മനോഹരമായ ഭരണഘടന ആണ് ഇന്ത്യയില്‍ എഴുതി വെച്ചിരിക്കുന്നത് . അങ്ങനെ നമ്മള്‍ എല്ലാവരും പറയും. രാജ്യത്തിന്റെ തന്നെ ഏറ്റവും പ്രധാനപ്പെട്ടത്. എന്നാൽ, ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത് .
ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ ചേർന്ന് എഴുതി വച്ചു. ഈ രാജ്യത്ത് അത് 75 വര്‍ഷമായി നടപ്പാക്കുന്നു. അതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും '..
ഇത്തരത്തിൽ ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരെ പ്രതികരിച്ച സജി ചെറിയാൻ രാജി വെയ്ക്കണം എന്നായിരുന്നു പ്രതിപക്ഷം അടക്കം വ്യക്തമാക്കിയത്. അതേസമയം, വിവാദ പരാമർശം നടത്തി രാജിവച്ച സജി ചെറിയാനെതിരെ ഇന്നലെ എഫ് ഐ ആർ പുറത്തു വന്നിരുന്നു. ഇന്ത്യൻ ഭരണഘടനയെ സജി ചെറിയാൻ അവഹേളിച്ചതായി എഫ് ഐ ആറിൽ വ്യക്തമാക്കുന്നു.
വെറുമൊരു യാത്രയല്ല, ഈ സ്ഥലങ്ങള്‍ നിങ്ങളെ വേറെ ലെവലിലെത്തിക്കും
പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് സെക്ഷൻ 2 പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്.മൂന്നുവർഷം വരെ തടവ് കിട്ടിയേക്കാവുന്ന കുറ്റമാണ് സജി ചെറിയാനെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications