നിര്‍മ്മാതാക്കളുടെ സംഘടനയില്‍ പോര് കടുപ്പിക്കാന്‍ സാന്ദ്ര തോമസ്; പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കും
കൊച്ചി: നിര്‍മ്മാതാക്കളുടെ സംഘടനയില്‍ പരസ്യ പോരിന് ഒരുങ്ങി നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. ഫിലിം പ്രൊഡ്യൂസര്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് സാന്ദ്ര തോമസ് പറഞ്ഞു. അതിനായി ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും.
താരങ്ങളുടെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നവരല്ല സംഘടനയെ നയിക്കേണ്ടതെന്നും താന്‍ പ്രസിഡന്റായാല്‍ സംഘടനയില്‍ ഗുണപരമായ മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര മാധ്യമങ്ങളോട് പ്രതികരിച്ചു. അടുത്ത കാലത്തായി സാന്ദ്ര ഉയര്‍ത്തുന്ന ശക്തമായ ആരോപണങ്ങള്‍ സിനിമാ സംഘടനകള്‍ക്കുള്ളില്‍ വലിയ അതൃപ്തിക്കു കാരണമായിരുന്നു. നിര്‍മാതാക്കളുടെ സംഘടനയിലെ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചതിന്റെ പേരില്‍ സാന്ദ്രയ്‌ക്കെതിരേ കടുത്ത നടപടികള്‍ കൈക്കൊണ്ടിരുന്നു.

ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയ്ക്ക് ചീത്തപ്പേര് ഉണ്ടാക്കിയെന്ന് ആരോപിച്ച് സംഘടനയില്‍ നിന്ന് സാന്ദ്രയെ പുറത്താക്കി. ഇതിനെതിരെ സാന്ദ്ര തോമസ് കോടതിയെ സമീപിക്കുകയും പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്യുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് പോര് കടുപ്പിച്ച് സാന്ദ്ര പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നത്.
സിനിമകളുടെ ലാഭനഷ്ട കണക്കുകള്‍ പുറത്തുവിട്ടുള്ള സംഘടനയുടെ നീക്കം പരാജയമായിരുന്നുവെന്നും സാന്ദ്ര വിമര്‍ശിച്ചു.
സാന്ദ്രയുടെ വാക്കുകള്‍: നിര്‍മ്മാതാക്കളുടെ സംഘടന എന്നു പറയുന്നത് പതിറ്റാണ്ടുകളായിട്ട് കുറച്ചുപേരുടെ കുത്തകയായിരിക്കുന്ന സംഘടനയാണ്. അതിനൊരു മാറ്റം വരണം. കുറച്ചുപേര്‍ സംഘടനയെ അവരുടെ വ്യക്തിപരമായ ലാഭത്തിനായി ഉപയോഗിക്കുമ്പോള്‍ മറ്റു നിര്‍മ്മാതാക്കള്‍ക്ക് അതുകൊണ്ട് ഗുണം ഉണ്ടാകുന്നില്ല. ഇത് പരോക്ഷമായി സിനിമ മേഖലയിലെ മുഴുവന്‍ ബാധിക്കുന്നു. കഴിഞ്ഞ കുറച്ചു നാളുകളായിട്ട് സിനിമയുടെ ലാഭനഷ്ട കണക്കുകള്‍ പുറത്തുവിട്ടു. ഇതില്‍ ആര്‍ക്കും ഗുണം ഉണ്ടായില്ല. അതൊരു വമ്പന്‍ പരാജയം ആയിരുന്നു. അവസാനം അവര്‍ക്കത് നിര്‍ത്തേണ്ടിവന്നു.
നിര്‍മ്മാതാക്കളുടെ സംഘടന എന്നു പറയുന്നത് ഏറ്റവും പവര്‍ഫുള്‍ ആയ അസോസിയേഷനാണ് താരങ്ങളുടെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുകയും അവരുടെ പുറകെ ഡേറ്റിനു വേണ്ടി നടക്കുകയും ചെയ്യേണ്ടവരല്ല നിര്‍മ്മാതാക്കള്‍. ഈ അസോസിയേഷന് ഇല്ലാതാക്കിയത് ഇതുപോലുള്ള നേതാക്കന്മാരാണ്.
നിര്‍മ്മാതാക്കളുടെ സംഘടന വര്‍ഷങ്ങളായി കുറേപേര്‍ കുത്തകയായി കയ്യടക്കി വെച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിന്റെ സമയത്ത് മാത്രം എല്ലാവരെയും വിളിക്കുന്ന ഒരു സംഘടനയാണിത്. ഞാന്‍ വന്നാല്‍ ഗുണകരമായ മാറ്റം ഉണ്ടാകും. സ്വന്തം കാര്യത്തിന് മാത്രം നിന്നിട്ടുള്ളതല്ലാതെ വേണ്ടി ഈ നേതാക്കന്മാരാരും മറ്റു നിര്‍മാതാക്കള്‍ക്ക് വേണ്ടിയോ സിനിമ ഇന്‍ഡസ്ട്രിക്ക് വേണ്ടിയോ പ്രവര്‍ത്തിച്ചിട്ടില്ല.
സാന്ദ്ര തോമസ് മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചതായി ചൂണ്ടിക്കാട്ടി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നേരത്തെ മാനനഷ്ട കേസ് നല്‍കിയിരുന്നു. രണ്ടു കോടി രൂപ ആവശ്യപ്പെട്ടാണ് കേസ് നല്‍കിയത്. തമിഴ്‌നാട്ടിലെ വട്ടിപരിശക്കാരില്‍ നിന്ന് പണമെടുത്ത് മലയാളത്തിലെ നിര്‍മാതാക്കള്‍ക്ക് നല്‍കി ലിസ്റ്റില്‍ സിനിമയെ നശിപ്പിക്കുന്നുവെന്നായിരുന്നു സാന്ദ്രയുടെ ആരോപണം. ഇത് ഉള്‍പ്പെടെ നിര്‍മാതാക്കളുടെ സംഘടനയിലെ നിരവധി പേരുമായി സാന്ദ്ര കടുത്ത ഭിന്നതയിലാണ്. ഇതുകൂടാതെ പണം കൊടുത്താണ് തിയറ്ററില്‍ ആളെ കയറ്റുന്നത് എന്നുമുള്ള സാന്ദ്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ച് സാന്ദ്ര സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ അടക്കമുള്ള പ്രമുഖര്‍ക്കെതിരെയും പരാതി നല്‍കിയിരുന്നു.












Click it and Unblock the Notifications